വർഷം 1 ലക്ഷം രൂപ വരെ ലാഭം; പണം തരും ഇലക്ട്രിക് ഓട്ടോറിക്ഷ
Mail This Article
തുടക്കത്തിൽ മടിച്ചുനിന്ന ഇലക്ട്രിക് ഒാട്ടോ സെഗ്‌മെന്റ് ഇന്നു വളർച്ചയുടെ പാതയിലാണ്. എടുത്താൽ വള്ളിയാകുമോ എന്നു പേടിച്ചുനിന്നവർ സംതൃപ്തിയോടെ ഇതു കൊള്ളാം എന്നു പറയുന്നത് ഇലക്ട്രിക് ഒാട്ടോയുടെ ഭാവി സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജുമെല്ലാം ഇ-ഒാട്ടോയുമായി സ്റ്റാൻഡിലുണ്ട്. ട്രിയോ എന്ന മോഡലുമായാണ് മഹീന്ദ്ര കളത്തിലെത്തി യത്. തൊട്ടുപിന്നാലെ പരിഷ്കരിച്ച പതിപ്പ് ട്രിയോ പ്ലസും എത്തി. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...
2022ലെ ഫാസ്റ്റ്ട്രാക്ക് ഡിസംബർ ലക്കത്തിലാണ് ട്രിയോയുടെ ടെസ്റ്റ് ഡ്രൈവ് ചെയ്തത്. കൊച്ചിയിൽവച്ച്. ഇത്തവണ കോട്ടയത്തെ ബിഎച്ച് മോട്ടോഴ്‍സിൽനിന്നാണ് ട്രിയോ പ്ലസ് ഡ്രൈവിനെടുത്തത്. ഫുൾ ചാർജിൽ വാഹനമെടുക്കുമ്പോൾ കൺസോളിൽ കാണിച്ചത് 149 കിമീ റേഞ്ച്. (ട്രിയോയുടെ റേഞ്ച് 110 കിലോമീറ്ററാണ്).
ഡിസൈൻ
മറ്റ് ഒാട്ടോകളിൽനിന്നു ട്രിയോ പ്ലസിനെ വേറിട്ടുനിർത്തുന്നത് ഒതുക്കംതന്നെയാണ്. വളരെ ഇടുങ്ങിയ വഴികളിലൂടെ അനായാസം കൊണ്ടുപോകാവുന്ന വലുപ്പമേയുള്ളൂ. വീതി കുറവെങ്കിലും മൂന്നു പേർക്ക് ഇരിക്കാവുന്ന ഇടമുണ്ട് പിൻസീറ്റിൽ. എസ്എംസി മോഡുലാർ പാനലുപയോഗിച്ചാണ് ബോഡിപാനലുകൾ നിർമിച്ചിരിക്കുന്നത്. ബോഡി പാർട്ടുകൾ തുരുമ്പെടുക്കുമെന്ന പേടി വേണ്ട. ട്യൂബ് ഫ്രേമാണ് ചട്ടക്കൂട്. സോഫ്റ്റ് ടോപും ഹാർഡ് ടോപ്പുമുണ്ട്. സോഫ്റ്റ് ടോപ് വേരിയന്റാണ് ഡ്രൈവ് ചെയ്തത്. പുറംകാഴ്ചയിലെ ക്യൂട്ട്നെസ്സാണ് ട്രിയോ പ്ലസ്സിന്റെ ഡിസൈനിലെ സവിശേഷത. ഡിജിറ്റൽ മീറ്റർ കൺസോളാണ്. ബാറ്ററി ചാർജും റേഞ്ചും വാഹനത്തിന്റെ വേഗവുമെല്ലാം ഇതിലറിയാം. 12 വോൾട്ട് പവർ സോക്കറ്റ് നൽകിയിട്ടുണ്ട്.
ലാഭം വരുന്ന വഴി
ട്രിയോ പ്ലസ് എടുത്താൽ ഒരു വർഷം 1.2 ലക്ഷം രൂപ ലാഭിക്കാം എന്നാണ് മഹീന്ദ്രയുടെ കണക്ക്! 175 കിലോമീറ്റർ ഒരു ദിവസം ഒാടുന്ന സിഎൻജി ഒാട്ടോറിക്ഷയുമായി താരതമ്യം ചെയ്താണ് ഈ കണക്കു പറയുന്നത്. നിലവിലെ ഇന്ധനവില വച്ചാണിത്.
വാറന്റി
5 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്ററാണ് ട്രിയോ പ്ലസിനു മഹീന്ദ്രനൽകുന്ന വാറന്റി. 3 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും 2 വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറന്റിയും കൂട്ടിയാണിത്. എക്സ്റ്റൻഡഡ് വാറന്റിക്കു 10,000 രൂപയാകും.
കൂടിയ റേഞ്ച്
10.24 കിലോവാട്ട് അവർ കപ്പാസിറ്റിയുള്ള 48 വോൾട്ടിന്റെ ലിഥിയം അയോൺ ബാറ്ററിയാണ്. ഫുൾ ചാർജിൽ 150 കിമീയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സാധാരണ ഡ്രൈവിങ് സാഹചര്യത്തിൽ കിട്ടുന്ന റേഞ്ചാണിത്. എആർഎെഎ സർട്ടിഫൈ ചെയ്ത റേഞ്ച് 167 കിലോമീറ്ററാണ്. 4 മണിക്കൂർ 20 മിനിറ്റുകൊണ്ട് ബാറ്ററി ഫുൾചാർജാകും. വീട്ടിലെ 16 ആംപിയർ പവർ പ്ലഗ് വഴി ചാർജ് ചെയ്യാം. ഒരു ഫുൾചാർജിനു യൂണിറ്റിനു നാലു രൂപ ചാർജ് വച്ചു നോക്കിയാൽ അൻപതു രൂപയിൽ താഴെയേ ചെലവു വരുന്നുള്ളൂ.
