ചൈനീസ് ഇഞ്ചി 'തൊട്ടാൽ പൊള്ളും'; ഉപയോഗം പരമാവധി കുറച്ച് പ്രവാസികൾ
Mail This Article
അബുദാബി ∙ കാണാൻ മൊഞ്ചുള്ള ചൈനീസ് ഇഞ്ചിക്ക് തൊട്ടാൽ പൊള്ളുന്ന വില. കിലോയ്ക്ക് 27 ദിർഹം (611 രൂപ) വരെ ഉയർന്ന ഇഞ്ചിക്ക് ഇപ്പോൾ പ്രാദേശിക വിപണിയിൽ 23.99 ദിർഹമായി (542.93 രൂപ). വാരാന്ത്യ ഓഫറിൽ ചിലയിടങ്ങളിൽ ഇന്നലെ വരെ 18–21 ദിർഹത്തിനു കിട്ടി. എന്നാൽ ഒരു മാസം മുൻപുണ്ടായിരുന്ന 6–7 ദിർഹത്തിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ.
ചൈനയിൽ ഇഞ്ചി ഉൽപാദനം കുറഞ്ഞതും വിള നശിച്ചതുമാണ് ഗൾഫിൽ ഇഞ്ചിക്ക് നേരത്തെ വില കൂടാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. മൊത്ത വിപണിയിൽ മൂന്നര കിലോയ്ക്ക് 40 ദിർഹത്തിന് (905 രൂപ) ലഭിക്കുന്ന ഇഞ്ചിക്കാണ് പ്രാദേശിക വിപണിയിൽ ഇത്രയധികം വില ഈടാക്കുന്നത്. മൊത്തവിപണിയിൽ വില കുറഞ്ഞിട്ടും ചില്ലറ വ്യാപാരികൾ കൂടിയ വില ഈടാക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയായി.
വിലക്കുറവിന്റെ ആനുകൂല്യവും വൃത്തിയാക്കാൻ എളുപ്പവും ആയതിനാൽ വർഷങ്ങളായി ചൈനീസ് ഇഞ്ചിക്കും വെളുത്തുള്ളിക്കും ആവശ്യക്കാരേറെയാണ്.
ഇന്ത്യൻ ഇഞ്ചിക്ക് ഇടക്കാലത്ത് വില കൂടുതലായിരുന്നു. ഇപ്പോൾ ചൈനീസ് ഇഞ്ചിക്കും വെളുത്തുള്ളിക്കും വില കൂടിയതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചു. ഓണക്കാലത്ത് ഇഞ്ചിക്കറി ഉണ്ടാക്കാനും മറ്റും മലയാളികൾ വാങ്ങിയതും ഇന്ത്യൻ ഇഞ്ചിയാണ്. ഇന്നലെ ഒരു കിലോ ഇന്ത്യൻ ഇഞ്ചിക്ക് 14 ദിർഹമാണ് (316 രൂപ) വില. അതിനാൽ ഇഞ്ചി ഉപയോഗം പരമാവധി കുറയ്ക്കുകയാണ് പ്രവാസികൾ.ഇതേസമയം വൻകിട സൂപ്പർമാർക്കറ്റിൽ ചൈനീസ് ഇഞ്ചിക്ക് 17.95 ദിർഹമും ഇന്ത്യൻ ഇഞ്ചിക്ക് 15.95 ദിർഹമുമാണ് വില.
English Summary: Price of Chinese ginger in the UAE is high.