ലോകത്തിലെ ആദ്യ രാജ്യം; യുഎഇയിൽ റമസാൻ ചന്ദ്രക്കല വീക്ഷിക്കുന്നത് ഡ്രോൺ ഉപയോഗിച്ച്

Mail This Article
ദുബായ്∙ റമസാൻ ചന്ദ്രക്കല വീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കുമെന്ന് യുഎഇ. ലോകത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് റമസാൻ ചന്ദ്രക്കല വീക്ഷിക്കുന്നത്. യുഎഇ ഫത്വ കൗൺസിലാണ് ഇതിന് അനുമതി നൽകിയത്.ഡ്രോണുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും ഉണ്ടാകും.
ഇന്ന് (വെള്ളി) വൈകിട്ട് റമസാൻ ചന്ദ്രക്കല കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് യുഎഇ എല്ലാ മുസ്ലിങ്ങളോടും ആഹ്വാനം ചെയ്തു. തീയതികളും മാസങ്ങളും നിർണയിക്കാൻ രാജ്യം വികസിപ്പിച്ചെടുത്ത ഉമ്മുൽ ഖുറ കലണ്ടറിലെ 29 ശഅബാനുമായി ഈ തീയതി(28) യോജിക്കുന്നതിനാലാണിത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നേരിട്ടുള്ള കാഴ്ച'യുടെ വിപുലീകരണമായി കണക്കാക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. ചന്ദ്രക്കല കണ്ടതായി സ്ഥിരീകരിക്കുന്നതിനുള്ള അടിസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതിനൊപ്പം മികച്ച നൂതന ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചും ചന്ദ്രനെ കാണാൻശ്രമിക്കുന്നു. കൂടാതെ ജ്യോതിശാസ്ത്രജ്ഞരും നിരീക്ഷണം നടത്തും.
ഇന്ന് വൈകിട്ട് മഗ്‌രിബ്(പ്രദോഷം) നമസ്‌കാരത്തിന് ശേഷം ചന്ദ്രനെ കണ്ടാൽ നാളെ( മാർച്ച് 1) റമസാൻ ആരംഭിക്കും. അതേസമയം, ചന്ദ്രക്കല ദർശിച്ചില്ലെങ്കിൽ വ്രത മാസം മാർച്ച് 2 ന് ആരംഭിക്കും. നാളെ റമസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ചന്ദ്രക്കല കാണാൻ സൗദിയും ആഹ്വാനം ചെയ്തിട്ടുണ്ട്.