ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഹെൽസിങ്കി ∙ ഓരോ ദേശത്തിനും കാലത്തിനും അവരുടേതായ കഥകൾ മറ്റുള്ളവരോട് പറയാനുണ്ടാവും. സുവോമികളുടെ (ഫിന്നിഷ് ഭാഷയിൽ ഫിന്നിഷുകാർ അറിയപ്പെടുന്നത്) ക്രിസ്മസ് ആഘോഷങ്ങളും വ്യത്യസ്തമാണ്. ലാപ് ലാൻഡിലെ ‘കോർവാതോൻതുറി’യിൽ താമസിക്കുന്ന സാന്തയുടെ കഥകൾ മാത്രമല്ല ഫിൻലൻഡുകാർക്കു പറയാനുള്ളത്. ഈ നാട്ടിലെ വ്യത്യസ്തമായ ക്രിസ്മസ് കഥകളിലേക്ക്…

കൂട്ടായ്മയുടെയും പങ്കിടലിന്റെയും ആഘോഷം

നമ്മൾ മലയാളികളുടെ ചിങ്ങമാസത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങൾ പോലെയാവും സുവോമികൾക്കു ക്രിസ്തുമസ്. മതപരമായ ആഘോഷത്തെക്കാളുപരി കൂട്ടായ്‌മകളുടെ ഉത്സവമാണ് ഈ നാട്ടുകാർക്ക് ക്രിസ്മസ് ദിനങ്ങൾ. പത്തു ദിവസത്തെ ആഘോഷങ്ങൾ ഇല്ലെങ്കിലും ഈ രണ്ടു ദിനങ്ങൾ (ഡിസംബർ 24, 25), ഇവർ ആവോളം സ്നേഹം പങ്കിടുന്നു.

finnish-christmas-celebration3

ഡിസംബർ 24ലെ അത്താഴമാണ്‌ ഇവർക്ക് ഏറ്റവും വിശേഷപ്പെട്ടത്. ഏതു നാട്ടിൽ ചേക്കേറിയാലും കുടുംബാംഗങ്ങള്‍ എല്ലാം അന്നേ ദിവസം ഒത്തുകൂടും. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമക്കളുമെല്ലാം പരസ്പരം സമ്മാനങ്ങൾ കൈമാറി സ്നേഹം പങ്കിടും. വിലയേറിയ സമ്മാനങ്ങളല്ല, മറിച്ചു സ്വന്തമായി ഉണ്ടാക്കിയ കരകൗശല വസ്തുക്കളും കൈകൊണ്ടു തുന്നിയ തുണിത്തരങ്ങളുമൊക്കെയാണ് ഇവർക്ക് പ്രിയങ്കരം. സ്വന്തം അധ്വാനവും സമയവും പ്രിയപ്പെട്ടവർക്കായി നൽകുക എന്നതാണ് ഇവിടുത്തുകാരുടെ സമ്മാനങ്ങളുടെ അടിസ്ഥാനം. 

‘ഗ്ലോഗി’ എന്ന  പരമ്പരാഗത ക്രിസ്തുമസ് പാനീയവും, ‘ജിൻജർ ബ്രെഡ്’ ബിസ്‌ക്കറ്റുകളും ഇവർ കുടുംബവുമൊത്തു തയാറാക്കും. ഒരു പക്ഷേ, കുടുംബക്കാരെല്ലാം ഒത്തുകൂടുന്ന മറ്റൊരു ആഘോഷം ഈ നാട്ടുകാർക്ക് വേറെയില്ലാ എന്നുതന്നെ പറയാം. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരേയും ഇന്നേ ദിവസം ഇവർ മറക്കാറില്ല. ക്രിസ്മസ് ദിനത്തിൽ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങൾ സന്ദർശിച്ചു മെഴുകുതിരി വയ്ക്കുന്ന രീതിയുമുണ്ട്.

finnish-christmas-celebration7

‘പിക്കു യൗളു’വെന്ന കുട്ടി ക്രിസ്തുമസ് ആഘോഷങ്ങളുടെ നാട്

ക്രിസ്തുമസിന് ഒരു മാസം മുൻപേ രാജ്യമെമ്പാടും 'ജിംഗിൾ ബെൽ' മണികൾ മുഴങ്ങും. ‘അഡ് വെണ്ട്’ ദിനത്തിന്റെ (ആഗമന ദിനം) അന്നാണ് പൊതുവെ ഇവരുടെ ആഘോഷങ്ങൾ തുടങ്ങുന്നത്. ക്രിസ്ത്യൻ ചർച്ച് കലണ്ടറിൽ, യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ദിനങ്ങളാണ് ‘ആഗമന ദിനങ്ങൾ’. ക്രിസ്മസിനു മുൻപുള്ള നാലാമത്തെ ഞായറാഴ്ചയാണ് ആദ്യത്തെ ആഗമന ഞായറാഴ്ച. വൈവിധ്യമാർന്ന വസ്തുക്കൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ക്രിസ്മസ് കലണ്ടറുകൾ തുറന്നു അതിനുള്ളിലെ സമ്മാനങ്ങൾ സ്വന്തമാക്കുന്നത് ഈ സമയത്തെ മറ്റൊരു വിനോദമാണ്. കുടുംബത്തിലെ മുതിർന്നവർ സ്വന്തമായി കലണ്ടറുകൾ ഉണ്ടാക്കി കുട്ടികൾക്ക് സമ്മാനിക്കാറുമുണ്ട്.

