ഒഴിഞ്ഞ വീടുകളുള്ള ഈ നാട്ടിലേക്ക് താമസം മാറാമോ? സൗജന്യമായി ഒരു വീടും 92 ലക്ഷം രൂപയും കിട്ടും!

Mail This Article
പച്ചയായ മേച്ചിൽപുറങ്ങൾ തേടിയുള്ള കുടിയേറ്റത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി ആളുകൾ കൂട്ടമായി കുടിയൊഴിഞ്ഞു പോകുന്നതിനാൽ ആളൊഴിഞ്ഞ ഗോസ്റ്റ് ടൗണുകളും ഗോസ്റ്റ് വില്ലേജുകളും രൂപപ്പെടുന്നത് ലോകമെങ്ങും സമസ്യയാണ്.
ഇത്തരം കുടിയിറക്കങ്ങളെ പ്രതിരോധിക്കാൻ പല രാജ്യങ്ങളും ഉദാരമായ പല പാർപ്പിട നയങ്ങളും രൂപീകരിക്കുന്നുണ്ട്. ഇറ്റലി കൊണ്ടുവന്ന 1 യൂറോ വീടുകൾ €1 (92.55 INR) അത്തരത്തിൽ ലോകശ്രദ്ധ നേടിയ പുനരധിവാസ പദ്ധതിയാണ്. സമാനമായ മറ്റൊരു പാർപ്പിട പദ്ധതിയുമായി എത്തിയിരിക്കുകയാണ് വടക്കൻ ഇറ്റലിയിലെ ട്രെൻറിനോ എന്ന ഗ്രാമം.
ആൽപ്‌സ് പർവതനിരകളുടെയും ഇറ്റാലിയൻ ഗ്രാമങ്ങളുടെയും മനോഹാരിത ആസ്വദിച്ച് ജീവിക്കാൻ സൗജന്യമായി ഒരു വീടും ഒപ്പം ഒരുലക്ഷം യൂറോയും (92 ലക്ഷം രൂപ) ലഭിച്ചാലോ? അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. പക്ഷേ ഉടനെ പെട്ടിയെടുത്ത് ഇറങ്ങാൻ നിൽക്കേണ്ട. ഈ ഓഫർ നിലവിൽ ഇറ്റലിയിലെ താമസക്കാർക്കും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇറ്റലിക്കാർക്കും മാത്രമാണ്.
പ്രകൃതി സൗന്ദര്യത്താൽ അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ട്രെൻറിനോയിലെ ആൽപൈൻ ഗ്രാമങ്ങൾക്ക്. എന്നാൽ കുടിയിറക്കം മൂലം പല ഗ്രാമങ്ങളുടെയും നിലനിൽപ് ഭീഷണിയിലാണ്. ഗ്രാമങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളിലെ പുതുതലമുറ നഗരങ്ങളിലേക്ക് കുടിയേറിയതോടെ പല ഗ്രാമങ്ങളും ആളൊഴിഞ്ഞ ഇടങ്ങളായി മാറി. ഗ്രാമത്തിലെ ജനസംഖ്യ കുറയുന്നതിനുള്ള പ്രശ്നപരിഹാരമെന്നോണമാണ് ഈ ആശയം ഭരണകൂടം മുന്നോട്ടു വയ്ക്കുന്നത്.

വീടിന്റെ നവീകരണത്തിനു 87000 യൂറോയും(74 ലക്ഷം രൂപ) വീട് വാങ്ങുന്നവര്‍ക്കു ഏകദേശം 20000 യൂറോയും (18.5 ലക്ഷം രൂപ) പ്രതിഫലമായി ലഭിക്കും.അതോടൊപ്പം ഒരു നിബന്ധന കൂടി ഭരണകൂടം മുന്നോട്ടു വയ്ക്കുന്നുണ്ട്, ഈ ഓഫർ സ്വീകരിക്കുന്ന വ്യക്തി കുറഞ്ഞതു 10 വർഷമെങ്കിലും അവിടെ താമസിക്കണം. അല്ലെങ്കിൽ അതേ കാലയളവിൽ ഒരു വാടകക്കാരന് ദീർഘകാലത്തേക്ക് വീട് വാടകയ്ക്ക് നൽകണം. അങ്ങനെ ചെയ്യാത്ത പക്ഷം തുക തിരികെ നൽകേണ്ടിവരും.
ജനസംഖ്യ ഗണ്യമായി കുറഞ്ഞതിനാൽ ആളൊഴിഞ്ഞ വീടുകളുടെ എണ്ണം താമസമുള്ള വീടുകളേക്കാൾ കൂടുതലാണ് ഈ പ്രദേശങ്ങളിൽ. ചില സ്ഥലങ്ങളിൽ ജനസംഖ്യ തീരെ കുറവായതിനാൽ പല അവശ്യ സേവനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പലചരക്ക് കടകൾ, സ്‌കൂളുകൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ നിത്യജീവിതത്തിൻറെ ഭാഗമായിട്ടുളള പലതും ഗ്രാമത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടതും ഒഴിഞ്ഞു കിടക്കുന്നതുമായ നിരവധി വീടുകളുടെ കൂമ്പാരമാണ് ഈ ഗ്രാമങ്ങൾ. അതിനാൽ 33 ഗ്രാമങ്ങളെയാണ് നവീകരണത്തിനു വേണ്ടി ഇപ്പോൾ പരിഗണിക്കുന്നത്.
ഇറ്റാലിയൻ ജനതയെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന അവരുടെ ഗ്രാമത്തിലേക്ക് ആകർഷിക്കുന്നതിനും പ്രാദേശിക നിർമാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വീടുകൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനും പ്രോത്സാഹനം നൽകാനായി അടുത്ത രണ്ട് വർഷത്തേക്ക് 10 മില്ല്യൺ യൂറോ (ഏകദേശം 92 കോടി രൂപ) നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ ഏപ്രിൽ മാസത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭരണകൂടം പറയുന്നു.