മോഡൽ ടി മുതൽ മാക് ഇ വരെ, 90 വർഷമായി ഫോഡ് വളയം പിടിക്കുന്ന മുത്തച്ഛൻ
Mail This Article
101 വയസുവരെ ജീവിച്ചിരിക്കുകയെന്നത് ഭാഗ്യമാണ്. 101-ാം വയസിലും ഡ്രൈവിങ് ആസ്വദിക്കാനാവുകയെന്നത് അതിലും വലിയ ഭാഗ്യം. കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടുകളായി ഡ്രൈവിങ് ആസ്വദിക്കുന്ന അപൂര്‍വ ഭാഗ്യവാനാണ് ഹറോള്‍ഡ് ബഗോട്ട്. ആജീവനാന്ത ഫോഡ് പ്രേമിയായ ബഗോട്ടിനെ പുതിയ മോഡല്‍ വൈദ്യുതി വാഹനമായ മാക് ഇ ഓടിക്കാന്‍ ഫോഡ് ക്ഷണിച്ചു. കൂട്ടത്തില്‍ ഒരു സര്‍പ്രൈസും ഫോഡ് ബഗോട്ടിനായി ഒരുക്കിവച്ചിരുന്നു.
പത്താം വയസിൽ വളയം പിടിച്ചു
1920ല്‍ ഇംഗ്ലണ്ടിലെ എസെക്‌സിലാണ് ഹറോള്‍ഡ് ബഗോട്ടിന്റെ ജനനം. പാല്‍ വില്‍പനക്കാരനായിരുന്ന പിതാവിന്റെ വാഹനമായ ഫോഡിന്റെ മോഡല്‍ ടിയായിരുന്നു ആദ്യം ബഗോട്ട് ഓടിച്ചത്. വെറും പത്തു വയസുള്ളപ്പോഴായിരുന്ന ബഗോട്ട് ആദ്യ ഫോഡ് വാഹനത്തിന്റെ വളയം പിടിക്കുന്നത്. പതിനാറാം വയസില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി.
20ലേറെ ഫോഡ് വാഹനങ്ങള്‍
ബഗോട്ട് 1937ല്‍ ഫോഡ് 8 പോപ്പുലർ സ്വന്തമാക്കി. അന്നത്തെ 100 പൗണ്ടിനായിരുന്നു ആദ്യ വാഹനം വാങ്ങിയത്. തൊട്ടടുത്ത വര്‍ഷം ആംഗ്ലിയ വാങ്ങി. ബഗോട്ടും അദ്ദേഹത്തിന്റെ കുടുംബവും ഇതുവരെ 20ലേറെ ഫോഡ് വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ ട്രാൻസ്പോർട്ട് കമ്പനി ഉടമയായി മാറിയ ബഗോട്ടിന്റെ കമ്പനിയിൽ ഫോഡിന്റെ 140 കൊമേഷ്യൽ വാഹനങ്ങളുമുണ്ടായിരുന്നു എന്ന് ഫോഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
'മാക് ഇ' ബ്രാൻഡ് പ്രചാരകൻ
ബ്രിട്ടനിൽ ഫോഡിന്റെ ആദ്യ വൈദ്യുത കാറായ മസ്താങ് മാക് ഇ എത്തിച്ചപ്പോൾ മറ്റൊരു പ്രചാരകനെപ്പറ്റി കമ്പനിക്ക് ചിന്തിക്കേണ്ടി പോലും വന്നുകാണില്ല. ബ്രിട്ടനിലെ മാക് ഇ യുടെ പ്രചാരകനായി കമ്പനി തിരഞ്ഞെടുത്തത് ഹറോള്‍ഡ് ബഗോട്ടിനെയായിരുന്നു. വൈദ്യുതി കാര്‍ മാക് ഇ ഓടിച്ചു നോക്കി അഭിപ്രായം പറയണമെന്ന ആഗ്രഹവുമായെത്തിയ ഫോഡ് അധികൃതരെ ബഗോട്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബഗോട്ടിന്റെ ഹാംഷെയറിലെ വസതിയിലേക്ക് ഫോഡ് അധികൃതര്‍ തന്നെ മാക് ഇ എത്തിച്ചു. കൂട്ടത്തില്‍ ഫോഡിന്റെ ശേഖരത്തില്‍ നിന്നും 1915 മോഡല്‍ ടി കാറും ബഗോട്ടിന് ഓടിക്കുന്നതിനായി കൊണ്ടുവന്നു. അങ്ങനെയാണ് 90 വര്‍ഷം വളയം പിടിച്ച തങ്ങളുടെ അതികായനായ വാഹന പ്രേമിക്ക് ഫോഡ് ആദരം അര്‍പ്പിച്ചത്.
ചെറുമക്കളുടെ മക്കളായ 15കാരനും 13കാരനും ഒപ്പമായിരുന്നു ഹറോള്‍ഡ് ബഗോട്ട് രണ്ട് നൂറ്റാണ്ടുകളിലെ വാഹനങ്ങള്‍ ഓടിച്ചു നോക്കിയത്. 'വാഹനങ്ങളോടുള്ള അടുപ്പം എനിക്ക് പത്താം വയസില്‍ തുടങ്ങിയതാണ്. എനിക്ക് പരിചയമുള്ള വാഹനങ്ങളില്‍ നിന്നും വൈദ്യുതിയിലോടുന്ന വാഹനങ്ങളിലേക്ക് നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മോഡല്‍ ടി വീണ്ടും ഓടിച്ചപ്പോള്‍ പഴയ പലതും ഓര്‍മയിലെത്തി. ഈ വൈദ്യുതി കാറുകളായിരിക്കും ഭാവിയില്‍ എന്റെ പേരക്കുട്ടികളുടെ മക്കളായ ഇവര്‍ ഓടിക്കുമെന്ന് തോന്നുന്നു' എന്നായിരുന്നു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള ഹരോള്‍ഡ് ബഗോട്ടിന്റെ പ്രതികരണം.
English Summary: 90 Years After Ford Model T, 101-Year-Old Man Drives Mustang Mach-E