നവംബർ മാസത്തോടെ എവിടെയും ദീപാലങ്കാരങ്ങൾ കൊണ്ട് നിറയും. എവിടെയും കുട്ടിക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിക്കും. സുഹൃത്തുക്കൾക്കിടയിൽ  മാത്രമല്ല വിവിധ കമ്മ്യൂണിറ്റികൾ, സംഘടനകൾ, കമ്പനികൾ, സ്കൂളുകൾ എന്നിവിടങ്ങളിലും ‘പിക്കു യൗളു’ നടത്താറുണ്ട്. ഈ ‘പിക്കു യൗളു’ പാരമ്പര്യം 1800കളിൽ ജർമ്മനി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നാണ് ഉത്ഭവിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഹെൽസിങ്കിയിൽ ഈ ‘പിക്കു യൗളു’ സംസ്കാരം ആരംഭിച്ചത്. സ്കൂളുകളിൽ നടന്ന "ക്രിസ്മസ് ട്രീ പാർട്ടികൾ" ആയിരുന്നു ആദ്യകാലങ്ങളിൽ ഈ ആഘോഷങ്ങളുടെ അടിസ്ഥാനം. 1930 കളിൽ സ്കൂളുകളിൽ ആരംഭിച്ച ഈ ആഘോഷം പിന്നീട് മറ്റു സമൂഹങ്ങളിലേക്കും വ്യാപിച്ചു.

finnish-christmas-celebration

പരമ്പരാഗതമായി, ക്രിസ്തുമസ് വിഭവങ്ങൾ ആദ്യമായി വിളമ്പുന്ന ദിവസമായിരുന്നു, പഴയകാലത്തു ഇവർക്ക് പിക്കു യൗളു. ഹാമും ഉപ്പിലിട്ട പച്ചമീനുകളും, ഓവനിൽ ബേക് ചെയ്ത കാരറ്റ്, ഉരുളക്കിഴങ്ങ് കാസറോളുകളുമാണ് ക്രിസ്തുമസ് വിരുന്നുമേശയിലെ പ്രധാന വിഭവങ്ങൾ. എന്നാൽ, ആധുനിക പിക്കു  യൗളുകളിൽ എപ്പോഴും ക്രിസ്തുമസ് വിഭവങ്ങൾ മാത്രമാവണമെന്നില്ല.

ഓരോ സ്ഥാപനങ്ങളും തങ്ങളുടെ കുട്ടി ക്രിസ്തുമസ്  ആഘോഷ ദിനങ്ങൾ ‌കാലേകൂട്ടി  തീരുമാനിക്കും. അന്നേ ദിവസം പാട്ടും നൃത്തവും അത്താഴവുമായി  എല്ലാവരും ഒത്തുചേരും. ഒരു മാസം മുൻപേ മെട്രോ, ട്രെയിൻ, ബസ് മുതലായ പൊതു ഗതാഗത സംവിധാനങ്ങൾ രാത്രി വൈകിയും, ഈ ആഘോഷങ്ങൾ കഴിഞ്ഞു വരുന്നവർക്കുവേണ്ടി കൂടുതൽ സമയം പ്രവർത്തന സജ്ജമാകും. സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകും. സ്കൂളുകളിൽ കുട്ടികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചും നാടകങ്ങൾ അവതരിപ്പിച്ചും സാന്തായെ വരവേൽക്കും. 

