ചോരുന്ന വീട്ടിൽനിന്ന് സ്വപ്നവീട്ടിലേക്ക്! ആഗ്രഹവും അധ്വാനവും ഫലംകണ്ടു; അനുഭവം

Mail This Article
സ്വന്തമായി നല്ല ഒരുവീട് നിർമിക്കുക എന്നത് ഏതൊരു ചെറുപ്പക്കാരന്റെയും പോലെ എന്റെയും ആഗ്രഹം ആയിരുന്നു. എന്നാൽ മഴയും വെയിലും കൊള്ളാതെ ഒരുനേരം തല ചായ്ക്കാൻ ഒരുകൂര പോലും ഇല്ലാത്ത നിരവധി ആളുകൾ ജീവിക്കുന്ന ഈ നാട്ടിൽ, സ്വന്തമായിട്ട് ഒരുവീട് (കുടുംബവീട്) ഉണ്ടായിരുന്നിട്ടും പുതിയത് ഒരെണ്ണം വീണ്ടും ആഗ്രഹിക്കുന്നത് എന്റെ അഹങ്കാരംകൊണ്ടാണെന്ന് ഇത് വായിക്കുന്നവർക്ക് തോന്നാം.
ഏകദേശം 30 വർഷം പഴക്കം ഉള്ള ഒരു വാർക്കവീട്ടിൽ ആയിരുന്നു ഞാനും അച്ഛനും അമ്മയും ചേച്ചിയും താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് 2 കിലോമീറ്റർ മാറി ഉള്ള ഒരു പച്ചക്കറിക്കട ആയിരുന്നു വീട്ടിലെ ഏക വരുമാന മാർഗം. അച്ഛന്റെ അന്നത്തെ കഴിവ് വച്ച് അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ ഏകദേശം 500 sqft ഉള്ള രണ്ടു ബെഡ്‌റൂമും ഒരു അടുക്കളയും ഒരു ഹാളും ഉള്ള വീട് ഞങ്ങളുടെ ഒപ്പം വളർന്നുവളർന്നു കാലപഴക്കം എത്തിയതിന്റെതായ പ്രശ്നങ്ങൾ കാണിക്കാൻ തുടങ്ങി.
എന്തിനേറെ പറയുന്നു, മഴക്കാലത്ത് ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകളാണ് ചോർന്നൊലിക്കുന്നതായി കേട്ടിട്ടുള്ളത്. പക്ഷേ ഞങ്ങളുടെ വാർക്കവീടും ചോരാൻതുടങ്ങി.മഴക്കാലത്ത് അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾപോലും മഴവെള്ളം ഭക്ഷണത്തിൽ വീഴുന്ന അവസ്ഥയായി.
പഠിക്കുന്ന കാലം മുതലേ കൂട്ടുകാരുടെ പോലെ വലിയ ഒരുവീട് വേണം എന്ന ആഗ്രഹം എന്റെ മനസ്സിലും ചേക്കേറിയിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസവും ചേച്ചിയുടെ വിവാഹവും എല്ലാം അച്ഛൻ ഒരാളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതിലും അപ്പുറം ആയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ എന്ത് ആഗ്രഹിച്ചാലും അത് എല്ലാം ഞാൻ സ്വയം നേടി എടുക്കേണ്ട അവസ്ഥയാണെന്നും പൂർണ ബോധ്യം ഉണ്ടായിരുന്നു.
വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് ഇൻഫോപാർക്കിൽ ഒരു ചെറിയ ജോലിക്ക് കേറിയ നാൾ മുതൽ എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഞാൻ സ്വയം നേടി എടുക്കാൻ ആരംഭിച്ചിരുന്നു. എന്നാലും ഞാൻ സ്വപ്നം കാണുന്നത് പോലെയുള്ള വീട്ടിലേക്ക് ഉള്ള ദൂരം വളരെ വലുതായിരുന്നു.
