വിർജീനിയയിൽ വാഹന പരിശോധനക്കിടെ 2 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Mail This Article
വിർജീനിയ ∙ വാഹന പരിശോധനക്കിടെ വിർജീനിയയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഡ്രൈവിങ് ലൈസൻസ് പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥരായ കാമറൂൺ ഗിർവിൻ, ക്രിസ്റ്റഫർ റീസ് എന്നിവർ കൊല്ലപ്പെട്ടതെന്നു വിർജീനിയ ബീച്ച് പോലീസ് മേധാവി പോൾ ന്യൂഡിഗേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തിൽ വാഹനമോടിച്ചെത്തിയ ജോൺ മക്കോയ് മൂന്നാമൻ (42) എന്നയാളോട് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെടുകയും പുറത്തിറങ്ങി പിസ്റ്റൾ പുറത്തെടുത്ത് ഇരുവർക്കും നേർക്ക് ഒന്നിലധികം തവണ വെടിയുതിർത്തതായും ന്യൂഡിഗേറ്റ് പറഞ്ഞു. സംഭവം ക്യാമറകളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.
പ്രതിയെ പിന്നീട് തലയിൽ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ ഒരു ഷെഡിനുള്ളിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും ന്യൂഡിഗേറ്റ് കൂട്ടിച്ചേർത്തു. 2009-ൽ മക്കോയ് മറ്റൊരു കേസിൽ മക്കോയ് ശിക്ഷിക്കപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. മക്കോയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.