ADVERTISEMENT

ഓമന മൃഗങ്ങളെ മുതൽ ഉരഗങ്ങളെ വരെ ചികിത്സിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. അതുകൊണ്ടുതന്നെ അവരുടെ സർവീസ് കാലഘട്ടത്തിൽ ഒരുപാട് നർമ മുഹൂർത്തങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ടാകും. അങ്ങനെ ഒരു അനുഭവകുറിപ്പാണ് എനിക്കു പറയാനുള്ളത്.

ഞാൻ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സേവനം അനുഷ്ടിച്ചത്. മലപ്പുറത്ത് കൊണ്ടോട്ടി വെറ്ററിനറി ഹോസ്പിറ്റലിൽ സീനിയർ വെറ്ററിനറി സർജനായി ജോലി നോക്കിയപ്പോൾ ഉണ്ടായ അനുഭവമാണ് ഇവിടെ പങ്കു വയ്ക്കുന്നത്. 2008 കാലഘട്ടമാണ്. അന്നൊരു ദിവസം ഹോസ്പിറ്റലിൽ അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു. ഒരാൾ കാറുമായി വന്നിട്ട് എന്നോട് അയാളുടെ കൂടെ ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ അയാളുടെ തത്തയെ പരിശോധിക്കണം എന്നാണ് അയാൾ പറഞ്ഞത്. തിരക്ക് കഴിഞ്ഞിട്ട് പോകാം താങ്കൾ അവിടെ കാത്തിരിക്കൂ എന്നു ഞാനയാളോടു പറഞ്ഞു. 

കുറെ കഴിഞ്ഞ് തിരക്കുകൾ കുറഞ്ഞപ്പോൾ വീണ്ടും അയാൾ എന്റടുത്തുവന്ന് ‘പോകാം സർ’ എന്നു പറഞ്ഞു. ഞാൻ ശരിപോകാം എന്നു പറഞ്ഞ് അയാൾ കൊണ്ടുവന്ന ടാക്സിയിൽ കയറി. ടാക്സി നേരെ പോയത് കരിപ്പൂർ എയർപോർട്ടിലേക്കാണ്. ഇവിടെ എന്താ കാര്യം എന്ന് ചോദിച്ചപ്പോഴാണ് അയാൾ കഥകൾ പറഞ്ഞത്. 

ഇയാൾ അന്നു ദുബായിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ റസാഖ് (പേര് സാങ്കൽപികം) എന്നയാളാണ്. റസാഖ് 45,000 രൂപ വിലയുള്ള ഒരു തത്തയെയും കൊണ്ടാണ് ദുബായിൽനിന്നു വന്നത്. പക്ഷേ കസ്റ്റംസ് തത്തയെ പിടിച്ചുവച്ചിരിക്കുകയാണ്. വെറ്ററിനറി സർജൻ വന്ന് സർട്ടിഫിക്കറ്റ് നൽകിയാലെ തത്തയെ വിട്ടു നൽകൂ എന്നാണ് കസ്റ്റംസ് റസാഖിനോട് പറഞ്ഞത്. 

ഓ... അത്രയെയുള്ളോ, അത് "ഇപ്പ ശരിക്കിത്തരാം" എന്നു പറഞ്ഞ് ഞാൻ കസ്റ്റംസുകാരുടെ അടുത്തക്കു പോയി. കസ്റ്റംസ് ഓഫീസറുമായി ഞാൻ സംസാരിച്ചു. അപ്പോൾ അദ്ദേഹം പറയുന്നത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മൃഗങ്ങളെ മറ്റു രാജ്യങ്ങളിൽനിന്നും ഇറക്ക്മതി ചെയ്യുന്നതിന് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ നിരോധനമുണ്ട്. ഡോക്ടർ അനുമതി നൽകിയാൽ അവർ തത്തയെ റസാഖിന് വിട്ടുകൊടുക്കാം എന്നു പറഞ്ഞു. 

ഞാനാകെ പ്രതിസന്ധി ഘട്ടത്തിലായി. റസാഖ് എന്റെ പിന്നാലെ തന്നെ പിറുപിറുത്തുകൊണ്ട് നടക്കുന്നുമുണ്ട്. വിഷമഘട്ടങ്ങളിൽ ഞാൻ ഉപദേശം തേടുന്നത് ഡോക്ടർ കണാരൻ സാറിനോടാണ്. ഞാൻ ഉടനെ കണാരൻ സാറിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. പക്ഷിമൃഗാദികളെ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെ നിരോധനം നിലനിൽകുന്നുണ്ടെന്നും വിഷയം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും വേണമെങ്കിൽ തിരുവനന്തപുരത്തേക്കൊന്നു വിളിച്ച് ചോദിക്ക് എന്നും കൊച്ചിൽ ഹനീഫ സ്റ്റെലിൽ കാണാരൻ സാർ ഉപദേശിച്ചു.

അങ്ങനെ ഞാൻ തിരുവനന്തപുരത്തേക്കു വിളിച്ച് Animal Disease control Sectionലെ ഡപ്യൂട്ടി ഡയറക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം എല്ലാം കേട്ടു കഴിഞ്ഞിട്ട് രണ്ട് വഴി എന്നോട് പറഞ്ഞു. ഒന്നുകിൽ തത്തയെ ദുബായിലേക്കു തന്നെ തിരിച്ചയയ്ക്കുക, അല്ലങ്കിൽ അടുത്ത 21 ദിവസം തത്തയെ ക്വാറന്റൈനിൽ വച്ചിട്ട് അസുഖലക്ഷണങ്ങൾ ഒന്നുമില്ലന്ന് ഉറപ്പാക്കിയ ശേഷം ഉടമസ്ഥനു വിട്ടു നൽകുക. അസുഖലക്ഷണം കാണുകയാണങ്കിൽ തത്തയെ ദയാവധത്തിനു വിധേയമാക്കി മൃതദേഹം കത്തിച്ചു കളയണം. ഒരു കാര്യം കൂടി അദ്ദേഹം കൂട്ടി ചേർത്തു, മൃഗങ്ങൾക്കുള്ള ക്വാറന്റൈൻ സൗകര്യം കേരളത്തിൽ ലഭ്യമല്ല. അതുകൊണ്ട് തത്തയെ അതിനായി ചെന്നൈയിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. 

