ബഹ്‌റൈൻ കേരളീയ സമാജം ജിസിസി കലോത്സവത്തിന് തുടക്കമായി

Mail This Article
മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) സംഘടിപ്പിക്കുന്ന ബികെഎസ് ജിസിസി കലോത്സവത്തിന് പെയിന്റിങ് മത്സരത്തോടെ തുടക്കമായി. കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആദ്യ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.
നൂറിലധികം വ്യക്തിഗത ഇനങ്ങളും അറുപതോളം ഗ്രൂപ്പിനങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 31 ന് വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ഏഷ്യയിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസലോകത്ത് നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖരാണ് വിധികർത്താക്കളായി എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ബിറ്റോ പാലമാറ്റത്തിനെ 37789495 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.