യുവാവിനെ രണ്ടാനമ്മ വീട്ടിനുള്ളിൽ പൂട്ടിയിട്ടത് 20 വർഷം; സംഭവം പുറംലോകമറിഞ്ഞത് വീടിന് തീപിടിച്ചപ്പോൾ

Mail This Article
കനക്‌ടികട്ട്∙ വീടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടുത്താനെത്തിയ അഗ്നിശമന സേനാംഗങ്ങളോട് യുവാവ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. 20 വർഷമായി രണ്ടാനമ്മ കിംബർലി സള്ളിവൻ തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വീടിന് തീയിട്ടതെന്നും യുവാവ് പറഞ്ഞു.
കനക്‌ടികട്ടിലെ വാട്ടർബറി പൊലീസ് ഫെയ്സ്ബുക്കിലൂടെയാണ് സംഭവവിവരം പുറത്തുവിട്ടത്. ഫെബ്രുവരി 17 ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തീപിടിത്തം നടന്ന വീട്ടിൽ രണ്ടാനമ്മ കിംബർലി സള്ളിവനും (56) യുവാവുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു. രണ്ടാനമ്മയുടെ ക്രൂരത യുവാവ് അധികൃതരോട് വെളിപ്പെടുത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
∙ മനുഷത്വരഹിതമെന്ന് പൊലീസ്
യുവാവ് അനുഭവിച്ചത് മനുഷ്യത്വരഹിതമായ പീഡനമാണെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴും ആവശ്യത്തിന് ആഹാരം നൽകിയിരുന്നില്ല. ചികിത്സാസൗകര്യങ്ങളും ലഭിച്ചില്ല. യുവാവിന് പോഷകാഹാരക്കുറവിനെ തുടർന്നുള്ള പ്രശ്നങ്ങളുണ്ട്. ഇയാൾക്ക് ശാരീരികവും മാനസികവുമായ ചികിത്സകൾ ആവശ്യമാണെന്നും വാട്ടർബറി പൊലീസ് മേധാവി ഫെർണാണ്ടോ സ്പഗ്നോളോ പറഞ്ഞു. 32 വയസ്സുള്ള ഇയാളുടെ അവസ്ഥ ജയിലിൽ കഴിയുന്നതിനേക്കാൾ മോശമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരു ദിവസം രണ്ട് കപ്പ് വെള്ളവും രണ്ട് സാൻഡ്വിച്ചും മാത്രമാണ് ഇയാൾക്ക് നൽകിയിരുന്നത്. ചിലപ്പോൾ ശുചിമുറയിൽ നിന്ന് പോലും വെള്ളം കുടിക്കാൻ നിർബന്ധിതനായി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടിനുള്ളിൽ മാത്രമായിരുന്നു യുവാവിന്റെ വാസം. കഴിഞ്ഞ വർഷം പിതാവ് മരിച്ചതോടെ ഇയാളുടെ അവസ്ഥ കൂടുതൽ മോശമാവുകയായിരുന്നു.
മാർച്ച് 11 ന് പ്രതിയായ രണ്ടാനമ്മയെ പൊലീസ്അറസ്റ്റ് ചെയ്തു. വാട്ടർബറി സുപ്പീരിയർ കോടതിയിൽ ഹാജരായ ശേഷം കിംബർലി സള്ളിവൻ 300,000 ഡോളർ ജാമ്യം കെട്ടിവെച്ച് പുറത്തിറങ്ങി. മാർച്ച് 26 ന് കേസിൽ കോടതി തുടർവാദം കേൾക്കും