ADVERTISEMENT

ഒരൊറ്റ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടിയ ട്രക്കിന്റെ ലോക റെക്കോർഡ് സ്വന്തമാക്കി സ്വിറ്റ്‌സര്‍ലന്റിലെ വൈദ്യുതി ട്രക്ക് നിര്‍മാണ കമ്പനിയായ ഫ്യൂച്ചുറിക്കം. ഡിപിഡിയുമായും കോണ്ടിനെന്റലുമായും സഹകരിച്ചാണ് ഫ്യൂച്ചുറിക്കം ഈ നേട്ടം കൈവരിച്ചത്. റീചാർജ് ചെയ്യാതെ 23 മണിക്കൂറുകൊണ്ട് 1099 കിലോമീറ്ററാണ് ഫ്യൂച്ചുറിക്കത്തിന്റെ വൈദ്യുതി ട്രക്ക് ഓടിയത്.

ജര്‍മനിയിലെ ഹാന്‍കോവറിലുള്ള കോണ്ടിനെന്റലിന്റെ ടെസ്റ്റ് ട്രാക്കില്‍ നടത്തിയ ഈ പരീക്ഷണ ഓട്ടം ഗിന്നസ് റെക്കോർഡ് അധികൃതരും രേഖപ്പെടുത്തിയിട്ടുണ്ട്. ചരക്കു ഗതാഗതമേഖലയില്‍ വൈദ്യുതി ഇന്ധനമായി കാര്യക്ഷമമായി ഓടുന്ന ട്രക്കുകള്‍ ഭാവിയിലല്ല വര്‍ത്തമാനത്തില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്നതിനാണ് ഇങ്ങനെയൊരു പരീക്ഷണയോട്ടം സംഘടിപ്പിച്ചതെന്നാണ് ഫ്യൂച്ചുറിക്കം അധികൃതര്‍ അറിയിക്കുന്നത്.

ഫ്യൂച്ചുറിക്കത്തിന്റെ രണ്ടു ഡ്രൈവര്‍മാരാണ് ഈ ഓട്ടത്തില്‍ ട്രക്കിനെ നിയന്ത്രിച്ചത്. 2.8 കിലോമീറ്റര്‍ വീതമുള്ള 392 ലാപ്പുകളാണ് ഇതിനിടെ ട്രക്ക് മറികടന്നത്. 4.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളിലായി മാറി മാറിയാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചത്. 393-ാമത്തെ ലാപ്പിന്റെ പകുതിയോളമാണ് ട്രക്ക് ഓടിയത്. ഇതിനകം തന്നെ 22:56 മണിക്കൂറും 1099 കിലോമീറ്ററും പിന്നിട്ട് പുതിയ റെക്കോർഡ് ദൂരവും ഇവര്‍ പിന്നിട്ടിരുന്നു.

സ്വിറ്റ്‌സര്‍ലന്റില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഡിപിഡി ഉപയോഗിക്കുന്ന ട്രക്കാണ് ഈ ഓട്ടത്തിനായി തിരഞ്ഞെടുത്തത്. വോള്‍വോ എഫ്എച്ചിന് മുകളില്‍ നിർമിച്ചിട്ടുള്ള 19 ടണ്‍ ഭാരമുള്ള ട്രക്കിനെ വൈദ്യുതിയില്‍ ഓടുന്ന രീതിയിലേക്ക് മാറ്റിയെടുത്തത് ഫ്യൂച്ചുറിക്കമായിരുന്നു. ബിഎംഡബ്ല്യു നിര്‍മിക്കുന്ന 500 കിലോവാട്ട് ശേഷിയുള്ള 680kWh ബാറ്ററിയാണ് ട്രക്കില്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ആറ് മാസമായി ഇത്തരം ട്രക്കുകള്‍ സ്വിറ്റ്‌സര്‍ലന്റില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് ഡിപിഡിയിലെ സ്റ്റാറ്റജി ആന്റ് ഇന്നൊവേഷന്‍ ഡയറക്ടര്‍ പറയുന്നത്. ഒരൊറ്റ ചാര്‍ജില്‍ ശരാശരി 300 കിലോമീറ്റര്‍ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ഭാരവും വഹിച്ച് പോകാന്‍ ഈ ട്രക്കുകള്‍ക്ക് സാധിക്കുന്നുമുണ്ട്. ലോക റെക്കോർഡ് പ്രകടനത്തിൽ ഭാരം വഹിക്കാതെയുള്ള ട്രക്കാണ് ഉപയോഗിച്ചത്. ശരാശരി മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചാരം. സാധാരണ ട്രക്കുകള്‍ സഞ്ചരിക്കുന്നതിലും കുറഞ്ഞതാണെങ്കിലും നഗരത്തിലും പുറത്തുമുള്ള റോഡുകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ വേഗം തിരഞ്ഞെടുത്തത്.

മെയ് ഒന്ന് മുതല്‍ ജൂലൈ 31 വരെ ഇത്തരം വൈദ്യുതിയിലോടുന്ന ട്രക്കുകളുടെ യാത്രാവിവരങ്ങള്‍ elecrive.com എന്ന് വെബ് സൈറ്റ് ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരം 12,820 kWh ഊര്‍ജം ഉപയോഗിച്ച് 12,003 കിലോമീറ്ററാണ് വൈദ്യുതി ട്രക്കുകള്‍ മറികടന്നത്. ഓരോ 100 കിലോമീറ്റര്‍ ഓടുന്നതിനും 106.8 kWh ഊർജം ഉപയോഗിച്ചു. കയറ്റിറക്കങ്ങളും വാഹനതിരക്കും നിറഞ്ഞ പ്രായോഗിക സാഹചര്യത്തില്‍ ഒറ്റ ചാര്‍ജില്‍ ഏതാണ്ട് 541 കിലോമീറ്ററാണ് ഫ്യൂച്ചുറിക്കം ട്രക്കുകള്‍ക്ക് സഞ്ചരിക്കാനായതെന്നും ഇലക്ട്രൈവ് ഡോട്ട് കോം പറയുന്നു.

ട്രാക്കിലെ സാഹചര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമായിരുന്നെങ്കില്‍ ദൂരം ഇനിയും വര്‍ധിക്കുമായിരുന്നുവെന്നാണ് വിദഗ്ധർ കരുതുന്നത്. അന്തരീക്ഷ താപനില 14 ഡിഗ്രിയും ട്രാക്കിലെ ഊഷ്മാവ് 23 ഡിഗ്രിയുമായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റും ട്രക്കിന്റെ സഞ്ചാരത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചു. 25 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയും 50 ഡിഗ്രി റോഡിലെ ഊഷ്മാവുമായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ ദൂരം മറികടക്കാന്‍ ട്രക്കിന് സാധിക്കുക. പ്രതിബന്ധങ്ങളുണ്ടായിരുന്നെങ്കിലും ഒരൊറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ മറികടക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഫ്യൂച്ചുറിക്കവും പങ്കാളികളും ദൗത്യം അവസാനിപ്പിച്ചത്.

English Summary: Futuricum Electric Truck Sets New Range Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com