ADVERTISEMENT

കോട്ടയം ജില്ലയിലെ കൂരോപ്പട എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലാണ് ONGC ഉദ്യോഗസ്ഥരായ രഞ്ജിത്തിന്റേയും ശിവപ്രഭയുടെയും 'മിഥില' എന്ന വീട്. ഇരുവരും മനോരമഓൺലൈൻ വീടിന്റെ സ്ഥിരം വായനക്കാരാണ്. ഈ വീടിന്റെ പ്രധാന ആകർഷണം വീട്ടുടമസ്ഥർ തന്നെ  ചെയ്ത ഡിസൈനും ഇന്റീരിയറും ആണ്. രണ്ടുപേരും ജിയോസയന്റിസ്റ്റുകൾ ആയതിനാലാവാം വെട്ടുകല്ലിന്റെയും വേലിക്കല്ലിന്റെയും തനതായ ഭംഗിയിൽ നിർമിച്ചിരിക്കുന്ന ചുറ്റുമതിലാണ് ആദ്യം ശ്രദ്ധ ആകർഷിക്കുന്നത്.  സോഫ്റ്റ്‌വെയർ വാങ്ങി വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തു നോക്കി തൃപ്തിപ്പെട്ടതിനു ശേഷമാണ് ഈ പ്ലാൻ ഫൈനൽ ചെയ്യുന്നത്. ഇതിനായി  ഒരു വർഷത്തോളമെടുത്തു എന്ന് രഞ്ജിത് പറയുന്നു. ഓരോ ഇടവും എങ്ങിനെ ഉണ്ടാവണം എന്ന വീട്ടുകാരുടെ ധാരണയെ സാക്ഷാൽക്കരിക്കാൻ എൻജിനീയർ ഷിജു വഹിച്ച പങ്കും ചെറുതല്ല.

self-design-home-kottayam-side

കന്റെംപ്രറിയും കൊളോണിയൽ ശൈലിയും ഒത്തു ചേർന്ന സമ്മിശ്ര ശൈലിയിൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. കന്റെംപ്രറയുടെ പ്രത്യേകതയായ പർഗോളകൾ പ്രധാന ഗേറ്റിലും വിക്കറ്റ് ഗേറ്റിലും കൊടുത്തിരിക്കുന്നു. വടക്കും പടിഞ്ഞാറും വശങ്ങളിൽ റോഡ് ഫ്രണ്ടേജ് ഉള്ളതിനാൽ വടക്കോട്ടു ദർശനമായ വീടിന്റെ പടിഞ്ഞാറു ഭാഗവും മുൻവശമെന്ന് തോന്നിക്കുംവിധം ഉള്ള ഡിസൈൻ ആണ് എലിവിഷനിൽ നൽകിയിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ചു ഫ്ലാറ്റ് വാർക്കയ്ക്കു മുകളിൽ ട്രെസ് വർക്ക് ചെയ്തു ഓട് മേഞ്ഞു കൊളോണിയൽ എലിവേഷൻ ആക്കി മാറ്റിയിരിക്കുന്നു. ഇത് ചൂട് കുറയ്ക്കുന്നതിനോടൊപ്പം മുകൾനിലയ്ക്ക് ഡബിൾ ഹൈറ്റ് കൂടി നൽകുന്നു. റോഡിൽ നിന്നും അല്പം താഴ്ന്നു കിടക്കുന്ന ഭൂമിക്കു ഈ ഉയരം, വഴിയിൽ നിന്നുള്ള കാഴ്ചക്ക് കൂടുതൽ ഭംഗി നൽകുന്നു.

