റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ

Mail This Article
ദുബായ് ∙ വ്രതശുദ്ധി കൈവരിച്ച ഹൃദയങ്ങളോടെ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ ഇമാമുമാർ ജുമുഅ ഖുതുബയിൽ ആഹ്വാനം ചെയ്തു.
രണ്ട് നോമ്പ് കൂടി കഴിഞ്ഞാൽ റമസാൻ 30 പൂർത്തിയാകും. ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ 29 ദിവസത്തിൽ അവസാനിക്കും. വിട പറയുന്നതിനു മുൻപുള്ള അവസാന വെള്ളിയാഴ്ച പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുന്നതായിരുന്നു. നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകിയ വിശ്വാസികൾ അകവും പുറവും ഒരു പോലെ ഭക്തി സാന്ദ്രമാക്കി.
വ്രതമാസം നന്മകൾ കൊണ്ട് മത്സരിക്കാനുള്ള കളരി
അവശേഷിക്കുന്ന ദിവസങ്ങളിൽ കൂടി സൽക്കർമങ്ങൾ കൊണ്ട് മുന്നോട്ട് കുതിക്കണമെന്ന ആമുഖത്തോടെയാണ് ഖത്തീബുമാർ പ്രസംഗം ആരംഭിച്ചത്. കുറച്ചാണെങ്കിൽ പോലും സ്ഥായിയായി ചെയ്യുന്ന കർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമെന്ന പ്രവാചക വചനം ഉദ്ധരിച്ച് പുണ്യങ്ങളിൽ നിന്ന് ഉൾവലിയരുതെന്ന് ഇമാമുമാർ വിശ്വാസികളെ ഉണർത്തി.

ഓരോ അനുഗൃഹീത അവസരങ്ങളും അവസാനിക്കുമ്പോൾ അല്ലാഹുവിനോട് നന്ദികാണിക്കണം. റമസാനിലെ ശേഷിക്കുന്ന മണിക്കൂറുകൾ പുണ്യ പ്രവൃത്തികളുടെ നിക്ഷേപത്തിനുള്ളതാണ്. സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വർഗവും കരഗതമാകാൻ പ്രാർഥനയും പാരായണവും കൊണ്ട് വിശ്വാസികളുടെ വീടുകളും ഹൃദയവും പ്രഭാപൂരിതമാക്കണമെന്നും പണ്ഡിതർ ഉദ്ബോധിപ്പിച്ചു. പല ഇമാമുമാരും കണ്ഠമിടറിക്കൊണ്ടാണ് പ്രാർഥന പൂർത്തിയാക്കിയത്. വ്യക്തിഗത നിർബന്ധ ദാനമായ ഫിത്ർ സക്കാത്ത് നൽകാൻ വിശ്വാസികളോട് അഭ്യർഥിച്ചു.

നവജാത ശിശുക്കളുടെ പേരിൽ പോലും നിർബന്ധമായ ഈ ദാനം പെരുന്നാൾ നമസ്കാരത്തിനു മുൻപ് നൽകിയിരിക്കണം. വിശ്വാസികളുടെ വ്രതശുദ്ധിയും അഗതികൾക്കുള്ള അന്നവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 25 ദിർഹമാണ് യുഎഇ മതകാര്യ വകുപ്പ് ഫിത്ർ സക്കാത്ത് നിശ്ചയിച്ചതെന്നും ഖത്തീബുമാർ ഓർമിപ്പിച്ചു.