ഹവാന സിന്‍ഡ്രോം എന്ന നിഗൂഢ രോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ്

Mail This Article
ക്യൂബയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബാധിച്ച നിഗൂഢ രോഗമായ ഹവാന സിന്‍ഡ്രോമിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ്. ബെംഗളൂരു സ്വദേശിയായ എ അമര്‍നാഥ് ചഗു എന്നയാളുടെ ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. മൂന്നു മാസമാണ് അന്വേഷണത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2016ല്‍ ക്യൂബയിലെ ഹവാനയിലാണ് ഈ വിചിത്ര രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയുമാണ് അന്ന് ഈ രോഗം ബാധിച്ചത്. ചെവിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, ചെവിയില്‍ തുടര്‍ച്ചയായ മുഴക്കം, കേള്‍വി നഷ്ടം, തലയ്ക്കുള്ളില്‍ അമിതമായ സമ്മര്‍ദം, ഓര്‍മക്കുറവ്, കാഴ്ചയ്ക്ക് തടസ്സം, മനംമറിച്ചില്‍, തലകറക്കം, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും ഹവാന സിന്‍ഡ്രോമിന്‍റെ ഭാഗമായി പെട്ടെന്ന് അനുഭവപ്പെട്ടത്. ഇരുന്നൂറിലധികം അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അന്നു മുതല്‍ ഹവാന സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്ന് സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സ് പറയുന്നു.
പലര്‍ക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെയും ബാധിക്കുകയും ചെയ്തു. ഇതിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നതും അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘനാളത്തെ അവിശ്വാസവും രോഗത്തിന്‍റെ നിഗൂഢത വര്‍ധിപ്പിച്ചു. അതേ സമയം തങ്ങള്‍ക്ക് ഇത്തരമൊരു രോഗത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ക്യൂബ പറയുന്നത്. 2021ല്‍ സിഐഎ ഡയറക്ടര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഹവാന സിന്‍ഡ്രോമിന് സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനഃപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സിഐഎയും സൈന്യവും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വര്‍ഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടും ഹവാന സിന്‍ഡ്രോമിന്‍റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് കുറച്ചു നാള്‍ മുന്‍പ് സിംഗപ്പൂരില്‍ നിന്ന് വിയറ്റ്നാമിലേക്ക് പറക്കേണ്ടി വന്നപ്പോള്‍ വിയറ്റ്നാമിലെ ഹനോയിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹവാന സിന്‍ഡ്രോം കമലയുടെ യാത്ര വൈകിപ്പിച്ചിരുന്നു. ചില തരം ഊര്‍ജ്ജ തരംഗങ്ങളാകാം ഹവാന സിന്‍ഡ്രോമിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ നാഷനല്‍ അക്കാദമീസ് ഓഫ് സയന്‍സസ് 2020 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു പ്രത്യേക ഉറവിടത്തില്‍ നിന്ന് വരുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനാണ് ഹവാന സിന്‍ഡ്രോമിലേക്ക് നയിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Summary: Centre to look into Havana Syndrome in India