self-design-home-kottayam-living

പോർച്, സിറ്റ് ഔട്ട്, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, പൂജ റൂം, അപ്പർ ലിവിങ്,  കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ,ലൈബ്രറി, അഞ്ചു കിടപ്പു മുറികൾ, രണ്ടു ബാൽണികൾ എന്നിവയാണ് 3760 ചതുരശ്രയടിയിൽ ഉൾപെടുത്തിരിക്കുന്നത്. ഓപ്പൺ നയത്തിലാണ് അകത്തളങ്ങളുടെ ക്രമീകരണം. പൊതു ഇടങ്ങളിൽ എല്ലാം വൈറ്റ് കളർ തീം ആണ് പിന്തുടർന്നത്. വാൾ നട്ട്  കളർ സ്റ്റെയിൻ പോളിഷ് ചെയ്ത ജനലുകളുടെ ബോർഡറുകൾ മൾട്ടിവുഡിൽ പാനലിങ്‌ ചെയ്തിരിക്കുന്നു. ഫർണിച്ചറുകൾ എല്ലാം കസ്റ്റമൈസ്‌ ചെയ്തതാണ്. സ്വയം രൂപകല്പന ചെയ്തതിനാൽ വീട്ടിനുള്ളിൽ ഒരിഞ്ചു സ്ഥലം പോലും ഉപയോഗമില്ലാത്തതായി ഇല്ല. ഡിജിറ്റൽ ഡോർ ലോക്കും, cctv കാമറ, ഓട്ടോമേറ്റഡ് ഷട്ടർ, ഓട്ടോമേറ്റഡ് വൈഫൈ ലൈറ്റ് ഉൾപ്പടെ എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ഉപയുക്തമാക്കിയിരിക്കുന്നു. 

സിറ്റ്ഔട്ടിൽ നിന്നും അകത്തേയ്ക്കു തുറക്കുന്നത് ഫോയർ ഏരിയയിലേക്കാണ്. അതിനിരുവശവും പൂജ മുറിയും, ഫോർമൽ ലിവിങും ക്രമീകരിച്ചിരിക്കുന്നു. ഫോയർ കടന്നാൽ ആദ്യം ശ്രദ്ധിക്കുന്നത് പൂജമുറിയുടെ ഡോറിൽ മെറ്റൽ CNC കട്ടിങ് ചെയ്ത ഗണപതിയാണ്. ഫോയറിന്റെ സീലിങ്ങിലും മയിൽ‌പീലിയുടെ മനോഹരമായ ഒരു CNC ഡിസൈൻ കാണാം. ഫോർമൽ ലിവിങ്ങിൽ ഒരു ഭിത്തി നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു  ബുദ്ധ പ്രതിമ ഉറപ്പിച്ചിരിക്കുന്നു. അതിനു  താഴെയായി ഒരു പെബിൾകോർട്ട് കൂടി നൽകിയിരിക്കുന്നു. ഇത് ഫോർമൽ ലിവിങ്ങിൽ ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട്. 

self-design-home-kottayam-stair

ഫോയർ കടന്നെത്തുന്ന വിശാലമായ ഫാമിലി സ്പേസിന്റെ പ്രധാന ആകർഷണം ഇൻഡസ്ട്രിയൽ ശൈലിയിൽ തീർത്ത സ്റ്റെയർ കേസ് ആണ്. പാലക്കാട്ടു നിന്ന് കൊണ്ടുവന്ന കരിമ്പന പലകകൾ പാകിയ സ്റ്റെയർ കേസിന്റെ കൈവരികൾ സ്റ്റൈൻ ലെസ്സ്  സ്റ്റീൽ കേബിളുകളാണ്. സ്‌റ്റെയറിനു താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു  ഇന്റെർണൽ കോർട്യാർഡ് നിർമിച്ചിരിക്കുന്നു. സ്റ്റെയർ കയറിപ്പോകുന്ന ഭിത്തികളിൽ ഒന്നിൽ വെർട്ടിക്കൽ പർഗോളകൾ നൽകിയിരിക്കുന്നത് വീട്ടിനുള്ളിൽ ധാരാളം വെളിച്ചം നിറയ്ക്കുന്നു. ഡബിൾ ഹൈറ്റിൽ ഒരുക്കിയിരിക്കുന്ന മറ്റൊരു ഭിത്തി വെട്ടുകല്ല് കൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്നു.

self-design-home-kottayam-upper

ഫാമിലി സ്പേസിന് ഒരുവശം സെമി പാർട്ടീഷൻ ചെയ്തു ടീവി ഏരിയ ആക്കി മാറ്റിയിരിക്കുന്നു. ഡൈനിങ് ഓപ്പൺ കോൺസെപ്റ്റിൽ ചെയ്തിരിക്കുന്നതിനാൽ ഡൈനിങ് ഏരിയയിൽനിന്നും പാഷ്യോയിലേക്ക് വാതിലിനു പകരം റോളിങ്ങ്ഷട്ടർ ആണ് നൽകിയിരിക്കുന്നത്. പാഷ്യോയ്ക്കപ്പുറം ചുറ്റുമതിൽ ഗസീബോ രീതിയിൽ ഉയർത്തി കെട്ടി അതിനുള്ളിൽ വെർട്ടിക്കൽ ഗാർഡൻ ചെയ്തിരിക്കുന്നത് കൊണ്ട്  പച്ചപ്പിന്റെ കുളിരിൽ ഓപ്പൺ ഡൈനിങ്  ഏറെ ആസ്വാദ്യകരമാകുന്നു. 

