26.68 കി.മീ. ഇന്ധനക്ഷമത, മൈലേജ് വിപ്ലവവുമായി സെലേറിയോ; വില 4.99 ലക്ഷം മുതൽ
Mail This Article
ഹാച്ച്ബാക്ക് വിപണിയില്‍ മൈലേജ് വിപ്ലവവുമായി മാരുതി സുസുക്കി സെലേറിയോ വിപണിയിൽ. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായ സെലേറിയോയുടെ എക്സ് ഷോറൂം വില 4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ്. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിലായി 7 വേരിയന്റുകളിൽ പുതിയ വാഹനം ലഭിക്കും. ലീറ്ററിന് 26.68 കിലോമീറ്ററാണ് ഇന്ധനക്ഷമത.
അഞ്ചാം തലമുറ ഹാർടെക് പ്ലാറ്റ്ഫോമിലാണ് സെലേറിയോയുടെ നിർമാണം. പുതിയ സ്റ്റൈലൻ ഡിസൈനാണ് വാഹനത്തിന്. ഇന്റീരീയറിലും സ്പോർട്ടി ഡിസൈൻ നൽകിയിരിക്കുന്നു. സ്പോർട്ടി ലുക്കുള്ള മുൻ ഗ്രില്ലുകളും മനോഹരമായ ഹെഡ്‌ലാംപ്, ഫോഗ് ലാംപ്, 15 ഇഞ്ച് അർബൻ ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുള്ള പുതിയ സേലേറിയോയുടെ പിൻഭാഗം സ്റ്റൈലിഷാണ്.
ഉള്ളിൽ മികച്ച സ്പെയ്സാണ്. പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയർ, സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. ട്വിൻ സ്ലോട്ട് വെന്റിലേഷൻ, കൂടുതൽ ലെഗ്റൂം എന്നിവ യാത്ര കൂടുതൽ സുഖകരമാക്കുന്നു. സ്മാർട്ട്ഫോൺ നാവിഗേഷനോടു കൂടിയ 7 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൻ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഇലക്ട്രിക്കലി അഡ്ജസ്റ്റും ഫോൾഡും ചെയ്യാവുന്ന ഒആർവിഎം എന്നിവ പുതിയ സേലേറിയോയിലുണ്ട്.
അടുത്ത തലമുറ കെ സീരിസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എൻജിൻ ആദ്യമായി അവതരിപ്പിക്കുന്നത് സെലേറിയോയിലൂടെയാണ്. പുതിയ കെ10 സി എൻജിന് 49 കിലോവാട്ട് കരുത്തും 89 എൻഎം ടോർക്കുമുണ്ട്. എബിഎസ് വിത്ത് ഇബിഡി, പാർക്കിങ് അസിസ്റ്റ്, സെഗ്‌മെന്റിൽ ആദ്യമായി സ്റ്റാർട്ട് സ്റ്റോപ് ഫീച്ചർ, ഹിൽഹോൾഡ് അസിസ്റ്റ് തുടങ്ങി 12 സേഫ്റ്റി ഫീച്ചറുകളുമായാണ് പുതിയ സെലേറിയോ വിപണിയിലെത്തിയത്.
ഇതുവരെ 5.9 ലക്ഷം സെലേറിയോകൾ വിറ്റുപോയിട്ടുണ്ടെന്നും പുതിയ മോഡലിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിശ്വാസമെന്നും മാരുതി പറയുന്നു. പഴയ മോഡലിനെക്കാൾ 55 എംഎം വീതി കൂടിയിട്ടുണ്ട്. കൂടാതെ ലഗേജ് സ്പെയ്സ് 40 ശതമാനം വർധിച്ച് 313 ലീറ്ററായി. 3695 എംഎം നീവളും 1555 എംഎം ഉയരവും 1655 എംഎം വീതിയും 2435 എംഎം വീൽ ബെയിസുമുണ്ട് വാഹനത്തിന്.
പുതിയ സെലേറിയോയ്ക്കുള്ള ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിരുന്നു. 11,000 രൂപ അഡ്വാൻസ് നൽകി സെലേറിയോ ബുക്ക് ചെയ്യാം.
English Summary: Maruti Suzuki New Celerio Launched