ബസ് കെട്ടിവലിച്ച് ദുൽക്കറിന്റെ ഇലക്ട്രിക് ബൈക്കിന്റെ മാസ് പെർഫോമൻസ്: വിഡിയോ
Mail This Article
ഇന്ത്യയില്‍ വൈദ്യുത സൂപ്പര്‍ ബൈക്കുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ കമ്പനിയാണ് അള്‍ട്രാവയലറ്റ്. ദുല്‍ക്കർ സല്മാന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റ് പുറത്തിറക്കിയ എഫ്77ന്റെ കരുത്ത് പ്രകടമാക്കുന്ന വിഡിയോ പുറത്തുവന്നു. കാര്‍, ട്രക്ക്, ബസ് എന്നിവ കെട്ടിവലിക്കാന്‍ ഈ വൈദ്യുത ബൈക്കിന് സാധിക്കുമോ? ഒരു പടികൂടി കടന്ന് ബസും ട്രക്കും കൂട്ടിക്കെട്ടി വലിച്ചു നീക്കി എഫ് 77 ഞെട്ടിക്കുമോ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ബൈക്ക്വിത്ത്ഗേള് എന്ന യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്ന വിഡിയോ നല്‍കുന്നത്.
ബെംഗളൂരുവിലെ എയര്‍സ്ട്രിപ്പിലാണ് ഈ കടുത്ത പരീക്ഷണത്തിന് ശ്രമിക്കുന്നത്. പൊതു വഴികളില്‍ ഇത്തരം സാഹസങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. ആദ്യം ടൊയോട്ട ഇന്നോവയാണ് എഫ്77 ഉപയോഗിച്ച് കെട്ടി വലിക്കാന്‍ നോക്കുന്നത്. ഏകദേശം 1,700 കിലോഗ്രാം ഭാരമുള്ള ഇന്നോവയെ പുഷ്പം പോലെ വലിച്ചു കൊണ്ടുപോകാന്‍ എഫ്77ന് സാധിക്കുന്നുണ്ട്.
പിന്നെയാണ് ട്രക്കിന്റെ വരവ്. 20 അടി നീളവും 6,500 കിലോഗ്രാം ഭാരവമുണ്ട് ട്രക്കിന്. കെട്ടിവലിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് വിശ്വാസ്യതക്കായി ട്രക്കിന്റെ താക്കോല്‍ വാങ്ങി പോക്കറ്റിലിട്ടാണ് വ്ളോഗര്‍ സാഹസത്തിന് മുതിരുന്നത്. ഇത്തവണ കാറിന്റേതു പോലെ അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും പതിയെ ട്രക്കും എഫ്77ന്റെ കരുത്തില്‍ മുന്നോട്ടു നീങ്ങുന്നുണ്ട്. വൈകാതെ കാല് കുത്താതെ തന്നെ ട്രക്കും വലിച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ വ്ളോഗര്‍ക്ക് സാധിക്കുന്നു.
മൂന്നാമതായാണ് 7,500 കിലോഗ്രാം ഭാരമുള്ള ബസ് കെട്ടി വലിച്ചുള്ള പരീക്ഷണം. ഇതോടെ മഴ പെയ്തു. അപകട സാധ്യത വര്‍ധിക്കുന്നുണ്ടെങ്കിലും വ്ളോഗര്‍ ശക്തി പരീക്ഷണം തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എഫ് 77 നടത്തുന്നത്. പതിയെ ടൂറിസ്റ്റ് ബസിനേയും വലിച്ചുകൊണ്ട് ഈ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് മുന്നോട്ടു നീങ്ങുകതന്നെ ചെയ്തു.
അവസാനത്തേത് അല്പം കടുത്ത പരീക്ഷയായിരുന്നു. ഇത്തവണ എഫ്77ല്‍ ട്രക്കും ബസും ഒരുമിച്ചു കെട്ടി വലിക്കാനുള്ള ശ്രമമാണ് വ്ളോഗര്‍ നടത്തിയത്. ആകെ 14,000 കിലോഗ്രാം ഭാരം! അതായത് എഫ്77ന്റെ ഭാരത്തിന്റെ 68 ഇരട്ടി! ഇത്തവണയും ഈ വൈദ്യുത ബൈക്ക് തന്നെ വിജയിച്ചു. ആദ്യം ചെറുതായൊന്നു പതറിയെങ്കിലും പതിയെ എഫ്77ന് പിന്നാലെ ട്രക്കും ബസും നീങ്ങി തുടങ്ങി. പതിയെ തുടങ്ങി പിന്നീട് വേഗം കൂടി. വ്ളോഗര്‍ കാലു കുത്താതെ തന്നെ ബൈക്ക് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
എങ്ങനെയാണ് എഫ്77ന് ഇതു സാധ്യമായത്? അസാധാരണമായ കരുത്ത് പുറത്തെടുക്കാന്‍ കഴിയുന്ന ഇവിയാണ് ഇതെന്നതാണ് ഉത്തരം. വളരെ വേഗത്തില്‍ വാഹനത്തിന് ടോര്‍ക്ക് ലഭിക്കുന്നു. മാത്രമല്ല ഐസിഇ വാഹനങ്ങളിലേതു പോലെ ഊര്‍ജ നഷ്ടം സംഭവിക്കുന്നുമില്ല. സാധാരണയിലും വളരെ ഉയര്‍ന്ന ഊര്‍ജം പുറത്തെടുത്താണ് എഫ്77 ഇത് സാധ്യമാക്കുന്നത്. അള്‍ട്രാവയലറ്റിലെ നിക്ഷേപകന് കൂടിയായ ദുല്‍ക്കര്‍ സല്‍മാനും ഒരു എഫ് 77 ലിമിറ്റഡ് എഡിഷന് സ്വന്തമാക്കിയിട്ടുണ്ട്.