തിരക്കേറുന്നു; 72 പാർക്ക് കൂടി തുറക്കാൻ ദുബായ്
Mail This Article
ദുബായ് ∙ അടുത്ത 3 വർഷത്തിനകം ദുബായിൽ പുതിയതായി 72 പാർക്കുകൾ കൂടി തുറക്കുമെന്ന് നഗരസഭ. നിലവിൽ നഗരസഭയ്ക്ക് കീഴിൽ ദുബായിൽ 220 പാർക്കുകളുണ്ട്. വിശ്രമത്തിനും വിനോദത്തിനും പാർക്കുകളിലേക്ക് എത്തുന്നവരുടെ എണ്ണമേറുന്ന സാഹചര്യത്തിലാണ് കൂടുതൽ പാർക്കുകൾ തുറക്കുന്നത്. കഴിഞ്ഞ വർഷം 2.6 കോടി പേരാണ് പാർക്കുകളിലെത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി നടത്തിയ പരിഷ്കരണ പദ്ധതികളാണ് ഇതിനു കാരണമെന്നു ദുബായ് പബ്ലിക് പാർക്സ് ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അൽസർ ഊനി പറഞ്ഞു. ടൂറിസം മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജിനും തുടക്കമിട്ടു.
∙ പാക്കേജുകളുമായി സഫാരി പാർക്ക്
ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന സന്ദർശകരെ ഒരു പോലെ ലക്ഷ്യമിട്ടാണ് പാർക്കുകളിൽ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. സഫാരി പാർക്കിൽ സാധാരണ ടിക്കറ്റും സഫാരി ട്രിപ്പെന്ന പ്രത്യേക പ്രവേശന പാസുമുണ്ട്. ഇതിനു പുറമെ വിഐപി വിഭാഗത്തിലും ടിക്കറ്റ് ലഭിക്കും.
ഈ മാസം മുതൽ 105 ദിർഹത്തിന്റെ ഫാമിലി ടിക്കറ്റും ആരംഭിച്ചു. 2 മുതിർന്നവർക്കും മൂന്ന് കുട്ടികളും പ്രവേശിക്കാവുന്ന ഈ ടിക്കറ്റിൽ കുട്ടികൾക്ക് പാർക്കിലേക്ക് സൗജന്യ പുന:പ്രവേശനവും അനുവദിക്കുന്നു. ഇതു ചൂടുകാലത്തെ പ്രത്യേക പാക്കേജാണ്. സബീൽ പാർക്കിലെ ദുബായ് ഫ്രെയിം, ഗാർഡൻ ഗ്ലോ, ഖവനീജിലെ ഖുർആൻ പാർക്ക്, ചിൽഡ്രൻസ് സിറ്റി, ക്രീക്കിലെ ഡോൾഫിനേറിയം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് എല്ലാ സീസണിലും തിരക്കാണ്.