ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, മൂഡ് നന്നാക്കും; സീതപ്പഴം കഴിച്ചാൽ ഗുണങ്ങൾ പലത്
Mail This Article
ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആസ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സീതപ്പഴം പ്രയോജനകരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പിരിഡോക്സിൻ അഥവാ വൈറ്റമിൻ ബി6 ആണ് ശ്വാസകോശത്തെ കാക്കുന്നതിൽ നിർണായകമാകുന്നത്.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വൈറ്റമിൻ ബി6 ബ്രോങ്കിയൽ ട്യൂബുകളിലുള്ള നീർക്കെട്ടിനെ തടയുന്നു. സീതപ്പഴത്തിലെ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ശ്വാസകോശസംവിധാനത്തിൽ നിന്നു മാലിന്യങ്ങളെയും വിഷാംശത്തെയും പുറന്തള്ളാനും സഹായിക്കുന്നു.
വൈറ്റമിൻ ബി6 സെറാടോണിൻ, ഡോപ്പമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളുടെ നിർമാണത്തിലും മുഖ്യ പങ്ക് വഹിക്കുന്നു. ഇവ മൂഡ് മെച്ചപ്പെടുത്താൻ സഹായകമാണ്. വൈറ്റമിൻ ബി6 ന്റെ കുറഞ്ഞ തോത് വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലൂട്ടെയ്ൻ എന്ന ആന്റിഓക്സിഡന്റ് കണ്ണുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷണങ്ങളും ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു.
സീതപ്പഴത്തിലുള്ള ഫൈബറിന്റെ അംശം ദഹനപ്രക്രിയ സുഗമമാക്കും. ഇതിലെ കറ്റേച്ചിൻ, എപ്പികറ്റേച്ചിൻ, എപ്പിഗല്ലോകറ്റേച്ചിൻ തുടങ്ങിയവ അർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്നും ചില ലാബ് പഠനങ്ങൾ അവകാശപ്പെടുന്നു. വൈറ്റമിൻ ബി6 ന് പുറമേ വൈറ്റമിൻ സി കൂടി ഉള്ളതിനാൽ സീതപ്പഴം പ്രതിരോധ ശക്തിയും വർധിപ്പിക്കും.
പഴമായോ, സ്മൂത്തികളിലോ സാലഡിലോ ചേർത്തോ ഡിസേർട്ട് ആയോ എല്ലാം സീതപ്പഴം ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്. എന്നാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർത്താമെന്നതിനാൽ പ്രമേഹരോഗികൾ മിതമായ തോതിൽ മാത്രമേ ഈ പഴം ഉപയോഗിക്കാവൂ.
നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