നിർമിത ബുദ്ധിയിൽ വിദഗ്ധരുടെ അഭാവം ഇന്ത്യയുടെ വെല്ലുവിളി:പ്രഫ അനിൽ

Mail This Article
അബുദാബി ∙ നിർമിത ബുദ്ധിയിൽ വിദഗ്ധരായ പ്രഫസർമാരുടെ അഭാവമാണ് ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് ലക്നൗ സ്വദേശിയും യുഎസിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രഫ അനിൽ കെ ജെയ്ൻ പറഞ്ഞു. ലോകത്തെ ആദ്യ എഐ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനത്തിന് അബുദാബിയിൽ എത്തിയ അദ്ദേഹം മനോരമയുമായി സംസാരിക്കുകയായിരുന്നു.
നിലവാരമുള്ള അധ്യാപകരുടെയും സൗകര്യങ്ങളുടെയും അഭാവത്തിൽ ഗുണനിലവാരമുള്ള എഐ തലമുറയെ വാർത്തെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ രംഗത്ത് വിദഗ്ധരായ ലോകോത്തര പ്രഫസർമാരെ നിയമിക്കണമെന്നും സൂചിപ്പിച്ചു. ഇന്ത്യയിൽ അപൂർവം ചില യൂണിവേഴ്സിറ്റികളിൽ എഐ വിദഗ്ധരുണ്ട്. ശേഷിച്ച യൂണിവേഴ്സിറ്റികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും പരിശീലിപ്പിക്കാൻ യോഗ്യരായ അധ്യാപകരെ കിട്ടാത്തതും മതിയായ സൗകര്യങ്ങളും ഡേറ്റകളും ഇല്ലാത്തതുമാണ് നേരിടുന്ന വെല്ലുവിളികൾ. ഡേറ്റ ഇല്ലാതെ എഐയുമായി മുന്നോട്ടുപോകാനാകില്ല.
സർക്കാരിന്റെ സഹകരണമുണ്ടെങ്കിൽ ഡേറ്റ പ്രശ്നവും മറ്റും പരിഹരിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞു. സോഫ്റ്റ് വെയറിലും മറ്റും വിദഗ്ധരായ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയുമായി ഏറെ അടുത്തുകിടക്കുന്ന അബുദാബിയിലെ എഐ യൂണിവേഴ്സിറ്റി അവസരം പ്രയോജനപ്പെടുത്തി ഈ രംഗത്തും വിദഗ്ധരാകാം. ഇങ്ങനെ ചെയ്താൽ ലോകത്ത് മികച്ച ശമ്പളത്തിന് ജോലി ലഭിക്കാൻ സാധ്യത ഏറെയുണ്ടെന്നും സൂചിപ്പിച്ചു. 100 ശതമാനം സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്നതിനാൽ ട്യൂഷൻ ഫീസ് അടക്കമുള്ള കാര്യങ്ങൾക്ക് പ്രയാസപ്പെടേണ്ടിവരില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ബയോമെട്രിക് സംവിധാനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഐഡി പദ്ധതിയായ ആധാർ 130 കോടിയിലേറെ ജനങ്ങൾക്ക് നൽകിയ ഇന്ത്യയ്ക്ക് ഈ രംഗത്ത് മികച്ച വാഗ്ദാനമാകാൻ സാധിക്കുമെന്നും പറഞ്ഞു. ആധാർ യാഥാർഥ്യമാക്കിയ ഇന്ത്യയെ ലോകം ഉറ്റുനോക്കിയിരുന്നതായി പദ്ധതിയുടെ ഉപദേശകനും യുഎസ് ഡിഫൻസ് സയൻസ് ബോർഡ് അംഗവുമായ അനിൽ കെ ജയിൻ പറഞ്ഞു.