പ്രണയം നടിച്ച് യുവതിയുടെ പ്രോപ്പർട്ടി തട്ടിപ്പ്: ഒരു കോടിക്ക് മുകളിൽ വായ്പ എടുത്ത് കുടുക്കിലായത് 36 യുവാക്കൾ

Mail This Article
ഓൺലൈനിൽ പരിചയപ്പെട്ട യുവതിയെ കണ്ണുമടച്ച് വിശ്വസിച്ച് പ്രോപ്പർട്ടി ഇടപാടിൽ ഏർപ്പെട്ടതിനെ തുടർന്ന് വലിയ കടക്കെണിയിൽ കുടുങ്ങിയിരിക്കുകയാണ് ചൈനയിലെ ഒരുപറ്റം യുവാക്കൾ. യുവതിയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ട് വൻ തുക വായ്പയെടുത്ത് ഭവന പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു ഇവർ. ബാധ്യത വന്നുപെട്ടതിന് ശേഷമാണ് കുടുക്കിലായ കാര്യം ഇവർ ഓരോരുത്തരും തിരിച്ചറിഞ്ഞത്.
ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെയാണ് യുവാക്കൾ എല്ലാവരും ലിയു ജിയ എന്ന യുവതിയെ പരിചയപ്പെട്ടത്. ഹനാൻ പ്രവിശ്യയിലാണ് തന്റെ വീടെന്നും 30 വയസ്സാണെന്നും ഷെൻസെനിൽ ഇ- കൊമേഴ്സ് വ്യവസായ രംഗത്ത് പ്രവർത്തിക്കുകയാണെന്നും യുവതി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഏതാനും മാസങ്ങൾ ഇവരോട് അങ്ങേയറ്റം സ്നേഹത്തോടെയും പ്രതിബദ്ധതയോടെയും പെരുമാറിക്കൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പിനിരയായ അറ്റാവൊ എന്ന യുവാവിന്റെ കഥ ഇങ്ങനെ.
കഴിഞ്ഞ മാർച്ചിലാണ് ഡേറ്റിങ് ആപ്പിലൂടെ അറ്റാവൊ ലിയുവിനെ പരിചയപ്പെട്ടത്. കുടുംബ സ്നേഹവും ദയയും മാനുഷിക പരിഗണനയും എല്ലാമുള്ള വ്യക്തിയാണ് ലിയു എന്ന് കരുതിയ അറ്റാവൊ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ അഗാധമായ പ്രണയത്തിലുമായി. ഒരുമാസം നീണ്ട പ്രണയത്തിനൊടുവിൽ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് ലിയു അറ്റാവൊയെ അറിയിച്ചു . എന്നാൽ വിവാഹത്തെക്കുറിച്ച് കുടുംബക്കാരോട് സംസാരിക്കുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും മുന്നോടിയായി ഒരു വീടു വാങ്ങണമെന്ന് ലിയു നിർബന്ധിച്ചു.

തന്റെ ആഗ്രഹം ആത്മാർത്ഥമാണെന്ന് വരുത്തിത്തീർക്കുന്നതിനു വേണ്ടി പുതിയ വീടിന്റെ ഡൗൺ പേമെന്റിനായി 3.3 ലക്ഷം രൂപ നൽകാമെന്നും ലിയു വാഗ്ദാനം ചെയ്തു. ഹുയിഷോ പ്രവിശ്യയിലെ ജിയു ജിംഗ് തായ്, ഹാവോ യി ഷാങ് യുവാൻ എന്നീ റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളാണ് വീട് വാങ്ങുന്നതിനായി ലിയു നിർദ്ദേശിച്ചത്. ഈ അപ്പാർട്ട്മെന്റുകളുടെ ഡെവലപ്പർമാർ 11 ലക്ഷത്തോളം രൂപ സബ്സിഡി നൽകുന്നുണ്ടെന്നതായിരുന്നു കാരണം. അതൊരു മികച്ച അവസരമായിരിക്കുമെന്ന് കരുതി അറ്റാവൊ അതിലൊന്നിൽ വീട് വാങ്ങി. അതിനായി ഏതാണ്ട് ഒരു കോടി രൂപയ്ക്ക് മുകളിൽ വായ്പയും എടുത്തു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിൽ ലിയു തന്റെ പേര് ചേർക്കാൻ അനുവദിച്ചില്ല.
വീടു വാങ്ങിയതിന് തൊട്ടു പിന്നാലെ ലിയു പഴയ അടുപ്പം കാണിക്കാതെയായി. ഫോൺ ചെയ്യാൻ പോലും സമയമില്ലാത്ത വിധത്തിൽ താൻ തിരക്കിലാണ് എന്നായിരുന്നു അറിയിച്ചത്. ദിവസങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും എല്ലാ കോണ്ടാക്റ്റും അവസാനിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ഇതൊരു തട്ടിപ്പായിരിക്കുമോ എന്ന് അറ്റാവൊ ചിന്തിച്ചു തുടങ്ങിയത്. ഇതിനുപിന്നിൽ എന്താണ് നടന്നത് എന്ന് തിരക്കി ഇറങ്ങിയ അറ്റാവൊ തന്നെപ്പോലെ 35നു മുകളിൽ യുവാക്കൾ ഇതേ യുവതിയുടെ വലയിൽ വീണെന്ന് കണ്ടെത്തുകയായിരുന്നു.
ഷെൻസെനിൽ തന്നെ ജോലി ചെയ്യുന്നവരാണ് ഇവരെല്ലാവരും. വീടുകൾ വാങ്ങുന്നതിന് മുൻപ് ഒന്നോ രണ്ടോ മാസം ലിയു ഇവരുമായി ആത്മാർത്ഥ പ്രണയം നടിച്ചിരുന്നു. പ്രതിമാസം ഏതാണ്ട് 50000 രൂപയ്ക്കടുത്ത് വായ്പയുടെ പലിശ ഇനത്തിൽ തിരിച്ചടയ്‌ക്കേണ്ട അവസ്ഥയിലാണ് ഇവർ ഓരോരുത്തരും. ജോലിചെയ്ത് സമ്പാദിച്ചു തുടങ്ങിയ കാലത്തുതന്നെ തീർക്കാനാവാത്ത ബാധ്യത വന്നു പെട്ടതോടെ ഇനി ജീവിതത്തിൽ ഒരു ഗേൾഫ്രണ്ട് വേണ്ട എന്ന തീരുമാനവും ഇവരിൽ ഭൂരിഭാഗവും എടുത്തു കഴിഞ്ഞു.
എന്നാൽ പ്രോപ്പർട്ടി തട്ടിപ്പിന്റെ കഥ പുറത്തു വന്നതോടെ കേവലം ഒരു മാസം മാത്രം പരിചയമുള്ള യുവതിയെ വിശ്വസിച്ച് കോടികൾ ഭവന വായ്പ എടുക്കാൻ തയ്യാറായ യുവാക്കൾ വിഡ്ഢിത്തമാണ് കാട്ടിയത് എന്നാണ് ആളുകളുടെ പ്രതികരണം. ലിയു റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ സെയിൽസ് ടീമിലെ ഏറ്റവും മിടുമിടുക്കിയ ജീവനക്കാരിയാണെന്നതിന് സംശയമില്ല എന്ന് പറയുന്നവരുമുണ്ട്.