ഇന്ത്യൻ നിർമിത വെർട്യൂസ് മെക്സിക്കോയിൽ; 3000 യൂണിറ്റുകൾ കയറ്റിയയച്ച് ഫോക്സ്വാഗൻ
Mail This Article
ഇന്ത്യൻ നിർമിത വെർട്യൂസ് മെക്സിക്കോയിലും. ഫോക്സ്‍വാഗൻ ഇന്ത്യയുടെ ചക്കൻ നിർമാണ ശാലയിൽ നിർമിച്ച 3000 യൂണിറ്റ് വെർട്യൂസുകളാണ് മുംബൈ പോർട്ടുവഴി കയറ്റി അയച്ചത്. മെക്സിക്കോയിലേക്ക് അയക്കുന്ന വാഹനങ്ങളുടെ ആദ്യ ബാച്ചാണ് ഇപ്പോൾ കയറ്റി അയച്ചത് എന്നാണ് ഫോക്സ്‌വാഗൻ അറിയിച്ചത്. ജൂണിൽ ഇന്ത്യൻ വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ച കാറാണ് വെർട്യൂസ്.
ഇന്ത്യയിൽ നിർമിച്ച വാഹനമാണെങ്കിലും ഇന്ത്യൻ മോഡലിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മെക്സിക്കൻ മോഡൽ. ലൈഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേഔട്ടിലുള്ള വാഹനത്തിന്റെ രണ്ട് എൻജിൻ വകഭേദങ്ങള്‍ വിപണിയിലുണ്ട്. മാനുവൽ ഓപ്ഷൻ ഒഴിവാക്കി 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാഹനം ലഭിക്കുന്നത്. കരുത്തു കൂടിയ 1.5 ലീറ്ററിനു പകരമുള്ള 1.6 ലീറ്റർ മോഡലിൽ മാനുവൽ, ഓട്ടമാറ്റിക് ഓപ്ഷനുകൾ ലഭ്യമാണ്.
വെന്റൊ സെഡാനിലെ ഈ പഴയ എൻജിൻ ഓപ്ഷൻ പക്ഷെ ഇന്ത്യയിൽ ലഭ്യമല്ല. നീളം, വീതി, ഉയരം, വീൽബേസ് തുടങ്ങി കാഴ്ചയിലെ ഭംഗി വരെയും വെർട്യൂസ് ഇന്ത്യയിലേതിനു സമാനമാണ്. ഇന്ത്യൻ വിപണിയിലെത്തി വെറും 2 മാസത്തിനുള്ളിൽ 5000 യൂണിറ്റ് വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഫോക്സ്‌വാഗൻ വിൽപനയിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ടൈഗൂൺ നിർമിച്ച പുതിയ എംക്യുബി എ0 ഐഎൻ പ്ലാറ്റ്ഫോമിലാണ് മിഡ്സൈസ് സെഡാൻ നിർമിച്ചത്. സ്കോഡ കുഷാക്കും സ്‌ളാവിയയും നിർമിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. ഇന്ത്യയിൽ 11.20 ലക്ഷം വിലയുള്ള മോഡലിന് 13.3 ലക്ഷം രൂപയാണ് മെക്സിക്കോയിൽ വില.
English Summary: Volkswagen begins exporting made-in-India Virtus to Mexico