സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്
Mail This Article
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷന്‍, ഇഎന്‍ടി സര്‍ജന്‍, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രല്‍ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് സഹായിക്കും. സെറിബ്രല്‍ കാഴ്ച വൈകല്യം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടുള്ള കാഴ്ച വൈകല്യമാണ്. നേത്രരോഗപരമായ പരിശോധനകളാല്‍ കാഴ്ചയുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ കഴിയാത്ത ഏതൊരു കുട്ടിയിലും സിവിഐ സംശയിക്കേണ്ടിയിരിക്കുന്നു. പ്രിമെച്യുരിറ്റി, സെറിബ്രല്‍ പാള്‍സി, ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സെഫലോപ്പതി, ഡൗണ്‍ സിന്‍ഡ്രോം, ഹൈഡ്രോസെഫാലസ് തുടങ്ങിയ ന്യൂറോ സംബന്ധമായ വൈകല്യമുള്ള 20 മുതല്‍ 90 ശതമാനം വരെ കുട്ടികള്‍ക്ക് ഈ രോഗത്തിന് സാധ്യതയുണ്ട്.
സിവിഐയുടെ നേരത്തെയുള്ള കണ്ടെത്തലും ശരിയായ ഇടപെടലും തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് കാഴ്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഹെല്‍ത്ത് ബില്‍ഡിങ് ആര്‍ഇഐസി & ഓട്ടിസം സെന്ററിലാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക.
Content Summary: Cerebral Visual Impairment Clininc