അംബാനിയെ കടത്തിവെട്ടി അജ്ഞാത കോടീശ്വരൻ: സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും വിലയേറിയ വീട്!

Mail This Article
ഏതാനും ആഴ്ചകൾക്ക് മുൻപാണ് ദുബായിലെ ഏറ്റവും വിലമതിപ്പുള്ള ആഡംബര വസതി അംബാനി കുടുംബം സ്വന്തമാക്കിയത് വാർത്തകളിൽ ഇടംനേടിയത്. എന്നാൽ ഇപ്പോൾ മുകേഷ് അംബാനിയെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിലയിൽ ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണ് അജ്ഞാതനായ കോടീശ്വരൻ.

ഗൾഫ് എമിറേറ്റിൽ ഇതുവരെനടന്ന റിയൽഎസ്റ്റേറ്റ് ഡീലുകളിൽവച്ച് ഏറ്റവും വിലയേറിയ വില്പന കഴിഞ്ഞ ജൂലൈയിൽ നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കൃത്രിമ ദ്വീപായ പാം ജുമൈറയിൽ നിർമ്മിച്ചിരിക്കുന്ന വീട് അജ്ഞാതനായ കോടീശ്വരൻ 82.4 മില്യൻ ഡോളറിനാണ് (670 കോടി രൂപ) സ്വന്തമാക്കിയിരിക്കുന്നത്. അംബാനിയാകട്ടെ 80 മില്യൻ ഡോളറിനാണ് പാം ജുമൈറയിൽ വീട് സ്വന്തമാക്കിയിരുന്നത്.
കാസ ഡെൽ സോൾ എന്ന് പേര് നൽകിയിരിക്കുന്ന ആഡംബര വീടിന്റെ വില്പന കഴിഞ്ഞ ജൂലൈയിൽ നടന്നതായി ഡെവലപ്പർമാരായ അൽപാഗോ പ്രോപ്പർട്ടീസ് സ്ഥിരീകരിച്ചു. എന്നാൽ വീട് വാങ്ങിയ വ്യക്തിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്നും ഡെവലപ്പർമാർ അറിയിക്കുന്നു. 18 കിടപ്പുമുറികൾ ഉൾപ്പെടുന്ന ആഡംബരവീടിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. പാം ജുമൈറയിലെ ഏറ്റവും വിലമതിപ്പുള്ള ആഡംബര വസതികൾ നിർമ്മിച്ചിരിക്കുന്ന നിരയിലാണ് കാസ ഡെൽ സോളും സ്ഥിതിചെയ്യുന്നത്.

28,000 ചതുരശ്രഅടിയിൽ ബേസ്മെന്റ് ഏരിയ അടക്കം നാല് നിലകളായാണ് കാസ ഡെൽ സോളിന്റെ നിർമ്മാണം.സിനിമ തിയറ്റർ, ഇൻഫിനിറ്റി പൂൾ, ഹമാം, സോണ, ഗെയിം റൂം, ജാകുസി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്യാഡംബര സൗകര്യങ്ങൾ കാസ ഡെൽ സോളിൽ ഒരുക്കിയിട്ടുണ്ട്. ഭൂഗർഭ പാർക്കിങ് ഏരിയയിൽ 15 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 2023 ന്‍റെ ആദ്യ മാസങ്ങളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ഡെവലപ്പർമാർ അറിയിക്കുന്നു.

പാം ജുമൈറ ദ്വീപിന്റെ വടക്കുഭാഗത്താണ് അംബാനി സ്വന്തമാക്കിയ വില്ല സ്ഥിതി ചെയ്യുന്നത്. 10 ബെഡ്റൂമുകൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ -ഔട്ടോർ സ്വിമ്മിങ് പൂളുകൾ, എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഈ ആഡംബര വസതിയിലും ഒരുക്കിയിട്ടുണ്ട്.
English Summary- Casa De Sole Mansion Overtakes Ambanis Most Expensive Dubai Home Title