ഗായകൻ അഫ്സലിന്റെ സഹോദരൻ ഷംസ് കൊച്ചിൻ അന്തരിച്ചു; വിടവാങ്ങിയത് ബഹ്‌റൈൻ ഗാനവേദികളിലെ നിറസാന്നിധ്യം

Mail This Article
മനാമ∙ ബഹ്‌റൈനിലെ കലാ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കീബോർഡിസ്റ്റുമായ ഷംസ് കൊച്ചിൻ (65) അന്തരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം കഴിഞ്ഞ മൂന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. നാട്ടിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഒട്ടേറെ പ്രശസ്ത ഗായകർക്ക് ബഹ്‌റൈനിലെ സംഗീത വേദികളിൽ പിന്നണിയൊരുക്കിയിട്ടുള്ള ഷംസ് കൊച്ചിൻ, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ വിവിധ വേദികളിൽ സംഗീത സന്ധ്യകൾ സംഘടിപ്പിക്കുകയും സംഗീത പരിശീലനം നൽകുകയും ചെയ്തിരുന്നു. പിന്നണി ഗായകൻ അഫ്സലിന്റെ സഹോദരൻ കൂടിയായ ഷംസ് ബഹ്‌റൈനിലെ കലാ സാംസ്‌കാരിക കൂട്ടായ്മകളിൽ സജീവ അംഗമായിരുന്നതോടൊപ്പം തന്നെ സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.
ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായ പടവ് കുടുംബവേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. കലാരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കെഎംസിസി ബഹ്‌റൈൻ ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഗായകരായ അഫ്സൽ, അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്. മക്കൾ: നഹ്‌ല (ദുബായ്), നിദാൽ ഷംസ്. മരുമകൻ: റംഷി (ദുബായ്).
കബറടക്കം നാളെ രാവിലെ 8 ന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും. ഷംസ് കൊച്ചിന്റെ നിര്യാണത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കളും കലാരംഗത്തുള്ളവരും ദുഃഖം രേഖപ്പെടുത്തി.