ADVERTISEMENT

ഇരുപത്തിയഞ്ചു വർഷം മുമ്പുള്ള കേരളത്തിലെ പുലർ കാലയാത്രയിലേക്കു നമുക്കു തിരിച്ചുപോകാം. വീടുകളുടെ അടുക്കളയിൽ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തിൽ നിറയുന്ന മനോഹരമായ കാഴ്ച ഇപ്പോൾ നാം മറന്നിരിക്കുന്നു. അടുപ്പുകൾ അപ്രത്യക്ഷമായതും പാചകവാതക കണക്‌ഷനുകൾ സാർവത്രികമായതുമാണ് ഇതിനു കാരണം. അടുക്കളയില്‍ നിന്ന് അൽപം പുകപോലും വരാന്തയിലേക്കോ മറ്റു മുറികളിലേക്കോ വരുത്താതെ ഒരു പുക പുറത്തു വിടുന്ന യന്ത്രം കണക്കേ തേങ്ങാക്കൂടിനുള്ളിലൂടെ, അടുക്കളപ്പുരയിലൂടെ പുറത്തേക്കു തള്ളപ്പെടുന്നു. ഇതാണ് കാറ്റിന്റെ ഗതിക്കനുസരിച്ച് വടക്കുകിഴക്കേ മൂലയിൽ അടുക്കളയുടെ സ്ഥാനം നിശ്ചയിച്ച കേരളീയ വാസ്തുവിദ്യയുടെ ശാസ്ത്രീയമായ കാര്യവും കാരണവും. അടുക്കളയിലെ സർവ ബാക്ടീരിയകളെയും നശിപ്പിക്കാൻ പ്രകൃതിദത്തമായ കീടനാശിനി സമ്പ്രദായം വാസ്തുനിയമങ്ങളിൽ അധിഷ്ഠിതമായി അടുക്കളകൾ നിർമിക്കുമ്പോൾ നമുക്കു ലഭിക്കുന്നു.

വീടുണ്ടാക്കുമ്പോൾ കിണർ അത്യാവശ്യമാണ്. എന്നാൽ കിണറിന്റെ വാസ്തുവും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. വീടിന്റെ നേരെ മുൻവശത്തു പാടില്ല. തെക്കു പടിഞ്ഞാറു ഭാഗത്ത് അരുത്. അങ്ങനെ നിരവധി തർക്കങ്ങൾ നിലവിലുണ്ട്. കുഴിച്ച കിണർ വാസ്തുവിദ്യന്റെ നിർദേശ പ്രകാരം പലപ്പോഴും മൂടുന്നു. കുടിവെള്ളം ലഭിക്കേണ്ട കിണർ ഇത്ര വലിയ പ്രശ്നമാകുന്നത് എങ്ങനെയാണ്?

x-default

‘കിണറെവിടെയായാലും വെള്ളം നന്നായാൽ മതി’. ഈ കാലത്ത് ഇങ്ങനെ ഒരു തീരുമാനം എടുത്തേ പറ്റൂ. കാരണം, അഞ്ചു സെന്റിലും മൂന്നു സെന്റിലും ഭൂമി വാങ്ങി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി വീടുണ്ടാക്കുന്നവർ ഈ വാസ്തുനിയമങ്ങൾ എങ്ങനെ നടപ്പാക്കും? കിഴക്കു– വടക്കു ഭാഗത്തു മാത്രമേ കിണർ പാടുള്ളൂ എന്ന വാസ്തു നിയമത്തിനാധാരം ആ കാലത്ത് അടുക്കളകൾ അവിടെയായിരുന്നു എന്നതാണ്. വൈദ്യുതിയോ പൈപ്പുകളോ മോട്ടർ സംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് കൈകൊണ്ടോ കയറും ബക്കറ്റും പാളയുമൊക്കെ ഉപയോഗിച്ചാണ്  വെള്ളമെടുത്തിരുന്നത്.

അടുക്കളയോട് ചേർന്നുള്ള കൊട്ടത്തളവും കുട്ടകവുമെല്ലാം പഴയ കാഴ്ചകളാണ്. അടുക്കളയുടെ സമീപപ്രദേശത്ത് സ്ത്രീകളും കുട്ടികളും പണിയെടുത്തും ആഹാരം പാകം ചെയ്തും കഴിക്കുമ്പോൾ കുട്ടികളെ കിണറിന്റെ അടുത്തു പോവാതെ ശ്രദ്ധിക്കാൻ അമ്മമാർക്കും സ്ത്രീകൾക്കും സാധിക്കും. അതുകൊണ്ടാണു തെക്കുഭാഗത്തു കിണർ കുത്തിയാൽ കുട്ടികൾക്കു ദോഷമാണെന്നു വാസ്തുവിൽ പറയുന്നത്. ഇതു വാസ്തവം. ഇന്നത്തെ കെട്ടിടനിർമാണ നിയമ (കേരള ബിൽഡിങ് റൂൾ) പ്രകാരം പണ്ടു പരമ്പരാഗത തച്ചൻമാർ സ്വയം നിഷ്കർഷിച്ചിരുന്ന ഗൃഹസുരക്ഷാ നിയമങ്ങളാണ് വാസ്തു. പുതിയ കാലത്ത് കിണർ കുഴിക്കുമ്പോൾ ഏറ്റവും പേടിക്കേണ്ടത് വാസ്തുവിനെയല്ല, സെപ്റ്റിക് ടാങ്കിനെയും സീവേജ് ടാങ്കിനെയുമാണ്.

അടുപ്പു കൂട്ടിയതുപോലെയുള്ള വീടുകളുടെ നിർമാണം കാരണം കേരളത്തിലെ ഗ്രാമ-നഗരങ്ങളിലെ കിണറു വെള്ളത്തിൽ കോളിഫോം ബാക്ടീരിയകൾ കൂടുതലാണ്. ഇത്തരം ബാക്ടീരിയകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കാൾ വലുതല്ല വാസ്തുദോഷം. ഇത്തരം ജനനിബിഡമായ പ്രദേശങ്ങളിൽ കുഴൽകിണർ കുത്തി പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. കുഴൽകിണർ നിർമാണത്തിനു ചില പ്രദേശങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുടിവെള്ള വിതരണ പദ്ധതികൾ ശക്തിപ്പെടുത്തുകയാണു വേണ്ടത്. വരും നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ളത്തിന്റെ അഭാവമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന നമ്മെ ഓർമപ്പെടുത്തുന്നു. 

English Summary:

Location of Kitchen & Well- Vasthu Misconceptions in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com