ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ∙ വേനൽ കടുത്തതിനാൽ രോഗങ്ങളെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ.

പകൽ ചൂടും പൊടിക്കാറ്റും ശക്തിപ്പെട്ടു തുടങ്ങി. നേരിട്ട് സൂര്യപ്രകാശവും അന്തരീക്ഷ ഈർപ്പവും ശരീരത്തിൽ ഏൽക്കുമ്പോൾ ശ്വാസകോശ അണുബാധകളും അലർജികളും ഉണ്ടാകുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പിഎച്ച്‌സിസി) ഫാമിലി മെഡിസിൻ സീനിയർ കൺസൽറ്റന്റും ഖത്തർ സർവകലാശാല ഹെൽത്ത് സെന്റർ മാനേജറുമായ ഡോ.അൽ അനൗദ് സലേഹ് അൽ ഫിഹെയ്ദി ചൂണ്ടിക്കാട്ടി. ശീതീകരിച്ച മുറികളിൽ നിന്ന് പെട്ടെന്ന് ചൂടിലേക്ക് ഇറങ്ങുമ്പോഴും ചൂടിൽ നിന്ന് തണുപ്പിലേക്ക് പ്രവേശിക്കുമ്പോഴും ഇതേ പ്രശ്‌നം  ഉണ്ടാകും. 

  ചൂട് കാലാവസ്ഥയിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഡോ.അൽ അനൗദ് പറ‍ഞ്ഞു. ഭക്ഷണം കൂടുതൽ സമയം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വയ്ക്കരുത്. ചൂടിൽ കൂടുതൽ സമയം പുറത്തുവയ്ക്കുമ്പോൾ കേടാകാനും അതുവഴി ഭക്ഷ്യവിഷബാധയ്ക്കും ഇടയാകും. വയറു വേദന, വയറിളക്കം, ഛർദ്ദി, അമിത ക്ഷീണം തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ. കടുത്ത നിർജലീകരണം, അവയവങ്ങൾക്ക് തകരാർ എന്നിവയിലേക്കും ഭക്ഷ്യ വിഷബാധ നയിക്കും. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കും. കുട്ടികൾ, വയോധികർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ വേഗത്തിൽ പിടിപെടാൻ സാധ്യത.

 

 

മറക്കരുത്, മുൻകരുതൽ 

∙സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പ്രത്യേകിച്ചും നട്ടുച്ച സമയങ്ങളിൽ ഒഴിവാക്കുക. എസിയുടെ നേരെ മുൻപിൽ നിന്ന് തണുപ്പേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙അണുബാധ ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കുന്നതും നല്ലതാണ്. 

∙ ആസ്മ രോഗികൾ പൊടിക്കാറ്റ്, ഉയർന്ന അന്തരീക്ഷ ഈർപ്പം എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണം. ചൂട് കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പുറത്തു പോകുമ്പോൾ പ്രത്യേകിച്ചും വ്യായാമം, നടത്തം, സൈക്കിൾ സവാരി എന്നിവയ്ക്കായി പോകുമ്പോൾ മരുന്ന്, ഇൻഹെയ്‌ലറുകൾ എന്നിവ കൈവശം സൂക്ഷിക്കണം.

∙ വീടിന് പുറത്തിറങ്ങുമ്പോൾ ഭാരം കുറഞ്ഞതും ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കണം. കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് നല്ലത്. 

∙ ഇറുകിയ വസ്ത്രങ്ങളും പോളിസ്റ്റർ, നൈലോൺ, വെൽവെറ്റ് തുടങ്ങിയ വസ്ത്രങ്ങളും ഒഴിവാക്കണം. 

∙ ചർമം സംരക്ഷിക്കാൻ സൺസ്‌ക്രീൻ ക്രീമുകൾ ഉപയോഗിക്കണം. ചർമം വരണ്ടു പോകാതെയും പൊള്ളിപ്പോകാതെയും സംരക്ഷിക്കാൻ ഇത്തരം ക്രീമുകൾ സഹായകമാണ്. 

∙ സൺ ഗ്ലാസ് ധരിക്കണം. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുട ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്യാം.

 

 

കാലാവസ്ഥാ മാറ്റം: പ്രത്യാഘാതം നേരിടാൻ തന്ത്രമൊരുക്കി ഖത്തർ

 

ദോഹ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ മുന്നൂറിലധികം തന്ത്രങ്ങൾ കണ്ടെത്തിയതായി കാലാവസ്ഥാ വ്യതിയാന വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജിനീയർ അഹമ്മദ് മുഹന്നദ് അൽസദ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ  പരിചരണം, ഭക്ഷ്യ സുരക്ഷ സാമ്പത്തികം, ജൈവ വൈവിധ്യം, ജല സുരക്ഷ തുടങ്ങി എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുള്ളതാണിത്. 

   ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടും മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. സമഗ്ര ദേശീയ കർമ പദ്ധതിയാണ് മന്ത്രാലയം തയാറാക്കിയത്. വ്യത്യസ്ത ഓഹരി പങ്കാളികൾ, ദേശീയ, രാജ്യാന്തര സംഘടനകൾ എന്നിവയെല്ലാം സഹകരിച്ചായിരിക്കും ലക്ഷ്യം നേടുക. 

കണ്ടൽക്കാടുകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ഹരിത മേഖലകൾ വർധിപ്പിക്കുക തുടങ്ങി ഒട്ടേറെ നടപടികളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാജ്യം സ്വീകരിച്ചത്.

English Summary : As temperatures soar, health experts caution people in Qatar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com