ഡീസൽ വാഹനങ്ങളില്‍ 2 ടാങ്ക്, ഒന്നിൽ ആഡ്ബ്ലൂ; എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്?
Mail This Article
ആഡ്ബ്ലൂവും വാഹന മലിനീകരണവുമായി ബന്ധമുണ്ടോ? ആഡ്ബ്ലൂവുമായി ബന്ധപ്പെട്ടു ഫാസ്റ്റ്ട്രാക്കിലേക്ക് വന്നൊരു കത്താണ് ഈ ലേഖനത്തിനാധാരം.
രണ്ടു വർഷം മുൻപ് രാജ്യത്ത് മലിനീകരണ നിയമങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന്റെ ഭാഗമായി ബിഎസ്6 സ്റ്റേജിലേക്കു വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്തപ്പോൾ ചില വാഹന നിർമാതാക്കൾ ഡീസൽ മോഡലുകൾ പിൻവലിച്ചു. എന്നാൽ ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടെയ്, കിയ തുടങ്ങിയ നിർമാതാക്കാൾ ബിഎസ്6 ഡീസൽ എൻജിനുമായി വന്നു. അന്നു മുതലാണ് ആഡ്ബ്ലൂ എന്ന സംവിധാനം ചർച്ചയാകുന്നത്. 2000 സിസിക്കു മുകളിലുള്ള വാഹനത്തിൽ ഇത് ഒഴിച്ചാൽമതി. സിസി കുറഞ്ഞ എൻജിന് ആവശ്യമില്ല എന്നിങ്ങനെ. അക്കാര്യങ്ങൾ പരിശോധിക്കുകയാണിവിടെ.
∙ എന്താണ് ആഡ്ബ്ലൂ? എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്?
ഭൂരിഭാഗം ബിഎസ് 6 ഡീസൽ വാഹനങ്ങളിലും ‘ആഡ്ബ്ലൂ’ (AdBlue) എന്ന പേരിലറിയപ്പെടുന്ന ഒരു ലായനി ഉപയോഗിക്കുന്ന സംവിധാനമാണുള്ളത്. ബിഎസ് 6 മാനദണ്ഡത്തിൽ എല്ലാ ഡീസൽ വാഹനങ്ങളും രണ്ടു വസ്തു ക്കളുടെ ബഹിർഗമനം നിയന്ത്രിക്കേണ്ടതുണ്ട്. പാർട്ടിക്കുലേറ്റ് മാറ്റർ എന്നറിയപ്പെടുന്ന കാർബൺ ധൂളി ഒരു നിശ്ചിത വലുപ്പത്തിൽ കൂടുതലുള്ളതു പുറത്തുവരാതെ നോക്കാൻ എല്ലാ ഡീസൽ വാഹനങ്ങളും ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽറ്റർ (ഡിപിഎഫ്) എന്ന സംവിധാനം ഉപയോഗിക്കുന്നു. കൂടാതെ നൈട്രജൻ ഓക്സൈഡ് (NO) ഒഴിവാക്കാൻ ഉപയോഗിക്കുന്ന രണ്ടു മാർഗങ്ങളിലൊന്നാണ് ഡീസൽ എക്സോസ്റ്റ് ഫ്ലൂയിഡ് ഇനത്തിൽപെട്ട ആഡ്ബ്ലൂ ലായനികൊണ്ടു സാധ്യമാക്കുന്ന സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ (എസ്‌സിആർ).
എൻജിനിൽനിന്നു ജ്വലനശേഷം പുറന്തള്ളുന്ന ചൂടായ വാതകത്തിലേക്ക് ആഡ്ബ്ലൂ സ്പ്രേ ചെയ്യുമ്പോൾ രാസപ്രവർത്തനം മൂലം നൈട്രജൻ ഓക്സൈഡുകൾ വെള്ളവും നൈട്രജനുമായി വേർപിരിയും. ആഡ്ബ്ലൂ എന്നാണ് വിപണിയിൽ അറിയപ്പെടുന്നത്. പേരിൽ ബ്ലൂ എന്നുണ്ടെങ്കിലും നിറമില്ലാത്ത, തെളിഞ്ഞ ലായനിയാണിത്.
32. 5 % യൂറിയയും 67.5 % ലവണ രഹിതമായ ജലവും ചേർന്ന മിശ്രിതമാണ് ആഡ്ബ്ലൂ. ഇതിനായി പ്രത്യേക ടാങ്ക് വാഹനത്തിലുണ്ടാകും. ആഡ്ബ്ലൂ നിറയ്ക്കാനായി ഡീസൽ ടാങ്കിന്റെ അടപ്പിനു തൊട്ടടുത്ത് മറ്റൊരു അടപ്പുകൂടി കാണാം. വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുമ്പോൾ പ്രത്യേക സംവിധാനം വഴി എക്സോസ്റ്റ് പൈപ്പിൽ ഡിപിഎഫിനു തൊട്ടു മുൻപു ഘടിപ്പിച്ചിട്ടുള്ള കാറ്റലിറ്റിക് അറയിലേക്ക് ഇതു സ്പ്രേ ചെയ്യുന്നു. ഈ പ്രക്രിയ സെൻസറുകളുടെ സഹായത്തോടെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് നടപ്പാക്കും.
∙ 2000 സിസി വരെ വ്യാപ്തിയുള്ള ഡീസൽ എൻജിനുകൾക്ക് ആഡ്ബ്ലൂ സംവിധാനം ആവശ്യമില്ല എന്നു പറയുന്നതു ശരിയാണോ?
ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ഡീസൽ എൻജിനുകൾക്കും നൈട്രജൻ ഓക്സൈഡിന്റെ അളവു നിയന്ത്രിക്കാനുള്ള സംവിധാനം കൂടിയേ തീരൂ. ചെറിയ ഡീസൽ എൻജിനുകൾ (2,000 സിസിയിൽ താഴെ) ഇതിനായി എൽഎൻടി (ലീൻ നോക്സ് ട്രാപ്പ്) എന്ന സംവിധാനം ഉപയോഗിക്കുന്നു. നിയന്ത്രണവിധേയമാക്കേണ്ട നോക്സിന്റെ കുറഞ്ഞ അളവ്, തുടർപ്രക്രിയയിലൂടെ പുനരുപയോഗം സാധ്യമാക്കാവുന്ന കാറ്റലിസ്റ്റ്, വിലക്കുറവ് എന്നീ കാരണങ്ങളാലാണു ചെറിയ ഡീസൽ എൻജിൻ നിർമാതാക്കൾ (ഉദാ: ഹ്യുണ്ടെയ്, കിയ) ഇതു തിരഞ്ഞെടുക്കുന്നത്. എന്നാൽ, മഹീന്ദ്ര അവരുടെ 1,500 സിസി എൻജിൻ ഘടിപ്പിച്ച വാഹനങ്ങളിൽ (മരാസോ, എക്സ്‌യുവി 300) ആഡ്ബ്ലൂ ഉപയോഗിക്കുന്ന സംവിധാനമാണു ഘടിപ്പിച്ചിട്ടുള്ളത്.
∙ ആഡ്ബ്ലൂ ലായനിക്ക് വിപണിയിൽ എന്തു വിലയുണ്ട്? എത്ര കാലയളവിൽ ഇതു വീണ്ടും നിറയ്ക്കേണ്ടിവരും? സാധാരണ ആഡ്ബ്ലൂ ടാങ്കിന്റെ അളവ് എത്രയാണ്?
ആഡ്ബ്ലൂ ടാങ്കുകൾ ഉപയോഗിക്കുന്ന ചെറിയ ഡീസൽ വാഹനങ്ങളിൽ (കാറുകൾ, വാനുകൾ) 5 മുതൽ 20 ലീറ്റർവരെ ശേഷിയുള്ളവ കാണാറുണ്ട്. ഇവ വീണ്ടും നിറയ്ക്കേണ്ട കാലയളവ് വാഹനം ഓടിയ ദൂരത്തെ ആശ്രയിച്ചാണിരിക്കുന്നത്. വാഹനത്തിന്റെ സർവീസ് മാന്വലിൽ ഇതു നൽകിയിട്ടുണ്ടാകും. ഉദാഹരണത്തിന്, ഇന്നോവ ക്രിസ്റ്റയുടെ 12 ലീറ്റർ ശേഷിയുള്ള ടാങ്ക് 10,000 കിലോമീറ്ററിനു ശേഷം നിറയ്ക്കാനാണ് ടൊയോട്ട പറഞ്ഞിരിക്കുന്നത്. ആഡ്ബ്ലൂവിനു വിപണിയിലുള്ള ശരാശരി വില ലീറ്ററിന് ₨ 85. ബ്രാൻഡ് അനുസരിച്ച് വില കൂടുകയോ കുറയുകയോ ചെയ്യാം.
∙ ആഡ്ബ്ലൂവിന്റെ അളവു കാണിക്കുന്ന ഡാഷ്ബോർഡിൽ ഇൻഡിക്കേറ്റർ ഉണ്ടോ? ഓട്ടത്തിനിടെ തീർന്നുപോയാൽ എന്തു സംഭവിക്കും?
ആഡ്ബ്ലൂ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡാഷ്ബോർഡിൽ ഇതിന്റെ അളവിനെക്കുറിച്ചു മുന്നറിയിപ്പു നൽകാനുള്ള സംവിധാനമുണ്ട്. അളവു കുറഞ്ഞ് റിസർവിൽ എത്തിയാൽ ഇൻഡിക്കേറ്റർ തെളിയും. ഇനി ബാക്കിയുള്ള അളവ്, സഞ്ചരിക്കാവുന്ന ദൂരം എന്നിവയും അറിയാൻ സംവിധാനമുണ്ട്. ഓട്ടത്തിൽ ആഡ്ബ്ലൂ തീർന്നാൽ വാഹനം ഉടൻ നിൽക്കുകയില്ല. അതിന്റെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് എൻജിന്റെ ശക്തി കുറച്ച് മലിനീകരണത്തോത് നിയന്ത്രിക്കും. ഈ അവസ്ഥയിൽ വാഹനം കുറഞ്ഞ വേഗത്തിൽ
ഒരു നിശ്ചിത ദൂരം ഓടിക്കാം– ഇതിന് ‘ലിംപ് ഹോം മോഡ്’ എന്നു പറയും. ഇങ്ങനെ ഓടിച്ച് ഏറ്റവും അടുത്ത് ആഡ്ബ്ലൂ കിട്ടുന്ന സ്ഥലംവരെ പോകാം. പക്ഷേ, ആഡ്ബ്ലൂ തീർന്നശേഷം എൻജിൻ ഓഫാക്കിയാൽ പിന്നെ ഇതു നിറയ്ക്കാതെ സ്റ്റാർട്ടാകില്ല.
English Summary: Know More About Adblue