self-design-home-kottayam-shelf

മോഡുലാർ കിച്ചൻ ക്യാബിനറ്റുകൾ മൾട്ടിവൂഡിൽ ലക്ക്വേഡ് ഗ്ലാസ് ഫിനിഷിങ് നൽകിയിരിക്കുന്നു. നാനോവൈറ്റ് കിച്ചൻ സ്ളാബ് കിച്ചന് ക്ലാസിക് കൂൾ ലുക്ക് നൽകുന്നു. വൈറ്റ് കളറിൽ തന്നെ അക്രിലിക് ഫിനിഷിൽ തീർത്ത ബ്രേക്ക് ഫാസ്റ്റ് ടേബിൾ കിച്ചന്റെ കളർ തീമുമായി യോജിച്ചു പോകുന്നു. മോഡുലാർ കിച്ചണിന് ഇരുവശവും സ്റ്റോർ, വർക്ക് ഏരിയ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

നാലു പ്രധാന കിടപ്പുമുറികളും ഒരു സെർവെൻറ് റൂമുമുണ്ട്. കിടപ്പുമുറികളിൽ രണ്ടെണ്ണം താഴത്തെ നിലയിലും മൂന്നെണ്ണം മുകളിലത്തെ നിലയിലുമാണ്.എല്ലാ മുറികളും വ്യത്യസ്ത കളർ തീമുകളിലാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ റൂമുകളിലും ഡ്രസിങ് ഏരിയയും അറ്റാച്ചഡ് ബാത്റൂമുകളും നൽകിയിട്ടുണ്ട്.  വെളിയിൽ രണ്ടു ബാൽക്കണികളിൽ ഒന്നിൽ പർഗോളകൾക്കു മുകളിൽ ടഫൻഡ് ഗ്ലാസ് നൽകിയിരിക്കുന്നു. മറ്റൊന്ന് സ്ലോപ്പ് റൂഫ് കൊടുത്തു ക്ലോസ്ഡ് ബാൽക്കണി ആക്കി മാറ്റിയിരിക്കുന്നു. 

self-design-home-kottayam-bed

വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്നതിനാൽ പകൽ സമയങ്ങളിൽ ഫാനിന്റേയും ലൈറ്റിന്റെയും ഉപയോഗം തീരെ ഇല്ല. നിർമ്മാണത്തിൽ ഡബിൾ ലയർ ചുടുകട്ടകൾ ഉപയോഗിച്ചത് കൊണ്ട് ചൂട് തീരെ അനുഭവപ്പെടുന്നില്ല. പച്ചപ്പിനെ ഇഷ്ട്ടപ്പെടുന്ന വീട്ടുകാർ ഗാർഡനിങ്ങിൽ ശ്രദ്ധിച്ചിരിക്കുന്നതോടൊപ്പം ഇൻഡോർ പ്ലാന്റുകൾക്കായി ധാരാളം സ്ഥലം വീട്ടിനുള്ളിൽ നൽകിയിട്ടുണ്ട്. വീടിനു ചുറ്റുമുള്ള തൊടിയിൽ എക്സോട്ടിക് ഫ്രൂട്ടുകളുടെ തോട്ടം പ്രാരംഭ ഘട്ടത്തിലാണ്. കമ്പ്യൂട്ടർ സ്‌ക്രീനിൽ വരച്ചുകണ്ട വീട് യാഥാർഥ്യമായപ്പോൾ ഉള്ള സന്തോഷവും പറഞ്ഞറിയിക്കാനാവില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. 

Project facts

Location- Kooroppada, Kottayam

Area- 3760 sft

Owner- Renjith K.R.

Y.C-2021

Mob- 9435718160

English Summary- Owner Self Designed House; Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com