ആർസി ബുക്കും ഇൻഷുറൻസ് പേപ്പറും വാഹനത്തിലില്ലേ? പേടിക്കേണ്ട ഈ ആപ്പ് ഫോണിലുണ്ടെങ്കിൽ

Mail This Article
ആർസി ബുക്കും ഇൻഷുറൻസും അടക്കം നിരവധി രേഖകൾ വാഹനത്തിൽ സൂക്ഷിക്കണം എന്നാണ് നിയമം. എന്നാൽ നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ നെക്സ്റ്റ് ജെൻ എം പരിവാഹൻ എന്ന ആപ്പുണ്ടെങ്കിൽ രേഖകളെല്ലാം വെർച്വലായി സൂക്ഷിക്കാം . വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സേവനങ്ങൾ മാത്രമല്ല എഐ കാമറ ഫൈനുകളും ഈ ആപ്പിലൂടെ അടയ്ക്കാൻ സാധിക്കും.
എന്താണ് എം പരിവാഹൻ, എങ്ങനെ ഉപയോഗിക്കാം?
ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത ആപ്പാണ് നെക്സ്റ്റ് ജെൻ എം പരിവാഹൻ. ഈ ആപ്പിൽ നമ്മുടെ വാഹനത്തിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും വിവരങ്ങള്‍ വെർച്വലായി സൂക്ഷിക്കാം. ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിക്കാനും സാധിക്കും. കൂടാതെ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതുകൊണ്ട് തന്നെ വാഹനത്തിന്റെ രേഖകൾ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ്.
വാഹനം സംബന്ധമായ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ്, ഹൈപ്പോക്കേഷൻ റദ്ദാക്കുന്നതിനും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻ ഒ സി, ആർസി പാർട്ടിക്കുലേഴ്‌സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഈ ആപ്പിൽ സാധ്യമാണ്.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, പേര് തിരുത്തൽ, അഡ്രസ്സ് മാറ്റം, ലൈസൻസ് പാർട്ടിക്കുലേഷൻ അപേക്ഷിക്കുക, ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.
നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീർപ്പാക്കുന്നതിനും പാർക്കിങ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കാനും ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്നറിയുന്നതിനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഈ ആപ്ലിക്കേഷൻ സഹായകരമായ ഒന്നാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തിൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാവുന്നതാണ്.