അമ്മയ്ക്ക് മകന്റെ സമ്മാനം: 23 ലക്ഷത്തിന്റെ 'വളരുന്ന വീട്'; ഇതാണ് കേരളത്തിനാവശ്യം; വിഡിയോ
Mail This Article
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
ഓച്ചിറ ചൂനാടാണ് 1100 സ്ക്വയര്‍ഫീറ്റിൽ, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ വീട്. വെള്ള നിറത്തിന്റെ തെളിമയിൽ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ.

അസൗകര്യങ്ങൾ നിറഞ്ഞ പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയവീട് പണിതത്. മകൻ പ്രവാസിയാണ്. അമ്മ മാത്രമാണ് നിലവിൽ വീട്ടിലുള്ളത്. അതിനാൽ പരിപാലനം കണക്കിലെടുത്ത് ലളിതമായി ഇടങ്ങൾ ഒരുക്കി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു ബെഡ്റൂമുകൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം എന്നിവയാണ് 1100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 'വളരുന്ന വീട്' എന്ന കൺസെപ്റ്റിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. ഭാവിയിൽ സാമ്പത്തികം വരുന്നതിനനുസരിച്ച് മുകളിലേക്ക് മുറികൾ കൂട്ടിയെടുത്ത് വിപുലീകരിക്കാം.

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. റെഡിമെയ്ഡ് ‘L’ ഷേപ്പ് സോഫ, ടീപോയ്, ടിവി യൂണിറ്റ് എന്നിവ ഇവിടെയുണ്ട്. സെമി-ഓപൺ നയത്തിൽ ഒരുക്കിയതും നിലത്തും ചുവരിലും വെള്ള നിറം നൽകിയതും അകത്തളങ്ങൾക്ക് വിശാലത തോന്നിക്കാൻ ഉപകരിക്കുന്നു. സെൻട്രൽ ഹാളിലാണ് സ്റ്റെയർ. അതിനുതാഴെ ഒരു പെബിൾ കോർട്ടുമുണ്ട്.

പരമാവധി സ്പേസ് ഉപയോഗപ്രദമാക്കിയാണ് ബെഡ്റൂമുകൾ ഒരുക്കിയത്. 10X10 ആണ് രണ്ടു കിടപ്പുമുറികളുടെയും സൈസ്.

കയ്യൊതുക്കത്തിലുള്ള ചെറിയ കിച്ചൻ. WPC യിലാണ് കിച്ചൻ കാബിനറ്റുകൾ. കൗണ്ടറിൽ ആർട്ടിഫിഷ്യല്‍ ടൈലാണ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.
മുകളിൽ സ്‌റ്റെയർ റൂമും ഓപ്പൺ ടെറസും മാത്രമാണുള്ളത്. സ്റ്റെയറിന്റെ ആദ്യലാൻഡിങ്ങില്‍ ചെറിയൊരു ബേവിൻഡോ സീറ്റിങ്ങ് നൽകിയിരിക്കുന്നു. മുകളിൽ സ്‌കൈലൈറ്റുമുണ്ട്. പ്രകാശം സമൃദ്ധമായി ഇവിടെ നിറയുന്നു.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി പരമാവധി കുറച്ചു സ്ഥലഉപയുക്തത നൽകി.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു.
- കടുംനിറങ്ങൾ, ഫോൾസ് സീലിങ്, പാനലിങ് എന്നിവ ഒഴിവാക്കി.
- കിച്ചൻ ക്യാബിനറ്റ് WPC ൽ ഒരുക്കി.
- 7–8 മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കി.
Project facts
Location- Oachira
Area- 1100 Sq.ft
Owner- Ajay
Design- Nature Homes
Budget- 23 Lakhs