റോയൽ എൻഫീൽഡിന്റെ ‘മിന്നൽപിണർ’ ഈ മീറ്റിയോർ 350, വിപണിയിൽ ഉടൻ

Mail This Article
സമൂഹമാധ്യമങ്ങളിൽ തരംഗമായി മുന്നേറുകയാണ് റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് മീറ്റിയോർ 350. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിട്ടുണ്ട്. തണ്ടർബേർഡ് 350 എക്സിന്റെ പകരക്കാരനായിരിക്കും മീറ്റിയോർ എന്നാണ് സൂചനകൾ. രൂപത്തില്‍ തണ്ടർബേർഡ് 350എക്സിനോട് സാമ്യം തോന്നുന്ന ബൈക്ക് ജെ 10 പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.

യുവാക്കളെ ആകർഷിക്കുന്നതിനായി കൂടുതൽ സ്പോർട്ടിയായ ഡിസൈനാണ് മീറ്റിയോറിന്. പുതിയ ബിഎസ് 6 നിലവാരത്തിലുള്ള 350 സിസി എൻജിൻ. കിക് സ്റ്റാർട്ടില്ല എന്നതാണ് പ്രധാന മാറ്റം. ക്ലാസിക്ക് രൂപഗുണവും മോഡേൺ ലുക്കും ഒരുപോലെ ചേർത്താണ് ബൈക്കിന്റെ ഡിസൈന്‍. ഉരുണ്ട ഹെഡ്‍ലാംപ്, എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, പുതിയ രുപത്തിലുള്ള ടെയിൽ ലാംപ് എന്നിവ മീറ്റിയോറിലുണ്ട്. തണ്ടർബേർഡ് 350 എക്സിനെപ്പോലെ സ്പ്ലിറ്റ് സീറ്റാണ്.
ക്രൂസർ ബൈക്കിന് ചേർന്ന രീതിയിലാണ് മീറ്റിയോറിന്റെ ഡിസൈൻ. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറും കൂടാതെ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ടാകും. യുഎസ്ബി ചാർജർ, റിയല്‍ ടൈം മൈലേജ് തുടങ്ങിയ സൗകര്യങ്ങളുള്ള മീറ്റർ കൺസോളായിരിക്കും വാഹനത്തിന്. 350 സിസി എൻജിനുമായി എത്തുന്ന ബൈക്കിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
English Summary: Royal Enfield Meteor 350