ഇടിയില്‍ ടാറ്റയെ തോൽപിക്കാനാവില്ല! നെക്സോണിനും 5 സ്റ്റാർ സുരക്ഷ
Mail This Article
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി ടാറ്റ നെക്സോണിന്റെ പുതിയ മോഡൽ. 2022 ക്രാഷ് ടെസ്റ്റ് നിലവാരം കൂടുതൽ കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെ 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ നെക്സോണിനാണ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ ലഭിച്ചിരിക്കുന്നത്. 2018ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ പഴയ തലമുറ നെക്സോണിനും 5 സ്റ്റാർ സുരക്ഷ ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഹാരിയറിനും സഫാരിക്കും ഗ്ലോബൽ എൻസിഎപി, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ഫുൾമാർക്ക് ലഭിച്ചിരുന്നു. 2023 ഓഗസ്റ്റിന് ശേഷം നിർമിക്കപ്പെട്ട പുതിയ നെക്സോണിനാണ് ഈ ടെസ്റ്റിലൂടെ 5 സ്റ്റാർ സുരക്ഷ സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ നെക്സോണിന്റെ വൈദ്യുത പതിപ്പ് ക്രാഷ് ടെസ്റ്റിന് അയച്ചിട്ടില്ല.
കുട്ടികളുടെ സുരക്ഷയിലും മുതിർന്നവരുടെ സുരക്ഷയിലും നെക്സോൺ 5 സ്റ്റാർ തന്നെ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 34 മാർക്കിൽ 32.22 മാർക്ക് നേടിയ നെക്സോൺ കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.52 മാർക്ക് നേടി. ആറ് എയർബാഗുകൾ, ഇഎസ്‌സി, സീറ്റ്ബെൽറ്റ് റിമൈൻഡർ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങൾ നെക്സോണിന്റെ ബെയിസ് വേരിയന്റുമുതലുണ്ട്.
നിരവധി ഫീച്ചറുകളുമായി ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോൺ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് പുതിയ മോഡലിൽ. പെട്രോൾ പതിപ്പിൽ 120 ബിഎച്ച്പി, 170 എൻഎം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസൽ പതിപ്പിൽ 15 ബിഎച്ച്പി, 160എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.