2015ൽ പിൻവലിച്ച കറൻസി മാറ്റാൻ അവസരം; ഏപ്രിൽ 18 വരെ സമയം അനുവദിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

Mail This Article
കുവൈത്ത് സിറ്റി∙ 2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് ഹാളിൽ നേരിട്ട് എത്തി നോട്ടുകൾ സമർപ്പിക്കണം. നോട്ട് കൈവശമുള്ളവർ വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കി, നിർദിഷ്ട ഫോം പൂരിപ്പിച്ചു നൽകണം. 2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്.
അഞ്ചാം പതിപ്പ് നോട്ടുകൾ കൈവശമുള്ളവർ എത്രയും വേഗം അവ മാറണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. ഏപ്രിൽ 19ന് ശേഷം പ്രസ്തുത നോട്ടുകൾക്ക് നിയമസാധുത ഇല്ലാതാകും. റമസാൻ മാസത്തിൽ ബാങ്കിങ് ഹാളിന്റെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്. റമസാനിന് ശേഷം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.