ആഡംബര കാഴ്ചകളുമായി ദുബായ് മറീനയിൽ രാജ്യാന്തര ബോട്ട് ഷോ

Mail This Article
ദുബായ് ∙ ജലയാനങ്ങളിലെ ആഡംബര കാഴ്ചകളുമായി മറീനയിൽ ദുബായ് രാജ്യാന്തര ബോട്ട് ഷോ ആരംഭിച്ചു. കോടികൾ വിലയുള്ള ആഡംബര യോട്ടുകളും പുതുതലമുറ എൻജിനുകളുമാണ് മുഖ്യ കാഴ്ചകൾ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന, കാർബൺ പുറന്തള്ളൽ ഇല്ലാത്ത, ഹൈഡ്രജൻ ഉപയോഗിച്ചുള്ള പ്രകൃതി സൗഹൃദ എൻജിനുകളാണ് മേളയിലെ പ്രധാന ആകർഷണം. അന്തരീക്ഷ മലിനീകരണം വെല്ലുവിളിയായതോടെയാണ് ഹൈബ്രിഡ് എൻജിനുകളിലേക്ക് യോട്ടുകൾ ചുവടുമാറ്റുന്നത്.
ദുബായുടെ രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോട്ട് മേള ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നായി 1000 കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. യോട്ടുകളും ബോട്ടുകളും അടക്കം 200 ജലയാനങ്ങൾ മേളയിൽ അണിനിരന്നു. യോട്ട് നിർമാണ മേഖലയിലെ രാജ്യാന്തര കമ്പനികളായ അസിമത്, ഫെറെറ്റി, ഗൾഫ് ക്രാഫ്റ്റ്, സൺസീക്കർ ഉൾപ്പടെയുള്ളവർ മേളയിലുണ്ട്.
വൻകിട ബോട്ട്, യോട്ട് കച്ചവടമാണ് മേളയിൽ നടക്കുന്നത്. യോട്ടുകളിൽ കിടപ്പുമുറി, സ്വീകരണമുറി, വിശ്രമ മുറി, അടുക്കള ഉൾപ്പെടെ സൗകര്യങ്ങൾ വർധിക്കും തോറും വിലയും കൂടും. അന്തരീക്ഷ മലിനീകരണം വെല്ലുവിളിയായതോടെയാണ് ഹൈബ്രിഡ് എൻജിനുകളിലേക്ക് യോട്ടുകളും ചുവടുമാറ്റുന്നത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോട്ട് മേള സന്ദർശിച്ചു.