വൈറ്റമിന്‍ ഡിയുടെ അഭാവം തിരിച്ചറിയാം ഈ നാല് ലക്ഷണങ്ങള്‍ വഴി
Mail This Article
ശരീരത്തിന് അത്യാവശ്യം വേണ്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോതിനെ നിയന്ത്രിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളെയും പല്ലുകളെയും പേശികളെയുമെല്ലാം ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസ്യ എന്ന എല്ല് രോഗത്തിനും കാരണമാകുന്നു.
സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ഡി അഭാവമുണ്ടാകാനുള്ള സാധ്യത മാംസാഹാരികളെ അപേക്ഷിച്ച് കൂടുതലാണ്. കാരണം വൈറ്റമിന്‍ ഡി കൂടുതല്‍ അടങ്ങിയിട്ടുള്ളത് മീന്‍, ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ്, മുട്ട എന്നിവയിലാണ്. എന്നാല്‍ ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ധാന്യങ്ങളിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം തീരെ ഏല്‍ക്കാത്തവര്‍ക്കും വൈറ്റമിന്‍ ഡി അഭാവം കാണപ്പെടാറുണ്ട്. സൂര്യപ്രകാശത്തിന് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരം പൂര്‍ണമായും മൂടുന്ന തരം വസ്ത്രം ധരിക്കുന്നവര്‍ക്ക് ഇതിനാല്‍ വൈറ്റമിന്‍ ഡി അഭാവം ഉണ്ടാകാം. ആഫ്രിക്കന്‍, ആഫ്രിക്കന്‍-കരീബിയന്‍, ദക്ഷിണേഷ്യന്‍ വംശജര്‍ പോലെ ഇരുണ്ട നിറത്തിലുള്ള ചര്‍മമുള്ളവര്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് കാര്യമായ തോതില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ സാധിച്ചെന്നു വരില്ല.
ലക്ഷണങ്ങള്‍
ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്
എപ്പോഴും രോഗബാധ
എപ്പോഴും പനിയും ജലദോഷവുമൊക്കെ വരുന്നത് ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലെന്നതിന്‍റെ സൂചനയാണ്. പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന വൈറ്റമിന്‍ ഡിയുടെ അഭാവം ഒരാളെ നിരന്തരം രോഗബാധിതനാക്കുന്നു.
ക്ഷീണം
ശരീരത്തിന് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമാകാം.
എല്ല് വേദന
വൈറ്റമിന്‍ ഡിയുടെ അഭാവം എല്ലുകള്‍ക്ക് വേദനയുണ്ടാക്കാം. പുറത്തിനും നടുവിനുമൊക്കെ വൈറ്റമിന്‍ ഡി അഭാവം മൂലം ഇത്തരത്തിൽ വേദനയുണ്ടാകാം.
പേശീ വേദന
ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാതെ വരുന്നത് പേശികള്‍ക്കും വേദനയുണ്ടാക്കും.
ഭക്ഷണത്തിലൂടെയോ കൂടുതല്‍ നേരം വെയില്‍ കൊണ്ടോ സപ്ലിമെന്‍റുകള്‍ കഴിച്ചോ ഒക്കെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് വര്‍ധിപ്പിക്കാവുന്നതാണ്. സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യവിഭവങ്ങള്‍, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈഡ് ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും. വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ തുള്ളിമരുന്നായും ടാബ്‌ലറ്റുകളായും കുട്ടികള്‍ക്ക് ഗമ്മി ബീന്‍സായും ഒക്കെ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ സപ്ലിമെന്‍റുകള്‍ കഴിച്ചു തുടങ്ങാവുള്ളൂ.
Cntent Summary : Vitamin D deficiency symptoms