എംജിയുടെ ചെറു എസ്‍യുവി ആസ്റ്റർ ഈ മാസം 15ന്, പ്രധാന എതിരാളികൾ ക്രേറ്റയും സെൽറ്റോസും
Mail This Article
എംജിയുടെ ചെറു എസ്‍യുവി ആസ്റ്ററിന്റെ ആദ്യ പ്രദർശനം ഈ മാസം 15ന്. ഒക്ടോബറിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി സെഗ്‌മെന്റിലേക്ക് എത്തുന്ന ആദ്യ കാറാണ് എന്നാണ് എംജി അറിയിക്കുന്നത്. വാഹനത്തിൽ നൂതന ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട്. ലെവൽ 2 എഡിഎഎസ് ടെക്കുമായി എത്തുന്ന കാറിൽ ജിയോ സിം ആണ് ഉപയോഗിക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു.
അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന്റെ ഭാഗമായി ഒരു റോബോട്ട് കാറിനുള്ളിൽ ഇടം പിടിക്കുമെന്നാണ് കമ്പനി പറയുന്നത്. യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബോട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മുടെ ആജ്ഞകളോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്ക് ‘തലതിരിക്കുകയും’ ചെയ്യും.
സാധാരണ വോയ്സ് അസിസ്റ്റന്റുകൾ പോലെതന്നെ സ്ത്രീശബ്ദത്തിലാണ് എംജിയുടെ റോബോട്ട് സംസാരിക്കുക. ഇംഗ്ലീഷും ഹിന്ദി കലർന്ന ഇംഗ്ലീഷും (ഹിംഗ്ലിഷ്) മനസ്സിലാകും. 4ജി സിം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ഉപയോഗപ്പെടുത്തുന്നത്. ‘ഹലോ ആസ്റ്റർ’ എന്നു പറഞ്ഞാൽ റോബോട്ട് ആക്ടിവേറ്റഡ് ആകും.
120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളോടെയാണ് പുതിയ വാഹനം എത്തുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് പ്രതീക്ഷ.
English Summary: MG Astor Global Reveal On September 15