കരുത്തിൽ പിന്നോട്ടില്ല
കാഴ്ചയിൽ ചെറിയ വാഹനമായതുകൊണ്ട് വലിയ വേഗവും കരുത്തുമൊന്നും കാണില്ല എന്നു കരുതിയാൽ തെറ്റി. നല്ല കരുത്തുണ്ട് ട്രിയോ പ്ലസിന്. 8 കിലോവാട്ടാണ് മോട്ടറിന്റെ കൂടിയ കരുത്ത്. ടോർക്ക് 42 എൻഎം. 55 കിലോമീറ്ററാണ് കൂടിയ വേഗം. ബൂസ്റ്റ്, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളുണ്ട്. സിറ്റിയിലെ തിരക്കിൽ ഇക്കോ മോഡ് ധാരാളം. കയറ്റത്തും മറ്റും ബൂസ്റ്റ് മോഡ് ഉപയോഗിച്ചാൽ മടുപ്പിക്കാതെ കയറിപ്പോകും ട്രിയോ പ്ലസ്. ഒതുക്കമുള്ളതുകൊണ്ട് ചെറിയ വഴികളിലൂടെ ഈസിയായി കൊണ്ടുപോകാം. തിരിക്കാനും വളയ്ക്കാനുമൊക്കെ അധികം ഇടവും വേണ്ട. 2.9 മീറ്ററേയുള്ളൂ ടേണിങ് റേഡിയസ്.
ഒാടിക്കാൻ വളരെ എളുപ്പമാണ് ട്രിയോ പ്ലസ്. ഫോർവേഡ് ന്യൂട്രൽ റിവേഴ്സ് എന്നിവ ഹാൻഡിലിലെ ചെറിയ സ്വിച്ച് വഴി സെലക്ട് ചെയ്യാം. ആക്സിലറേറ്റർ കൊടുത്താൽ ചെറിയ മൂളലോടെ ട്രിയോ പ്ലസ് കുതിക്കും. ചെറിയ ഒാട്ടോ അല്ലേ കയറ്റത്തു മടുപ്പായിരിക്കുമോ എന്നൊരു സംശയം ഉണ്ടായി
രുന്നു. എന്നാൽ ട്രിയോ പ്ലസ് ആ ധാരണ മാറ്റിമറിച്ചു. നാട്ടിൻപുറത്തെ വഴികളിലെ കയറ്റങ്ങളും ഇറക്കവും കുണ്ടും കുഴിയും ഇത് അനായാസം തരണം ചെയ്യും. 12.45 ഡിഗ്രിയാണ് ഗ്രേഡബിലിറ്റി. 701 കിലോഗ്രാമാണ് വാഹനത്തിന്റെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ്. 12 ഇഞ്ച് വീലുകളാണ്.
വില
3.76 ലക്ഷമാണ് ഒാൺറോഡ് വില. കേന്ദ്ര സർക്കാരിന്റെ 74,000 രൂപ സ്ബ്സിഡി കഴിഞ്ഞിട്ടുള്ള വിലയാണിത്. കേരളസർക്കാരിന്റെ വക 30,000 രൂപ അക്കൗണ്ടിൽ ലഭിക്കുകയാണ് ചെയ്യുന്നത്. ആർസി ബുക്ക് കിട്ടിയതിനുശേഷം അക്ഷയവഴി കസ്റ്റമർതന്നെ ഇതിന് അപേക്ഷിക്കണം.
സർവീസ്
ആദ്യത്തെ മൂന്ന് സർവീസിനു ലേബർ ചാർജ് ഫ്രീയാണ്. ഫസ്റ്റ് സർവീസ് 2000 കിലോമീറ്റർ. ഡിഫറൻഷ്യൽ ഒായിൽ മാത്രം മാറിയാൽ മതി. 450-500 രൂപ റേഞ്ച്. അതിനുശേഷം എല്ലാ പതിനായിരം കിലോമീറ്ററിലുമാണ് സർവീസ്. 750-800 രൂപ റേഞ്ചിലേ ഇതിനു ചാർജ് വരുന്നുള്ളൂ.
ആർഎസ്എ
1300 രൂപയടച്ചാൽ 45 കിലോമീറ്റർ ചുറ്റളവിൽ ആർഎസ്എ (റോഡ് സൈഡ് അസിസ്റ്റൻസ്)കിട്ടും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.
ഫൈനൽ ലാപ്
കൂടുതൽ കരുത്തും റേഞ്ചുമാണ് ട്രിയോ പ്ലസിന്റെ സവിശേഷത. കുറഞ്ഞ പരിപാലനച്ചെലവും എടുത്തുപറയാം. ഒരു വർഷം ഒരുലക്ഷത്തിനടുത്ത് ലാഭിക്കാം എന്നു പറയുന്നത് ട്രിയോ പ്ലസിന്റെ പോയിന്റാണ്.