കുവൈത്തിൽ നിന്ന് പ്രതിമാസം 3,000 പ്രവാസികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്

Mail This Article
കുവൈത്ത്സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ് ജുഡീഷ്യല്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് നാടുകടത്തുന്നത്.
ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ ആധുനികവല്‍കരണമാണ് ഏറ്റവും ശ്രദ്ധേയമായ പുരോഗതികളില്‍ ഒന്ന്. പുതിയ നാട് കടത്തല്‍ കേന്ദ്രം അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കി. ഇതോടെ മാസംതോറും 3000 പേരെ തിരിച്ചയക്കാന്‍ കഴിയുന്നുണ്ടന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്.
സ്പോണ്സറോ, നാടുകടത്തപ്പെടുന്നയാളോ യാത്രാ ടിക്കറ്റ് നല്കുന്നതില് പരാജയപ്പെട്ടാല്‍, ഡിപ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനുള്ളിലുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി ആഭ്യന്തര മന്ത്രാലയം ടിക്കറ്റ് എടുക്കും. പിന്നീട് പ്രസ്തുത ചെലവ് സ്പോണ്സറില് നിന്ന് മന്ത്രാലയം ഈടാക്കുമെന്നും വ്യക്തമാക്കി. നാട് കടത്തല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ ശരാശരി മൂന്ന് ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കും. എന്നാല്‍, സാധുവായ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാകാന്‍ താമസമെടുക്കുന്ന വേളയില്‍ വൈകാറുണ്ട്. മനുഷ്യാവകാശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് നട്കടത്തല്‍ പ്രക്രിയ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.