അന്ന് കർഷകർക്കുവേണ്ടി വാദിച്ചവരെ തീവ്രവാദികളാക്കി; ഇന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ കർഷകർ
Mail This Article
മാധവ് ഗാഡ്ഗിലിന്റെയും പിന്നാലെ വന്ന കസ്തൂരിരംഗന്റെയും റിപ്പോർട്ടുകളെ കേരളത്തിലെ മലയോര ജനത ശക്തമായി എതിർത്തപ്പോൾ കർഷകർക്കൊപ്പം നിന്നവരെ തീവ്രവാദികൾ എന്നു മുദ്രകുത്തിയ സമൂഹം ഇന്നും കർഷകന്റെ രക്തത്തിനായി ദാഹിക്കുന്ന രീതിയിൽ കർഷകർക്കെതിരേ മുറവിളി കൂട്ടുന്നു. 2012 മുതൽ മലയോര ജനത ഭയപ്പെട്ടിരുന്ന പ്രശ്നങ്ങൾ ഇന്ന് ഏറെക്കുറെ നടപ്പിലായിവരുന്നു. പരിസ്ഥി ലോല പ്രദേശങ്ങളും ബഫർസോണുമെല്ലാം മലയോര ജനതയുടെ തലയ്ക്കു മീതെ വാളു കണക്കെ തൂങ്ങിയാടുകയാണ്.
2012–14 കാലത്ത് ഈ റിപ്പോർട്ടുകൾക്കെതിരേ ശക്തമായി രംഗത്തെത്തിയവർ ഭയപ്പെട്ടിരുന്നതുതന്നെയാണ് ഇന്ന് മലയോര മേഖലയിൽ സംജാതമായിരിക്കുന്നത്. എന്നാൽ, അന്ന് നല്ല കാര്യത്തിനുവേണ്ടി ശബ്ദമുയർത്തിയവർക്ക് എവിടെയാണ് പാളിയത്? പാളിച്ച സംഭവിച്ചോ?
ഇരു റിപ്പോർട്ടുകളെയും നിശിതമായി എതിർക്കുകായിരുന്നു അന്ന് ചെയ്തത്. അതിന്റെ ശരിയും തെറ്റും ഭാവിയിൽ വന്നേക്കാവുന്ന പ്രശ്നങ്ങളുമെല്ലാം വിശദമായി സാധാരണക്കാരിലേക്കെത്തിക്കാൻ അന്നത്തെ പ്രതിഷേധക്കാർക്ക് കഴിഞ്ഞില്ല. ഫലമോ, പ്രതിഷേധക്കാരെ മാഫിയാ സംഘങ്ങൾ സഹായിച്ചുവെന്നും സ്വാർഥ താൽപര്യങ്ങളാണുള്ളതെന്നും പരിസ്ഥിതിവാദികൾ മുദ്രചാർത്തി. ഒടുവിൽ ചില തൽപരകക്ഷികൾക്കുവേണ്ടി മാത്രമാണ് പ്രതിഷേധമെന്ന് വരുത്തിത്തീർക്കാൻ പരിസ്ഥിതിവാദികൾക്ക് സാധിക്കുകയും ചെയ്തു.
ജൈവവൈവിധ്യത്തിന്റെ കേന്ദ്രബിന്ദുവായ മനുഷ്യന് അർഹിക്കുന്ന പരിഗണന നൽകാനോ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന സുരക്ഷിതത്വത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ സാമൂഹിക–സാമ്പത്തിക ആഘാത പഠനം നടത്താനോ ഗാഡ്ഗിലും കസ്തൂരിരംഗനും തയാറായിട്ടില്ല. മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ പാരിസ്ഥിതിക നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ സാമൂഹിക–സാമ്പത്തിക ആഘാതപഠനം നടത്തണമെന്ന അന്താരാഷ്ട്ര മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് ഇരുവരും റിപ്പോർട്ടുകൾ തയാറാക്കിയത്.
1989 മുതൽ കേന്ദ്ര സർക്കാർ വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി വിലോല മേഖലാ (ഇഎസ്എ) പ്രഖ്യാപനങ്ങൾ നടത്തിവരുന്നുണ്ട്. സംരക്ഷിത വനമേഖലകളുടെയും വന്യജീവി സങ്കേതങ്ങളുടെയും 10 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇഎസ്എ പ്രഖ്യാപിക്കുകയായിരുന്നു അന്നുമുതൽ പിന്തുടർന്നുപോന്ന രീതി. ശക്തമായ എതിർപ്പുകളുയർത്തിയ സംസ്ഥാനങ്ങളിൽ ഇതിന് മാറ്റവും വന്നിരുന്നു. കേരളത്തിൽ നിർദിഷ്ട വനത്തിനു പുറമേ കർഷകരുടെ കൃഷിഭൂമിയും വനമായി കണക്കാക്കിയായിരുന്നു ഇരു റിപ്പോർട്ടുകളും കർഷകർക്കെതിരേ തിരിഞ്ഞത്. പ്രകൃതിയുടെ സംരക്ഷണം മലയോര മേഖലയിൽ വസിക്കുന്ന കർഷകരുടെ ചുമലിൽ വച്ചുകൊടുക്കണം എന്ന് വാദിച്ചവരും ഏറെ.
