വമ്പിച്ച വിലക്കുറവ്, പതിനായിരത്തിലധികം ഉൽപന്നങ്ങൾക്ക് 75 ശതമാനം ഓഫർ; വിലക്കുറവിന്റെ ആഘോഷരാവുകളുമായി ഷാർജ റമസാൻ നൈറ്റ്സ്

Mail This Article
ഷാർജ ∙ രാത്രികാലങ്ങളെ വിലക്കുറവിന്റെ ആഘോഷരാവുകളാക്കി ഷാർജ റമസാൻ നൈറ്റ്സിന്റെ 35-ാം പതിപ്പിന് എക്സ്പോ സെന്ററിൽ വർണാഭമായ തുടക്കം. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്‌സ്‌പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ഉദ്ഘാടനം നിർവഹിച്ചു.
35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രദർശനത്തിൽ 200ലേറെ റീട്ടെയിലർമാരും 500 ആഗോള, പ്രാദേശിക ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമസാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉള്ളത്. 10,000-ത്തിലധികം ഉൽപന്നങ്ങൾ 75% വരെ വിലക്കുറവിൽ നൽകുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായുള്ള പ്രത്യേക ഓഫറുകളാണ് മറ്റൊരു പ്രത്യേകത.
എല്ലാവർക്കും ഷോപ്പിങ്, വിനോദ പരിപാടികൾ, പ്രത്യേക ഓഫറുകൾ എന്നിവ നൽകാനാണ് 25 ദിവസത്തെ പ്രദർശനം ലക്ഷ്യമിടുന്നത് എന്ന് ഷാർജ എക്സ്പോ സെന്റർ ചീഫ് കോമേഴ്സ്യൽ ഓഫിസർ സുൽത്താൻ അൽ ഷത്താഫ് പറഞ്ഞു. റമസാൻ നൈറ്റ്സിൽ അറബ് പാരമ്പര്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന ഹെറിറ്റേജ് വില്ലേജ് ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു. വൈവിധ്യമാർന്ന പൈതൃക, കലാപരിപാടികൾക്കും ഇവിടം വേദിയാകുന്നു. ഈ മാസം 30 വരെ എല്ലാ ദിവസവും വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെയും ഈദ് അൽ ഫിത്ർ സമയത്ത്(റമസാൻ അവസാന 10 ദിവസം) 3 മുതൽ 12 വരെയുമാണ് പ്രദർശനം.
ചടങ്ങിൽ ഷാർജ എക്സ്പോ സെന്റർ സിഇഒ സെയ്ഫ് മുഹമ്മദ് അൽ മിദ് ഫ, എസ് സിസിെഎ വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാതിർ, ഡയറക്ടർ ജനറൽ മുഹമ്മദ് അഹമദ് അമിൻ അൽ വാദി, കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം അസി.ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഷംസി, കോ ഓപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടറും ഷാർജ റമസാൻ ഫെസ്റ്റിവൽ ജനറൽ കോ ഓർഡിനേറ്ററുമായ ജമാൽ സഇൌദ് ബൌസൻജാൽ, ഷാർജ എക്സ്പോ സെന്റർ ചീഫ് കോമേഴ്സ്യൽ ഓഫീസർ സുൽത്താൻ ഷത്താഫ്, എക്സ്പോ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.