വീടിനുള്ളിൽ വിചിത്ര ശബ്ദങ്ങൾ, ഭക്ഷണം കാണാതാവുന്നു: പ്രേതമല്ല ഇത് ഫ്രോഗിങ്!

Mail This Article
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു വ്യക്തി നിങ്ങളുടെ വീടിനുള്ളിൽ താമസമാക്കിയാൽ എന്തായിരിക്കും അവസ്ഥ? പ്രേതബാധയുടെയോ പാരാ നോർമൽ ആക്ടിവിറ്റിയുടെയോ കാര്യമല്ല. ഒരു സാധാരണ മനുഷ്യൻ തന്നെ നിങ്ങളുടെ കണ്ണിൽപെടാതെ വീടിനുള്ളിൽ രഹസ്യമായി താമസിക്കുന്ന ഒരു സാഹചര്യം. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയപ്പെടാൻ വരട്ടെ. ഉടമസ്ഥർ അറിയാതെ ആഴ്ചകളും മാസങ്ങളും അവർക്കൊപ്പം ഒരേവീട്ടിൽ അപരിചിതർ കഴിഞ്ഞ സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മറ്റൊരാളുടെ സ്വത്തിൽ രഹസ്യമായി താമസിക്കുന്നതിന് 'ഫ്രോഗിങ്' എന്ന പ്രയോഗം തന്നെയുണ്ട്.
തവളയുടെ സ്വഭാവരീതിയിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാതെ തവള ചാടുന്നത് പോലെയാണ് ഈ നുഴഞ്ഞുകയറ്റക്കാർ ഓരോ വീടുകളിലും രഹസ്യമായി ഇടം പിടിക്കുന്നത്. മോഷ്ടാക്കളിൽ നിന്നും വ്യത്യസ്തമായി ആരുടെയും ശ്രദ്ധയിൽ പെടാതെ രഹസ്യമായി ദീർഘകാലം താമസിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പലപ്പോഴും ഭവനരഹിതരായ ആളുകളാണ് ഉടമസ്ഥർക്ക് സംശയമൊന്നും തോന്നാത്ത വിധത്തിൽ കൂളായി വീടിനുള്ളിൽ കടന്നുകൂടി താമസമാക്കുന്നത്. എന്നാൽ ഇതിനുപുറമേ ഒരാളെ കബളിപ്പിക്കുന്നതിൽ ത്രില്ല് കണ്ടെത്താൻ വേണ്ടിയും മാനസിക വൈകല്യങ്ങൾ മൂലവുമൊക്കെ ഒളിച്ചു താമസം പതിവാക്കിയവരുണ്ട്.

ഇത്തരത്തിൽ ഒളിച്ചു താമസക്കാരെ കണ്ടെത്തിയ ചില സംഭവങ്ങൾ നോക്കാം:
ഹവായിലെ ഒരു വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ ഏറെ വൈകിയാണ് വീട്ടിൽ ചില നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതായി തിരിച്ചറിഞ്ഞത്. സാധനങ്ങൾ സ്ഥലം മാറിയിരിക്കുന്നതും അസാധാരണമായ ശബ്ദങ്ങൾ കേൾക്കുന്നതുമടക്കം വിശദീകരിക്കാനാവാത്ത തരത്തിൽ വീട്ടിൽ കുഴപ്പങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ അതിനു പിന്നിലെ കാരണം തേടി ഇറങ്ങി. ഒടുവിൽ വീടിന്റെ ഫ്ലോറിനും തറയ്ക്കും ഇടയിലുള്ള ക്രോൾ സ്പേസിൽ ഒരാൾ ഏറെക്കാലമായി രഹസ്യമായി താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി ഇയാൾ ആ വീട് സ്വന്തം പോലെ ഉപയോഗിച്ചുപോരുകയായിരുന്നു.
സൗത്ത് കരോളീനയിലെ ഒരു കോളേജ് വിദ്യാർഥി സമാനമായ രീതിയിൽ വീടിനുള്ളിൽ വിചിത്ര ശബ്ദങ്ങൾ പലതവണ കേട്ടിരുന്നു. ഇതിനുപുറമേ പതിവായി പാചകം ചെയ്തിരുന്ന ഭക്ഷണം കാണാതാവുകയും കൂടി ചെയ്തതോടെ എങ്ങനെ ഇത് സംഭവിക്കുന്നു എന്ന് അന്വേഷിച്ചിറങ്ങി. വിദ്യാർത്ഥിയുടെ വീട്ടിൽ കടന്നുകൂടിയ 'ഫ്രോഗർ' അധികം ഉപയോഗിക്കാത്ത ഒരു അലമാരയാണ് ഒളിത്താവളമായി കണ്ടെത്തിയിരുന്നത്.
ഇത്തരം സംഭവങ്ങൾ വിചിത്രമാണെന്നു മാത്രമല്ല അപകടകരം കൂടിയാണ്. കടന്നുകയറ്റക്കാരെ കയ്യോടെ പിടികൂടുന്ന സമയത്ത് അവർ ഭ്രാന്തമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തെന്ന് വരാം. വീട്ടുടമസ്ഥരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരുടെ ആക്രമണത്തിൽ ജീവഹാനി ഉണ്ടാകാനുള്ള സാധ്യത പോലുമുണ്ട്. ഇതൊന്നുമല്ലെങ്കിൽ കണ്ടുപിടിക്കപ്പെട്ടതിന്റെ വൈരാഗ്യത്തിൽ സ്വത്തു വകകൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യതയുമുണ്ട്. ഫ്രോഗർമാർ വീടുകളിൽ കടന്നുകൂടി താമസമാക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ സാഹചര്യമാണെങ്കിലും ഒരു മുൻകരുതൽ എന്നവണ്ണം വീടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ആധുനികനിരീക്ഷണ സംവിധാനങ്ങളും ഹോം ഓട്ടോമേഷൻ സാങ്കേതികവിദ്യയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നുണ്ട്.