‘വാഹനത്തെ സ്നേഹിക്കണം, കുട്ടിയെ പോലെ കാണണം എന്ന വാക്കിന് ഒരായിരം നന്ദി മമ്മൂക്ക, ചങ്കാണ് ഈ എറ്റിയോസ്’

Mail This Article
‘നമ്മുടെ വാഹനത്തെ നമ്മൾ സ്നേഹിക്കണം നമ്മുടെ കുട്ടിയെ പോലെ കാണണം, അതിനും ജീവനുണ്ട്, അതും നമ്മളെ തിരിച്ചു സ്നേഹിക്കും ഒരിക്കലും കൈ വിടാതെ കൂടെ നിൽക്കും’. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂട്ടുകാരനെപ്പോലെ കണ്ട് സ്േനഹിച്ചു തുടങ്ങിയ എറ്റിയോസിന് നന്ദി പറഞ്ഞു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരിക്കുകയാണ് യാത്രികനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ആർജെയുമായ ശബരി വർക്കല. എട്ടുവർഷമായി കൂടെയുള്ള കാറിനോടുള്ള നന്ദി ജീവനുള്ളടത്തോളം കാലം തീരില്ലെന്നുമാണ് ശബരി പറയുന്നത്.
കുറുപ്പിന്റെ പൂർണ്ണരൂപം വായിക്കാം..
ഒരു മനുഷ്യന് ഇങ്ങനെ ഒരു വാഹനത്തെ സ്നേഹിക്കാൻ കഴിയുമോ എന്ന് ചോദിക്കാം, അതിനുള്ള ഉത്തരങ്ങൾ ആണ് ഈ ചിത്രങ്ങൾ, യാത്രകളിൽ എന്നും എന്റെ കൂട്ടുകാരൻ, ഇതിൽ ഒരു തവണ എങ്കിലും യാത്ര ചെയ്തിട്ടുള്ള ഒരാൾക്കും ഇവനെ മറക്കാൻ കഴിയില്ല, കൂരാ കൂരിരുട്ടിലും ഏതു ഘോര വനത്തിലും ധൈര്യം തന്നു കൈ വിടാതെ കൂടെ നിൽക്കുന്ന ചങ്ങാതി. പല കാടുകളിലും പെട്ടുപോകും എന്ന് ഉറപ്പിക്കുമ്പോൾ ഏന്തിയും വലിഞ്ഞും കയറി ഭദ്രമായി ഞങ്ങളെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും.
ജീപ്പ് പോകുന്ന വഴികളിൽ പോലും പെട്ട് യാത്ര അവസാനിപ്പിച്ച് മടങ്ങാം എന്നും ചങ്ങാതിമാർ പറയുമ്പോൾ ഇവൻ ഒരു അവസാന ശ്രമം നടത്തും അതിൽ വിജയം കണ്ടെത്തുകയും ചെയ്യും എപ്പോഴൊക്കെയോ ഇവനെ ഉപേക്ഷിക്കണമെന്നു മനസിൽ തോന്നിയപ്പോൾ അടുത്ത യാത്രയിൽ 27 കി മി മൈലേജ് നൽകി അദ്‌ഭുതപെടുത്തി. നീണ്ട ഒരു യാത്രയിൽ പെട്രോൾ പമ്പുകൾ ഇല്ലാതെ തീരെ ഇന്ധനമില്ലാതെ ഓടി ഞങ്ങൾ പെടും എന്ന് അവസ്ഥയിലും കൈവിട്ടില്ല, കിതച്ചു കിതച്ചു എങ്ങയെങ്കിലും പെട്രോൾ ബാങ്കിന്റെ 50 മീറ്റർ അരികിൽ വരെ എത്തിച്ചപ്പോൾ അവന് മനസും ജീവനും ഉണ്ടോ എന്നുവരെ തോന്നിപോയി.
ഒരിക്കൽ നാലു മൊട്ട ടയറുമായി അറിയാതെ ഒരു യാത്രയിൽ ചെന്ന് പെട്ടത് കൊടുംകാട്ടിൽ, ജീപ്പ് പോകുന്ന കല്ലും മുള്ളും നിറഞ്ഞ ഓഫ് റോഡ് പാതയിൽ ഏകദേശം 7 കി.മീ സഞ്ചരിച്ചാൽ മാത്രമേ പുറത്തേയ്ക്കു എത്തുകയുള്ളൂ, കൂടെ ആണെങ്കിൽ അമ്മയും ഭാര്യയും. ഭയം സ്വയമേ ഉള്ളിൽ സൂക്ഷിക്കുന്നവൻ അല്ലെങ്കിലും ആ നിമിഷം ഭയം എന്നെ കീഴ്പെടുത്തിയിരുന്നു. ആ സന്ദർഭത്തിലും കൈ വിട്ടില്ല, കാടിനു പുറത്തു ഇറങ്ങി ആദ്യം കണ്ട ടയർ കടയിൽ തന്നെ നാലു ടയറും മാറ്റാൻ തീരുമാനിച്ചു. പക്ഷേ അവിടെയും എന്നെ തോൽപ്പിച്ചു കളഞ്ഞു, കാട്ടിനുള്ളിൽ നിന്നും ഒരു വലിയ മുള്ളു അവനെ വേണ്ടുവോളം വേദനിപ്പിച്ചിരുന്നു ആ മുള്ളും കൊണ്ടാണ് ഇത്രയും ദൂരം ഓടി കാടിറങ്ങി ഞങ്ങളെ രക്ഷിച്ചത്.
ജീവനുള്ളിടത്തോളം കാലം തീരില്ല നിന്നോടുള്ള കടപ്പാട്. എല്ലാവിധ സർവീസും നൽകി കൂടെ നിൽക്കുന്ന ടൊയോട്ടയുടെ ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഒപ്പം പണ്ടപ്പൊഴോ നമ്മുടെ മെഗാ സ്റ്റാർ മമ്മൂട്ടി ഞങ്ങടെ സ്റ്റുഡിയോൽ വന്ന അസ്സോസിയേറ്റ് ഡയറക്ടറിനോട് പറഞ്ഞതാണ് എന്റെ മനസിൽ എന്നും. അന്ന് അദ്ദേഹം ഏതോ ഒരു പുതിയ കാർ വാങ്ങിയ സമയം ആയിരുന്നു. പുള്ളി പറഞ്ഞ ഡയലോഗ് , "നമ്മുടെ വാഹനത്തെ നമ്മൾ സ്നേഹിക്കണം നമ്മുടെ കുട്ടിയെ പോലെ കാണണം, അതിനും ജീവനുണ്ട്, അതും നമ്മളെ തിരിച്ചു സ്നേഹിക്കും ഒരിക്കലും കൈ വിടാതെ കൂടെ നിൽക്കും". പിൽക്കാലത്തു അങ്കിൾ എന്ന സിനിമയിലൂടെ അദ്ദേഹം ആ ഡയലോഗുകൾ ആവർത്തിച്ചിട്ടുണ്ട്. അന്ന് മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ വാക്കുകൾ ആകാം എന്നെയും ഇവനെ സ്നേഹിക്കാൻ പഠിപ്പിച്ചത്. ഒരായിരം നന്ദി മമ്മൂക്ക...
English Summary: Sabari Varkala About His Etios Liva