അതിവേഗം ബഹുദൂരം കുതിക്കാൻ പ്രിന്റ് ചെയ്തെടുക്കും റെയിൽ ബസുമായി ദുബായ്; ലക്ഷ്യം ഗതാഗത മേഖലയിലെ വിപ്ലവകരമായ മാറ്റം

Mail This Article
ദുബായ് ∙ പൊതുഗതാഗത രംഗത്തേക്ക് അത്യാധുനിക റെയിൽ ബസ് അവതരിപ്പിക്കാൻ ഒരുങ്ങി ദുബായ്. പുനരുപയോഗ വസ്തുക്കളിൽ നിന്ന് ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് റെയിൽ ബസ് നിർമിക്കുന്നത്. നഗര ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് റെയിൽ ബസിലൂടെ ലക്ഷ്യമിടുന്നത്.
റെയിലിലൂടെ സഞ്ചരിക്കുന്ന ബസ് ആണ് റെയിൽ ബസ്. ഒരു ബസിൽ 40 പേർക്കാണ് സീറ്റുണ്ടാവുക. ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം ലഭ്യമാണ്. സീറ്റുകൾക്ക് മുന്നിലുള്ള സ്ക്രീനിൽ അടുത്ത സ്റ്റേഷൻ ഏതെന്നത് അടക്കം എല്ലാ യാത്രാവിവരങ്ങളും തെളിയും. കാലാവസ്ഥയും പ്രാദേശിക സമയവും അടക്കം ഡിസ്പ്ലേയിലുണ്ടാകും.
മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിച്ചായിരിക്കും റെയിൽബസും സഞ്ചരിക്കുക. ഇതിനായി പ്രത്യേക പാതകൾ നിർമിക്കും. തൂണുകളിൽ ഉയർത്തിയ പാതകളായിരിക്കും റെയിൽ ബസിനായി ഒരുക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ റെയിൽ ബസുകൾക്ക് കഴിയും.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസിന് ഡ്രൈവർ ഉണ്ടാകില്ല. കാർബൺ വാതകത്തിന്റെ അളവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമായാണ് പുതിയ പൊതുഗതാഗത സംവിധാനം ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത മേഖലയിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ ഇറക്കുന്നതിനായി പ്രഖ്യാപിച്ച ദുബായ് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുമായും പുതിയ പദ്ധതി ചേർന്നു പോകും.
ചെറുതും ലഘുവും ആയതിനാൽ റെയിൽ ബസ് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ചെറുതായിരിക്കുമെന്ന് ആർടിഎ പറയുന്നു. എന്നു മുതലായിരിക്കും റെയിൽ ബസുകൾ നിരത്തിലിറങ്ങുക എന്നതു സംബന്ധിച്ച പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളു. ഏതെല്ലാം മേഖലകളിലാണ് റെയിൽ ബസ് വരിക എന്നതു സംബന്ധിച്ചുള്ള വിവരങ്ങളും ആർടിഎ പുറത്തു വിട്ടിട്ടില്ല. റെയിൽ ബസിന്റെ മാതൃക മദീനത്ത് ജുമൈറയിൽ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. പാഴ്‌വസ്തുക്കൾ പുനരുപയോഗം ചെയ്തു നിർമിക്കുന്നതിലൂടെ മാലിന്യത്തിനെതിരായ പോരാട്ടത്തിൽ പ്രധാനചുവട് കൂടിയാകും പദ്ധതി. ത്രിഡിയിൽ പ്രിന്റ് ചെയ്ത് എടുക്കാം എന്നതിനാൽ, നിർമാണ സമയത്തിന്റെയും ചെലവിന്റെയും കാര്യത്തിൽ വലിയ ലാഭമാണുണ്ടാവുക. സൗരോർജം ഉപയോഗിക്കുന്നതിനാൽ ഇന്ധനത്തിന്റെ കാര്യത്തിലും പരിസ്ഥിതി സൗഹൃദമാകാൻ റെയിൽ ബസിനു കഴിയും.