തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തെടുക്കുന്നതിനിടയിൽ ടൂത്ത് ബ്രഷ് വിഴുങ്ങി; എക്സ്റേ കണ്ട് അമ്പരന്ന് ഡോക്ടർമാർ
Mail This Article
21കാരിയായ യുവതി ആശുപത്രിയിലെത്തിയത് താൻ വിഴുങ്ങിപ്പോയ ടൂത്ത് ബ്രഷ് പുറത്തെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ്. തുടക്കത്തിൽ വിശ്വാസം വന്നില്ലെങ്കിലും എക്സ്റേ പരിശോധിച്ചപ്പോൾ സംഭവം സത്യം തന്നെ. പിന്നെ സമയം കളഞ്ഞില്ല, മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്ക്കും 40 മിനുട്ട് പരിശ്രമത്തിനുമൊടുവിലാണ് ഡോക്ടർമാർ ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
സ്പെയിനില്‍ നിന്നുമുള്ള ഹെയ്സിയ എന്ന യുവതിയാണ് ആരോഗ്യപ്രവർത്തകരെ അമ്പരപ്പിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ ഇറച്ചികഷ്ണം പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു യുവതി. വീൽചെയറിലിരിക്കുന്ന അച്ഛനു തന്നെ സഹായിക്കാനാവില്ലെന്ന് അറിയാമായിരുന്നതുകൊണ്ടും മറ്റാരും സമീപത്ത് ഇല്ലാതിരുന്നതിനാലും തൊണ്ടയിൽ നിന്നും ഭക്ഷണം ഒറ്റയ്ക്ക് പുറത്തെടുക്കാൻ ഹെയ്തി ശ്രമിക്കുകയായിരുന്നു. ശ്വാസം മുട്ടാൻ തുടങ്ങിയതോടെ കൈയ്യിൽ ആദ്യം കിട്ടിയ ടൂത്ത് ബ്രഷ് കൊണ്ട് തൊണ്ടയിലെ ഭക്ഷണം നീക്കം ചെയ്യാൻ ശ്രമിച്ചു. തൊണ്ടയിൽ തടഞ്ഞിരുന്ന ഭക്ഷണം അയഞ്ഞതിനൊപ്പം കയ്യിലിരുന്ന ടൂത്ത് ബ്രഷും അയഞ്ഞു, കൈവിട്ട് തൊണ്ടയിലേക്ക് കയറിപ്പോവുകയും ചെയ്തു. ബ്രഷിന്റെ ബ്രിസിൽസിൽ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും കൈവിട്ടുപോകുകയായിരുന്നു.
ഉടനെ ഹെയ്തിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ഇതിനിടയിൽ തനിക്ക് വേദന അനുഭവപ്പെട്ടില്ലെന്നു യുവതി പറയുന്നു. എക്സ്റേ കാണുന്നതുവരെയും ആരോഗ്യപ്രവർത്തകർക്ക് താന്‍ പറഞ്ഞത് മുഴുവനായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. ഹെയ്തി മയക്കത്തിലായിരുന്നപ്പോഴാണ് സർജിക്കൽ ട്വൈന്‍ ഉപയോഗിച്ച് ടൂത്ത്ബ്രഷ് വളച്ച് സർജറിയുടെ സഹായമില്ലാതെ തന്നെ പുറത്തെടുത്തത്.
താൻ മയക്കത്തിൽനിന്ന് എഴുന്നേൽക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ആ ബ്രഷ് ഇരിക്കുന്നുണ്ടായിരുന്നെന്നും വീണ്ടും ശ്വസിക്കാനാവുന്നതില്‍ സന്തോഷമെന്നും ഹെയ്തി പറഞ്ഞു.