മലയാളി അസോസിയേഷൻ ഓഫ് റ്റാംപാ കാർഷിക മേള വൻ വിജയം

Mail This Article
റ്റാംപ∙ മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ ആഭിമുഖ്യത്തിൽ റ്റാംപയിലെ ക്നായി തൊമ്മൻ ഹാളിൽ കാർഷിക മേള സംഘടിപ്പിച്ചു. അസോസിയേഷന്റെ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും ആത്മാർഥമായ സഹകരണവും പരിശ്രമവുമാണ് ഈ സംരംഭത്തിന്റെ വിജയത്തിന് കാരണമെന്ന് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
രാവിലെ ഒൻപതു മണിയോടെ സണ്ണി മറ്റമനയുടെ നഴ്സറിയിൽനിന്നുള്ള ഫലവൃക്ഷത്തൈകളും പൂച്ചെടികളും വിതരണത്തിനായി തയ്യാറാക്കിയിരുന്നു. പത്തുമണിയോടെ നാടൻ വിഭവങ്ങളടങ്ങിയ തട്ടുകട ആരംഭിച്ചു. ദോശ, ഇഡലി, സാമ്പാർ, ഓംലെറ്റ്, കപ്പ, മീൻകറി, ചപ്പാത്തി, ചിക്കൻകറി തുടങ്ങിയ വിഭവങ്ങൾ ചൂടോടെ നൽകി.
ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി മലയാളികൾ വിവിധയിനം മാവിൻ തൈകളും പച്ചക്കറി വിത്തുകളും ആകർഷകമായ പൂച്ചെടികളും വാങ്ങാനെത്തി. ഇത് കാർഷിക മേളയെ ഒരു സൗഹൃദ സംഗമവേദിയാക്കി മാറ്റി.

ഫലവൃക്ഷത്തൈകൾ എത്തിച്ച സണ്ണി മറ്റമന, ബിഷിൻ ജോസഫ്, സ്ഥലം സൗജന്യമായി നൽകിയ ജോസ് കിഴക്കനടിയിൽ, വുമൺസ് ഫോറം ചെയർ ഷീരാ ഭഗവത്തുള്ള, ബാബു പോൾ, ശ്രീധ, ബാബു തുണ്ടശ്ശേരി, മാത്യു മുണ്ടിയങ്കൽ, ജിജോ, സുനിത ഫ്ലവർഹിൽ, ഷൈനി, സണ്ണി ഡോണൽ എന്നിവർ ഉൾപ്പെടെ ഈ സംരംഭത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രസിഡന്റ് ജോൺ കല്ലോലിക്കൽ, സെക്രട്ടറി അനഘ വാര്യർ, ട്രഷറർ ബാബു പോൾ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ നന്ദി അറിയിച്ചു.

(വാർത്ത : രാജ മൈലപ്രാ)