ഇന്ധനക്ഷമത, സ്റ്റൈൽ, കരുത്ത്; ഹീറോ എക്സ്ട്രീം 125 ആർ വിപണിയിൽ
Mail This Article
ഹീറോ വേള്‍ഡ് 2024 പരുപാടിക്കിടെ 125 സിസി വിഭാഗത്തിലെ പുതിയ വാഹനമായ എക്സ്ട്രീം 125ആര് പുറത്തിറക്കി. 95,000 രൂപ മുതല്‍ 99,000 രൂപ വരെയാണ് ഈ വാഹനത്തിന് വിലയിട്ടിരിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് സൗകര്യമുള്ളതാണ് ഏറ്റവും ഉയര്‍ന്ന മോഡൽ. വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ എക്ട്രീം 125ആര് ഉടമകളുടെ കൈകളിലെത്തും.
125 സിസി പ്രേമികള്‍ക്ക് യോജിച്ച സവിശേഷതകളോടെയാണ് ഹീറോ എക്സ്ട്രീം 125ആറിനെ ഒരുക്കിയിരിക്കുന്നത്. സ്പോര്‍ടി ലുക്കിലുള്ള വാഹനത്തില്‍ ആധുനിക മോട്ടോര്‍സൈക്കിള്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപുകളും ഹസാര്ഡ്ലൈറ്റുകളുമാണ് വാഹനത്തിലുള്ളത്. പുത്തന്‍ സിംഗിള്‍ സിലിണ്ടര്‍ സ്പ്രിന്റ് ഇബിടി എന്‍ജിനാണ് എക്സ്ട്രീം 125ആറിന്റെ കരുത്ത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലേക്ക് 5.9 സെക്കന്‍ഡുകൊണ്ട് ഈ വാഹനം കുതിച്ചെത്തും. ലീറ്ററിന് 66 കിലോമീറ്റര്‍ എന്ന ഭേദപ്പെട്ട ഇന്ധനക്ഷമതയും ഈ വാഹനത്തിനുണ്ട്.
ഭാരംകുറഞ്ഞ എന്നാല്‍ ഒട്ടും കരുത്തു കുറയാത്ത ഡയമണ്ട് ഫ്രെയിമിലാണ് ഹീറോ എസ്ക്ട്രീം 125ആര് നിര്‍മിച്ചിരിക്കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കും. മുന്നില്‍ സെഗ്മെന്റിലെ തന്നെ വലിയ 276എംഎം ഡിസ്ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. മികച്ച സസ്പെന്‍ഷനാണ് ഈ മോട്ടോര്‍സൈക്കിളിലുള്ളത്. 37എംഎം ഫ്രണ്ട് ഫോര്‍ക്കും ഷോവയുടെ 7 സ്റ്റെപ് പ്രീ ലോഡ് അഡ്ജസ്റ്റബിള് മോണോഷോക്കും യാത്രകളെ കൂടുതല്‍ സുഖകരമാക്കും.
പെര്‍ഫോമെന്‍സിന്റെ കാര്യത്തിലും ഈ മോട്ടോര്‍സൈക്കിള്‍ നിരാശപ്പെടുത്തുന്നില്ല. 8,250 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പി വരെ കരുത്തും 6,000 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്ക് വരെയും പുറത്തെടുക്കാന്‍ എക്സ്ട്രീം 125 ആറിനാവും. സ്റ്റൈലും പെര്‍ഫോമെന്‍സും പുതിയ ഫീച്ചറുകളും ഇഷ്ടപ്പെടുന്ന 125 സിസി മോട്ടോര്‍സൈക്കിളുകള്‍ തേടുന്നവര്‍ക്കായി ഹീറോ ഒരുക്കിയിരിക്കുന്ന വാഹനമാണ് എക്സ്ട്രീം 125ആര്. ഈ മോട്ടോര്‍ സൈക്കിളിനു പുറമേ മാവെറിക് 440, സൂം 125ആര്, സൂം 160 എന്നിവയും ഹീറോ വേള്‍ഡ് 2024ല്‍ അവതരിപ്പിച്ചു. ബജാജ് പള്‍സര്‍ എന്‍എസ് 125, ഹോണ്ട ഷൈന്‍, ടിവിഎസ് റൈഡര്‍ 125, ഹോണ്ട എസ്പി 125 എന്നിവരുമായിട്ടായിരിക്കും ഹീറോ എസ്ക്ട്രീം 125 ആര് മത്സരിക്കുക.