ഗാഡ്ഗിൽ റിപ്പോർട്ട് വന്നിട്ട് ഏതാണ്ട് 8 വർഷം പിന്നിടുമ്പോൾ മലയോര ജനത അഭിമുഖീകരിക്കുന്നത് എന്താണ്? ഭാവിയിൽ എന്തു നടക്കുമെന്ന് കരുതി പ്രക്ഷോഭം നടത്തിയോ അത് നടപ്പിലാകുന്നത് കാണേണ്ടിവരുന്നു. സംസ്ഥാനത്ത് പല പ്രദേശങ്ങളിലെയും കർഷകർ കുടിയിറക്ക് ഭീഷണിയിലാണ്. രാഷ്ട്രീയ നേതാക്കളും സംസ്ഥാന സർക്കാരും ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നുള്ളത് ഏറ്റവും വേദനാജനകമായ കാര്യം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്ങനൊരു പരസ്യ സംസാരത്തിനു കഴിയില്ലെന്നു വാദിച്ചാലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപും കർഷകർക്കൊപ്പം നിൽക്കാമായിരുന്നല്ലോ എന്ന് ചോദിക്കേണ്ടിവരും. ഡൽഹിയിലെ കർഷക സമരത്തെ പിന്തുണച്ചവരൊന്നും കേരളത്തിലെ കർഷകരുടെ പ്രതിഷേധങ്ങൾ കണ്ടില്ലേ?
2012–14ലെ പ്രതിഷേധക്കാർക്ക് സംഭവിച്ച പാളിച്ച ഇനി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. കർഷകർ തന്നെ രൂപം നൽകിയ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ എന്ന കിഫയുടെ പ്രവർത്തനരീതി പ്രശംസിക്കേണ്ടതാണ്. ഇഎസ്എ, ഇഎസ്‌സെഡ് പ്രശ്നങ്ങൾ എന്തുകൊണ്ട് എതിർക്കുന്നു, എന്താണ് കർഷകർക്ക് സംഭവിക്കുന്നത് എന്നിങ്ങനെ ഓരോ കാര്യവും അക്കമിട്ട് നിരത്തി ജനങ്ങളെ ബോധവൽകരിക്കാൻ കിഫയ്ക്ക് കഴിയുന്നുണ്ട്, കഴിഞ്ഞിട്ടുണ്ട്. 5 വർഷങ്ങൾക്കു മുൻപ് പ്രക്ഷോഭം നടത്തിയവർ ചെയ്യേണ്ടിയിരുന്നതും ഇതായിരുന്നു.
ഇഎസ്എയ്ക്കുവേണ്ടി 2011 ഫെബ്രുവരിയിൽ കേന്ദ്ര വന്യജീവി വിഭാഗം പുറത്തിറക്കിയ ഉത്തരവ് നോക്കുക. ഇവിടെ മരം മുറിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. വാണിജ്യാവശ്യത്തിന് രാത്രികാല ഗതാഗതം പാടില്ല. കൃഷി രീതികൾ മാറ്റുന്നതിനും കുഴൽകിണറുകൾക്കും നിയന്ത്രണം. റോഡ് വീതികൂട്ടുന്നതിനും വിദേശ വിളകൾ കൃഷി ചെയ്യുന്നതിനും നിയന്ത്രണം. തോട്ടങ്ങളും കൃഷിഭൂമികളും മുൻപ് കടുവകളുടെയോ ആനകളുടെയോ സഞ്ചാരപഥങ്ങളായിരുന്നുവെങ്കിൽ അത്തരം ഭൂമികൾ ഏറ്റെടുത്ത് വനമാക്കി മാറ്റാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കസ്തൂരിരംഗൻ സമിതി നിർദേശിക്കുന്നു.
ചുരുക്കത്തിൽ ജനജീവിതം സ്തംഭിക്കും. കർഷകർ കൃഷി ഉപേക്ഷിക്കേണ്ടിവരും. കൃഷിക്കു പുറമേ വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യസേവനം, വാഹനഗതാഗതം എന്നീ മേഖലകളെല്ലാം മുരടിക്കും. രാഷ്ട്രീയ നേതൃത്വത്തിനു പകരം എൻജിഒകൾ നയം തീരുമാനിക്കുന്നതാണ് ഈ ദുസ്ഥിതിക്കു കാരണം. പരിസ്ഥിതി മലിനീകരണത്തിനും പരിസ്ഥിതിയുടെ നാശത്തിനും കാരണം മലയോര മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളാണെന്ന് നഗരങ്ങളിലെ വലിയ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഇരുന്ന് വാദിക്കുന്ന പരിസ്ഥിതി സംരക്ഷകർ ഒരിക്കലെങ്കിലും കാർഷിക മേഖലയിലേക്ക് എത്തിനോക്കിയിട്ടുണ്ടോ? അങ്ങനെയുള്ളപ്പോൾ പരിസ്ഥിതി സംരക്ഷണം നടത്തേണ്ടത് മലയോര ജനതയുടെ മണ്ണിലാണോ? കെട്ടിടങ്ങൾ ഉയരുന്ന നഗരങ്ങളിലല്ലേ?
English summary: Farmers and Gadgil-Kasthurirangan Reports