കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി; അവസാനനിമിഷം തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ട് സ്വദേശി
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ ഇന്ന് രാവിലെ സെന്‍ട്രല്‍ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാര്‍, രണ്ട് ഇറാന്‍ സ്വദേശികള്‍ ഒരു പാക്കിസ്ഥാന്‍ പൗരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനല്‍ എക്സിക്യൂഷന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെയും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനല്‍ കേസുകളില്‍ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവര്‍. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസില്‍ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സ്വദേശിനിയുടെ ബന്ധുക്കള്‍ ദയാധനം നല്‍കാന്‍ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
കഴിഞ്ഞ വര്‍ഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരന്‍, രണ്ട് ബെദൂനികള്‍ (പൗരത്വമില്ലാത്ത പട്ടികയില്‍ ഉള്ളവര്‍), ഒരു ഈജിപ്തുകാരന്‍, ഒരു ശ്രീലങ്കക്കാരന്‍ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍, ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇയാളുടെ വിഷയത്തില്‍ അവസാന ഘട്ടത്തില്‍ എംബസിയുടെ അടിയന്തരമായ ഇടപെടലില്‍ വധശിക്ഷ താല്‍ക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസന്‍ നടേശനാണ് കഴിഞ്ഞ വര്‍ഷം തൂങ്ങിലേറ്റിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 2015-ല്‍ ഒരു ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസില്‍ ഉള്‍പ്പെട്ടാണ് അൻപുദാസന്‍ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാര്‍ ഇയാളെ നേരില്‍ കണ്ടപ്പോഴാണ് നാട്ടില്‍ നിന്നും ദയാധനം നല്‍കി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാല്‍ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാര്‍ ഉടന്‍ തന്നെ വിഷയം സ്ഥാനപതി ആദര്‍ശ് സൈക്വയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഉടന്‍തന്നെ,കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.