ദോഹയിൽ അടിയന്തര ആരോഗ്യ പരിചരണം അരികിൽ; ദേശീയ ക്യാംപെയ്‌ന് തുടക്കമായി
Mail This Article
ദോഹ∙ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിയന്തര ആരോഗ്യ പരിചരണ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ദേശീയ ക്യാംപെയ്‌ന് തുടക്കമായി. പൊതുജനാരോഗ്യ മേഖലയുടെ എമർജൻസി, അത്യാവശ്യപരിചരണ സേവനങ്ങളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചുമാണ് ബോധവൽക്കരണം നടത്തുന്നത്.
ഫെബ്രുവരി അവസാനം വരെ നീളുന്ന ക്യാംപെയ്ൻ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി), സിദ്ര മെഡിസിൻ, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
ഉയർന്ന ഗുണനിലവാരത്തിൽ ഏറ്റവും മികച്ച എമർജൻസി, അത്യാവശ്യ പരിചരണ സേവനങ്ങളാണ് ഖത്തറിന്റെ പൊതുജനാരോഗ്യ മേഖല നൽകുന്നത്.
ഗുരുതരാവസ്ഥയിലും ജീവന് ഭീഷണിയുണ്ടാക്കുന്ന ആരോഗ്യാവസ്ഥയിലും ള്ളവർക്കും മികച്ച പരിചരണമാണ് നൽകി വരുന്നതെന്ന് ഹെൽത്ത് കെയർ കമ്യൂണിക്കേഷൻസ് സുപ്രീം കമ്മിറ്റി അധ്യക്ഷൻ അലി അബ്ദുല്ല അൽ ഖാദർ വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യ പരിചരണ ആവശ്യങ്ങൾക്കായി ഏറ്റവും മികച്ചതും ശരിയായതുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള അവബോധം നൽകുകയാണ് ക്യാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ ഖാദർ വിശദമാക്കി. ദേശീയ ക്യാംപെയ്‌ന്റെ ഭാഗമായി എമർജൻസി-അത്യാവശ്യ കെയർ വെബ്‌സൈറ്റും ആരംഭിച്ചു. എല്ലാ സേവനങ്ങളെക്കുറിച്ചും അവ എവിടെയൊക്കെ, എങ്ങനെ ലഭ്യമാണെന്നതും വെബ്‌സൈറ്റിലുണ്ട്.
എച്ച്എംസിയുടെ കീഴിൽ ദേശീയ ആംബുലൻസ് സേവനം, 7 എമർജൻസി വകുപ്പുകൾ, 5 പീഡിയാട്രിക് എമർജൻസി സെന്ററുകൾ, അത്യാവശ്യ കൺസൽറ്റേഷൻ സർവീസ് ഹെൽപ് ലൈൻ എന്നിവയുണ്ട്.
പിഎച്ച്‌സിസിയുടെ ഹെൽത്ത് സെന്ററുകളിലെ 10 അത്യാവശ്യ യൂണിറ്റുകളിൽ 5 എണ്ണം മുതിർന്നവർക്ക് മാത്രമായുള്ളതും 5 എണ്ണം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ളതുമാണ്. അത്യാവശ്യ കൺസൽറ്റേഷൻ സർവീസ് ഹെൽപ് ലൈനുമുണ്ട്.
സിദ്ര മെഡിസിനിൽ പീഡിയാട്രിക് എമർജൻസി വകുപ്പ് (പബ്ലിക്), പീഡിയാട്രിക് അത്യാവശ്യ പരിചരണ സെന്റർ (പ്രൈവറ്റ്), വനിതകൾക്കുള്ള ഒബ്‌സ്റ്റെട്രിക്‌സ് ട്രയേജ്, അത്യാവശ്യപരിചരണം എന്നിവയും പൊതുജനാരോഗ്യ മന്ത്രാലയത്തിലും ക്യൂആർസിഎസിലും 3 അത്യാവശ്യ പരിചരണ സെന്ററുകളുമുണ്ട്.