ADVERTISEMENT

കൗമാരക്കാരുടെ ഇടയിലെ പൊണ്ണത്തടി കേരളത്തിലും വലിയൊരു ആരോഗ്യപ്രശ്നമായി മാറുകയാണ്. മുതിർന്നവരിൽ പൊണ്ണത്തടി കൂടുന്നതിനു ക്രമമായി കുട്ടികളിലും കൂടുന്നതായാണ് കണക്കുകൾ. പൊണ്ണത്തടിയുടെ സൂചന ജനനസമയത്തു തന്നെ മനസിലാക്കാം. ഭാരംകൂടിയ കുഞ്ഞുങ്ങൾ ജീവിതകാലം മുഴുവൻ അങ്ങനെയുള്ളവരായിരിക്കും. ഇവരുടെ അമ്മമാരാകട്ടെ ഗർഭകാലത്ത് അമിതവണ്ണം ഉള്ളവരും ചിലപ്പോൾ പ്രമേഹം ഉള്ളവരുമായിരിക്കും.

വളരുന്ന പ്രായത്തിൽ കുട്ടികൾ കഴിക്കുന്ന ആഹാരവും ഭാവിയിലെ പൊണ്ണത്തടിയും തമ്മിലും ബന്ധമുണ്ട്. സമീകൃതമായ ആഹാരം ആവശ്യമുള്ള അളവിൽ ലഭിക്കുകയും വേണ്ടത്ര വ്യായാമം ഉണ്ടാവുകയും ചെയ്താലെ കുട്ടികൾക്കു ആരോഗ്യമുണ്ടാകൂ.

കുട്ടികളിൽ അമിതവണ്ണം ഉണ്ടാകുന്നത് അമിതമായ കൊഴുപ്പ് ശരീരത്തിൽ ഉള്ളപ്പോഴാണ്. യഥാർഥത്തിൽ ഒരു കുട്ടിയുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്നതു ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്.

ജനിതകവും പരിസരവും ചേർന്നാണ് അമിതവണ്ണം പ്രദാനം ചെയ്യുന്നത്. ചില കുട്ടികൾ സ്വതവേ അമിതവണ്ണമുള്ളവരാണ്. ജനിതകഘടകങ്ങളൊഴിച്ചാൽ കുട്ടികളിലെ അമിതവണ്ണത്തിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ഭക്ഷണക്രമത്തിൽ വന്ന മാറ്റം. പ്രത്യേകിച്ചും എളുപ്പത്തിൽ ലഭിക്കുന്ന കൊഴുപ്പടങ്ങിയ ഊർജസാന്ദ്രമായ ഫാസ്റ്റ് ഫുഡിലൂടെ ലഭിക്കുന്ന അധിക ഊർജം.

രണ്ടാമത്തെ കാരണം വ്യായാമത്തിന്റെ കുറവാണ്. ജീവിതശൈലിയിൽ വന്ന മാറ്റവും സൗകര്യങ്ങളും കുട്ടികളെ ടെലിവിഷനും വീഡിയോഗെയിമിനും അടിമകളാക്കി. നഗരവൽക്കരണം, തുറസ്സായ സ്ഥലം ഇല്ലാതാക്കുകയും സ്കൂളുകളിൽ പോലും കളിസ്ഥലങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

പരിഹാരം എന്ത്?

∙ ഭക്ഷണത്തിലെ കാലറിയുടെ അളവു കുറച്ചു പ്രായത്തിനും തൂക്കത്തിനും യോജ്യമായ ആഹാരം നൽകുക.

∙ ഐസ്ക്രീം, മിഠായികൾ, മധുരം മുതലായവ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

∙ കുട്ടികൾ നാരുകൾ അടങ്ങിയ ആഹാരം കൂടുതൽ കഴിച്ചു തുടങ്ങണം. വീട്ടിൽ നിന്നു മാത്രം ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

∙ പാകം ചെയ്ത എല്ലാ ആഹാരവും ഒരുമിച്ച് തീൻമേശയിൽ വച്ചു കഴിക്കരുത്. ആവശ്യമുള്ളവ മാത്രം എടുക്കുക.

∙ വീട്ടിനുള്ളിലും പുറത്തും സൗകര്യമനുസരിച്ചു വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കണം. എൻസിസി, സ്കൗട്ട് എന്നിവയിൽ അംഗങ്ങളാകാൻ കുട്ടികളെ പ്രേരിപ്പിക്കണം.

തൂക്കം ക്രമാനുഗതമായി കുറയ്ക്കാൻ ശ്രദ്ധിക്കണം. പെട്ടെന്നു തൂക്കം കുറയ്ക്കുന്ന മാർഗങ്ങൾ അവലംബിക്കാതിരിക്കുക. ആഹാരക്രമം, കഴിക്കേണ്ട സമയം, സ്വഭാവമാറ്റത്തിനുള്ള ചികിത്സ എന്നിവ ശ്രദ്ധിക്കണം. ശരീരഭാരവും ആഹാരത്തിലെ കാലറിയുടെ അളവും കൃത്യമായി നിരീക്ഷിക്കുക. 

Content Summary: How can we prevent obesity in children?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com