വർഷങ്ങൾ പിന്നിട്ടു കല്യാണപ്രായം എത്തിയപ്പോഴാണ് ചെറുപ്പം മുതലേ മനസ്സിൽ കടന്നുകൂടിയ ആഗ്രഹത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു വീട്ടിൽ ഒരുകല്യാണ ആലോചനയുമായിട്ട് വന്ന ബ്രോക്കർ ചേച്ചി മനസ്സിലാക്കി തന്നത്.
"ഇതുപോലെ ഉള്ള വീട്ടിലേക്ക് ഒന്നും ഇപ്പൊ ആരും പെണ്ണ് കൊടുക്കില്ലത്രേ"... പെണ്ണ് കിട്ടിയാലും ഇല്ലെങ്കിലും അന്നുവരെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം അവരോടും കൂടെ ഉള്ള ഒരു വാശിയായി മാറി. എന്റെ ആഗ്രഹത്തിന് പിന്നാലെ സഞ്ചരിക്കുവാൻ ഉള്ള ഏകമാർഗം എന്റെ സാലറി എങ്ങനെ എങ്കിലും വർധിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ നീണ്ട 8-9 വർഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ഒടുവിൽ അത്യാവശ്യം നല്ലൊരു ജോലിയും സാലറിയും നേടി എടുക്കുവാനും സാധിച്ചു.
അപ്പോഴും അച്ഛന്റെയും അമ്മയുടെയും വിയർപ്പുകൊണ്ട് അവർ ഉണ്ടാക്കി വച്ചിരിക്കുന്ന വീട് പൊളിച്ചു കളഞ്ഞു പുതിയത് പണിയാൻ മനസ്സ് അനുവദിച്ചില്ല. അതിനാൽ കയ്യിൽ ഉള്ള കുറച്ചു സമ്പാദ്യം വച്ചുകൊണ്ട് അത് പുതുക്കിപണിയുവാൻ തീരുമാനം എടുത്തു. അതിനുവേണ്ടിയുള്ള അന്വേഷണങ്ങൾക്ക് ഒടുവിൽ ഒരുകാര്യം മനസ്സിലായി : പഴയ വീട് പുതുക്കിപണിയുന്ന പൈസ ഉണ്ടെങ്കിൽ പുതിയത് ഒരെണ്ണം വയ്ക്കുന്നതാണ് നല്ലത് എന്ന്...

അങ്ങനെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സമ്പാദ്യവും ഒരു ബാങ്ക് ലോണും എടുത്ത് പഴയവീടിനോട് ചേർന്നുള്ള പറമ്പിൽ പുതിയ ഒരു വീട് വയ്ക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുക ആയിരുന്നു.
ചില ആഗ്രഹങ്ങൾ അങ്ങനെയാണ്. എത്ര വൈകിയാണെങ്കിലും അത് നമ്മളെ തേടിവരിക തന്നെചെയ്യും. ഒറ്റയ്ക്കു നിന്നുകൊണ്ട് ഇതുപോലെ ഒരുവീട് ഉണ്ടാക്കി എടുക്കുക എന്നത് എന്നെ പോലെ ഒരാൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറം ആയിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ടും ഒരുപാട് നാളത്തെ പ്രയത്നങ്ങൾ കൊണ്ടും എങ്ങനെ ഒക്കെയോ കാര്യങ്ങൾ ഭംഗിയായി നടന്നു.
വലിയ സ്വപ്നങ്ങൾ കാണാനും അത് നേടിയെടുക്കുന്നതുവരെ പ്രയത്നിക്കാനും എന്നെ എല്ലാരീതിയിലും പ്രാപ്തൻ ആക്കിയ എന്റെ അച്ഛനും അമ്മയ്ക്കും അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചു ഒരുവീട് വച്ചുകൊടുക്കാൻ പറ്റിയതിൽ ഏറെ അഭിമാനം തോന്നുന്നു.
English Summary- Malayali Youth House Experience- Veedu Malayalam