ADVERTISEMENT

തീനാളംപോലെ ചുവപ്പു കലർന്ന ഓറഞ്ച് പൂങ്കുലകളുമായി സ്കാർലെറ്റ്‌ ജേഡ് വൈൻ നമ്മുടെ ഉദ്യാനങ്ങളിലെ  ഇഷ്ട ഇനമായി മാറുന്നു. പപ്പുവ ന്യൂഗിനിയ ജന്മദേശമായുള്ള ഈ വള്ളിച്ചെടി മലമ്പ്രദേശങ്ങളിലും സമതലത്തിലും ഒരുപോലെ വളരുകയും പുഷ്പിക്കുകയും ചെയ്യും. തൂങ്ങിക്കിടക്കുന്ന പൂങ്കുലകളിൽ തത്തമ്മയുടെ ചുണ്ടിനോടും പയറിന്റെ പൂവിനോടുമൊക്കെ സാദൃശ്യമുള്ള വലിയ പൂക്കൾ ഒരു സമയം 40 മുതല്‍  70 എണ്ണം വരെ ഉണ്ടാകും.  ഒരടിക്കുമേൽ നീളമുള്ള കുലയിലെ പൂക്കൾ ഒന്നൊന്നായാണ് വിരിയുന്നത്. 

നായ്ക്കുരണ ചെടിയുടെ ജനുസിൽപ്പെടുന്നതാണെങ്കിലും ഈ അലങ്കാരച്ചെടിക്കു നായ്ക്കുരണയ്ക്കുള്ളതുപോലെ ഇലകളിലും കായ്കളിലും ചൊറിച്ചിലുണ്ടാക്കുന്ന രോമങ്ങൾ ഇല്ല. പുഷ്പിണികളായ  മറ്റു വള്ളിച്ചെടികളിൽനിന്നു വ്യത്യസ്തമായി ജേഡ് വൈനിന്റെ പൂങ്കുലകൾ ഞാന്നു കിടക്കുന്നതുകൊണ്ട്  ഈ നിത്യഹരിതപ്പൂച്ചെടി തണൽപന്തൽ ഒരുക്കാനും  ട്രെല്ലിസ്, ഗാസിബോ ഇവയിൽ പടർത്തിക്കയറ്റാനും യോജ്യം. എങ്കിലേ തലയ്ക്കു മേലെ ചെമ്മാനം ഒരുക്കുന്ന പൂക്കൾ കൂടുതൽ ഭംഗിയോടെ കണ്ട് ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. മരങ്ങളുടെ മുകളിലേക്കു പടർത്തി വിടാനും നന്ന്. 

പടർന്നു വളരുന്ന തണ്ടുകളുടെ മുട്ടുകളിൽ 3 ഇലകൾ ഒരുമിച്ചാണ് ക്രമീകരിച്ചിരിക്കുക. വേഗത്തിൽ വളരുന്ന ഈ വള്ളിച്ചെടിയുടെ ഇലകളുള്ള ഇളം തണ്ടുകളില്‍നിന്നും ഒരു വർഷത്തിനു മേൽ പ്രായമായ, ഇലകൾ കൊഴിഞ്ഞു പോയ തണ്ടിന്റെ മുട്ടുകളിൽനിന്നുമെല്ലാം  പൂക്കൾ ഉണ്ടായി വരും. പൂക്കളിൽ തേൻ ഉള്ളതുകൊണ്ട് തേനീച്ചകൾ കൂട്ടത്തോടെ വിരുന്നെത്തുന്നു.  മഴക്കാലത്ത് മറ്റു ചെടികൾ പൂവിടാൻ മടിച്ചു നിൽക്കുമ്പോൾപോലും ജേഡ് വൈൻ പൂത്തുലയും.   കടുത്ത ചൂടില്ലാത്ത  സമയത്തു വീണ്ടും പൂവിടാറുണ്ട്. അനുകൂല പരിസ്ഥിതിയിൽ പൂക്കൾ 3 ആഴ്ചയോളം കൊഴിയാതെ നിൽക്കും. നമ്മുടെ കാലാവസ്ഥയിൽ കായും വിത്തുമൊന്നും ചെടി ഉല്‍പാദിപ്പിക്കാറില്ല. 

red-jade-vine-3

പൂക്കളുടെയും സസ്യപ്രകൃതിയുടെയും കാര്യത്തിൽ ഫിലിപ്പീൻസ് സ്വദേശിയായ എമറാൾഡ് ജേഡ് വൈൻ ചെടിയുമായി ഇതിനു സാമ്യമുണ്ടെങ്കിലും എമറാൾഡ് ജേഡ് വൈൻ നമ്മുടെ സമത ലങ്ങളിൽ സാധാരണയായി പുഷ്പിക്കാറില്ല.