പുൽക്കൂടും കരോളുമില്ല; എവിടെയും അലങ്കരിച്ച ക്രിസ്മസ് മരങ്ങൾ 

നമ്മൾ മലയാളികൾ ഡിസംബർ മാസത്തിൽ ഉത്സാഹത്തോടെ പുൽക്കൂട് ഉണ്ടാക്കുമെങ്കിൽ ഫിൻലൻഡിലെ ആഘോഷങ്ങളിൽ പുൽക്കൂട് തീരെയില്ല. എന്നാൽ, ‘ക്രിസ്മസ് ട്രീ’ അലങ്കരിക്കുന്നത് ഇവർക്ക് പ്രിയപ്പെട്ടതാണ്. ഒരു മാസം മുൻപേ കടകളിൽ നിന്നും കൃത്രിമമായ ക്രിസ്തുമസ് മരങ്ങൾ വാങ്ങി അലങ്കരിക്കാറുണ്ട്. ചിലർ യഥാർഥ പൈൻ മരങ്ങൾ തന്നെയാണ് അലങ്കരിക്കാറ്. യഥാർഥ ‘യൗളു കൂസി’ (ക്രിസ്മസ് പൈൻ മരങ്ങൾ) ക്രിസ്മസിനു ഒരാഴ്ച്ച മുൻപ് മുതൽ മാത്രമേ ലഭ്യമാകൂ. ഡിസംബർ 21 (തുവോമാൻ ദിനം) മുതൽ ജനുവരി 6 (എപ്പിഫാനി  ദിനം) വരെയാണ് മറ്റുചിലർ ക്രിസ്മസ് മരങ്ങൾ അലങ്കരിക്കാറ്. അതുപോലെ നമ്മുടെ ആഘോഷങ്ങളിലെ കരോളും വീടുകൾ തോറും നക്ഷത്രങ്ങൾ തൂക്കുന്ന സമ്പ്രദായങ്ങളും ഇവർക്കില്ല.

finnish-christmas-celebration4

ജാലകങ്ങൾക്കരുകിൽ ‘തൊന്തുവും’ മെഴുകുതിരി വിളക്കുകളും

ഒരു മാസം മുൻപേ വീടുകളുടെ മാത്രമല്ല സ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും ജാലകങ്ങളിൽ മെഴുകുതിരി വിളക്കുകൾ തെളിയും. ക്രിസ്മസിന്റെ വരവ് മാലോകരെ അറിയിക്കും. ‘തൊന്തു’ ചങ്ങാതി ക്രിസ്തുമസ് കാലത്തെ ഇവരുടെ പ്രിയപ്പെട്ട അതിഥിയാണ്. ഉത്തരധ്രുവത്തിൽ സാന്താക്ലോസിനൊപ്പം ജീവിക്കുന്ന  അദ്ദേഹത്തിന്റെ സഹായിയാണ് ‘ക്രിസ്തുമസ് എൽഫ്' (ഫിന്നിഷ് ഭാഷയിൽ 'തൊന്തു') എന്ന കുള്ളൻ കുട്ടി. ഡിസംബർ മാസത്തിൽ കുട്ടികളുടെ കൂട്ടുകാരനാണ് ഈ കുള്ളൻ 'തൊന്തു'. തൊന്തു തൊപ്പികൾ അണിഞ്ഞാണ് കുട്ടികൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഈ ചങ്ങാതിയുടെ രൂപം ഉണ്ടാക്കി  വീടുകളുടെയും സ്കൂളുകളുടെയും ജാലകങ്ങളിൽ വയ്ക്കുന്നത് കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഒരു വിനോദമാണ്. 

finnish-christmas-celebration2

ശാന്തമായ ക്രിസ്മസ് ദിനം

തികച്ചും അന്തർമുഖികളായ സുവോമികൾക്ക് ഈ ഇരുണ്ട തണുത്ത ഡിസംബർ മാസം, പുതിയ വർഷത്തിലേക്കു പ്രത്യാശയേകിക്കൊണ്ടുള്ള ദിനങ്ങളാണ്  സമ്മാനിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ നഗരങ്ങൾ വളരെ ശാന്തമാണ്. ഈ നിശബ്ദമായ ദിനം ആഘോഷങ്ങളുടെ ദിനം തന്നെയാണോയെന്നു അന്നേ ദിവസം നഗരത്തിൽ ഇറങ്ങിയാൽ നമ്മൾ സംശയിച്ചേക്കും. പൊതുഗതാഗതങ്ങൾ വളരെ വിരളമായേ പ്രവർത്തിക്കുകയുള്ളു. കടകളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കും. നമ്മുടെ ആഘോഷദിനങ്ങൾ പോലെ  ആരവങ്ങളൊന്നുമില്ലാതെ തികച്ചും നിശബ്ദമായ അന്തരീക്ഷം. 

finnish-christmas-celebration6

അതേ അവർ തങ്ങളുടെ കുടുംബങ്ങളിൽ തിരക്കിലാണ്, പ്രിയപ്പെട്ടവർക്കൊപ്പം സൗന ബാത്ത് ചെയ്തും സമ്മാനങ്ങൾ പങ്കുവച്ചും അത്താഴം കഴിച്ചും, മറ്റൊരു ക്രിസ്മസ് ദിനത്തിന്റെ നനുത്ത ഓർമ്മകൾ നെയ്‌തെടുക്കുന്ന തിരക്കിൽ. ‘ഹുവാ യോളുവ കായ്‌കില്ലേ...’ (എല്ലാവർക്കും ക്രിസ്മസ് ആശംസകൾ)

English Summary: Finnish Christmas celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com