നടീൽ

ഏറെ  പ്രായമാകാത്ത കമ്പുകളാണ് നടീല്‍വസ്തു.  ഒന്നിൽ കൂടുതൽ മുട്ടുകളും ഒരടിയെങ്കിലും നീളവുമുള്ള കമ്പു വേണം തിരഞ്ഞെടുക്കാന്‍. വലിയ നഴ്സറികവറിൽ നിറച്ച മിശ്രിതത്തിൽ കമ്പ് നടാം. നടുന്നതിനു മുൻപ് വിപണിയിൽ ലഭ്യമായ റൂട്ടിങ് ഹോർമോണിൽ മുറിഭാഗം മുക്കുന്നത് വേഗത്തിൽ വേരുകളും നാമ്പും ഉണ്ടാകാന്‍ ഉപകരിക്കും. ഇലകളുടെ ഞെട്ടു മാത്രം നിർത്തി ബാക്കി നീക്കം ചെയ്ത ശേഷം വേണം നടാൻ. ചുവന്ന മണ്ണും ചകിരിച്ചോറും വളമായി ചാണകപ്പൊടിയും സ്യൂഡോമോണാസ് പൊടിയും കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിലാണ് നടേണ്ടത്. പാതി തണൽ കിട്ടുന്നിടത് വച്ചുവേണം വളര്‍ത്താൻ. മിശ്രിതത്തിലെ ഈർപ്പം കുറയുന്നതായി കണ്ടാൽ മിശ്രിതം മാത്രം നനയ്ക്കുക. ആവശ്യത്തിന് പുതിയ നാമ്പും ഇലകളുമായാൽ സ്ഥിരമായി വളർത്തേണ്ടിടത്തേക്കു  മാറ്റി നടാം.

പരിപാലനം

വെള്ളം അധികസമയം തങ്ങിനിൽക്കാത്തതും 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നതുമായ സ്ഥലത്ത്  ഈ വള്ളിച്ചെടി വളർത്താം.  ഒരടി സമചതുരത്തിലും ആഴത്തിലും എടുത്ത കുഴിയിൽ ചാണകപ്പൊടി കലർത്തിയ മിശ്രിതം നിറയ്ക്കണം. ഇതിനു നടുക്കു തീര്‍ത്ത പിള്ളക്കുഴിയിലേക്കു കമ്പ്, അതു  വളർത്തിയെടുത്ത മിശ്രിതം ഉൾപ്പെടെ മാറ്റി നടാം.  അതിനു മുന്‍പ്  കവർ നീക്കം ചെയ്യണം.  പ്രാരംഭദശയിൽ വള്ളികൾ പടർന്നു കയറാൻ പറ്റിയ ബലമുള്ള താങ്ങു നൽകണം. 

red-jade-vine-2

ധാരാളം ശാഖകളുമായി വേഗത്തിൽ വളരുന്ന ജേഡ് വൈൻ ആവശ്യത്തിനു ബലമുള്ള പെർഗോളയിലേക്കോ ട്രെല്ലീസിലേക്കോ പടര്‍ത്തിവിടണം.  നല്ല  വളർച്ചയായാൽ ചെടിയുടെ ചുവടുഭാഗത്തിന് നല്ല ബലവും വണ്ണവുമെല്ലാമായി വലിയ കുറ്റിച്ചെടിപോലെയാകും. തണ്ടുകൾക്കു  നല്ല ബലം വയ്ക്കുകയും ചെയ്യും.

നമ്മുടെ നാട്ടിലെ സമതലങ്ങളിൽ വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ പൂവിടുന്ന ജേഡ് വൈൻ, പൂക്കൾ മുഴുവനായി കൊഴിഞ്ഞ ശേഷം കൊമ്പുകോതണം. പൂവിട്ടുകഴിഞ്ഞ കൊമ്പുകളാണ് മുറിച്ചു നീക്കേണ്ടത്. എങ്കിലേ പുതുതായി ഉണ്ടായി വരുന്ന കമ്പുകളിൽ അടുത്ത അനുകൂല സാഹചര്യത്തിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. 

വേനൽക്കാലത്ത് വേരിനു ചുറ്റും ഉണങ്ങിയ ഇലകൾ പുതയിടുന്നതു നന്ന്. ജൈവവളങ്ങളായ ആട്ടിന്‍കാഷ്ഠം, ചാണകപ്പൊടി, മണ്ണിര കംപോസ്റ്റ് ഇവയെല്ലാം വളമായി നൽകാം. കാലാവസ്ഥ അനുസരിച്ചു മാത്രം നനയ്ക്കുക. വേനൽക്കാലത്ത് നന തീരെ കുറഞ്ഞാൽ ഇലകൾ ക്രമാതീതമായി പൊഴിയാനിടയുണ്ട്.  മറ്റ് അലങ്കാരച്ചെടികളെ അപേക്ഷിച്ച് നല്ല കായബലമുള്ള ജേഡ് വൈനിൽ രോഗ, കീടബാധ തീരെ കുറവാണ്.

English Summary:

Transform Your Garden with the Fiery Elegance of the Scarlet Jade Vine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com