ബെസ്റ്റ്... ഇതൊക്കെ ഞാൻ എങ്ങനെ റസാഖിനോടു പറയും. അദ്ദേഹമാണങ്കിൽ 45000 രൂപ വിലയുള്ള തത്തയാണ് സർ, എങ്ങനെയെങ്കിലും രക്ഷപെടുത്തി തരണം എന്നും പറഞ്ഞ് ദിലീപിന്റെ പിന്നാലെ ഹരിശ്രീ അശോകൻ നടക്കുന്നതുപോലെ എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. ഞാൻ മനസ്സില്ലാ മനസ്സോടെ കാര്യങ്ങളെല്ലാം റസാഖിനെ അറിയിച്ചിട്ട് പറഞ്ഞു ഇനി നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ എന്നെ എന്റെ ഹോസ്പിറ്റലിലേക്ക് തിരിച്ചെത്തിക്കണം. എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് റസാഖ് എന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചെത്തിച്ചു. 

റസാഖിന്റെ അപ്പോഴത്തെ അവസ്ഥയിൽ ഞാനും അസ്വസ്ഥനായിരുന്നു. പ്രശ്നം എന്നിൽ നിന്നും ഒഴിഞ്ഞതിന്റെ സമാധാനത്തിൽ ഞാൻ വീണ്ടും ജോലിയിൽ മുഴുകി. അടുത്ത രണ്ട് ദിവസം സാധാരണ പോലെ നീങ്ങി. എന്നാൽ മൂന്നാം ദിവസം തിരുവനന്തപുരത്തുനിന്നു വിളി വന്നു. തത്ത ഇപ്പോൾ എവിടെയാണുള്ളത് എന്നും അതിന്റെ ആരോഗ്യസ്ഥിതി റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഞാൻ വീണ്ടും പെട്ടു. ഞാൻ എയർപോർട്ടിൽ പോയി തത്തയെ അന്വേഷിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആരും അവിടെ ഇല്ലാത്തതിനാൽ യാതൊരു വിവരവും ലഭിച്ചില്ല. അടുത്തടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ഈ ആവശ്യവുമായി നിരന്തരമായി എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാൻ പല വിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. പിന്നീട് തിരുവന്തപുരത്ത് നിന്നുള്ള വിളി വന്നില്ല. എനിക്ക് ആശ്വാസമായി. ഇനി വരാനിരിക്കുന്ന അടുത്ത കുരിശ് എന്താണാവോ എന്നതിനെ കുറിച്ച് ആലോചിച്ച് ഞാനങ്ങനെയിരിക്കുമ്പോൾ നല്ല ഹൈറ്റും വൈറ്റും ഉള്ള ഒരാൾ എന്റെ റൂമിലേക്കു വന്ന് എന്റെ മുന്നിലെ കസേരയിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു.

‘‘ഡോക്ടറെ, എന്റെ വീട്ടിൽ ഗജവീരന്മാരായ മൂന്ന് അൾസേഷ്യൻ നായ്ക്കൾ ഉണ്ട്. രാത്രിയാകുമ്പോൾ ഇവന്മാർ നിർത്താതെ കുരച്ചുകൊണ്ടിരിക്കും. അതു കാരണം എനിക്ക് ഉറങ്ങാൻ കഴിയാറില്ല.’’ പുള്ളി തന്നെ അതിന് പരിഹാരവും പറഞ്ഞു തന്നു. ‘‘ഡോക്ടർ ഇവന്മാർക്ക് കൊടുക്കാനുള്ള ഉറക്കഗുളിക കുറിച്ച് തരണം. ഞാനത് രാത്രി പാലിൽ കലർത്തി കൊടുത്തോളം. അപ്പോൾ അവന്മാരുടെ ശല്യം ഒഴിവായി കിട്ടുമല്ലോ’’. ‘‘ശരി,

അങ്ങനെയായിക്കോട്ടെ’’. എന്നു പറഞ്ഞ് ശീട്ട് എഴുതിക്കൊടുത്തിട്ട് ഞാൻ പറഞ്ഞു.  ‘‘ഇതിൽ ചെറിയ ഒരു ഉറക്കഗുളികയ്ക്ക് എഴുതിയിട്ടുണ്ട്. എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടും. അത് വാങ്ങിച്ചോളൂ’’ അപ്പോൾ അദ്ദേഹം ചോദിച്ചു.  ‘‘മൂന്ന് നായകൾക്കും കൂടി ഒരു ഗുളിക മതിയോ. ഡോക്ടറേ? ഞാൻ പറഞ്ഞു. ‘‘ഈ ഒരു ഗുളിക താങ്കൾക്കാണ്‌. അതു കഴിച്ച് താങ്കൾ നന്നായി ഉറങ്ങിക്കോളൂ. പട്ടികൾ കുരച്ചുകൊണ്ട് അതിന്റെ ഡ്യൂട്ടി നിർവഹിക്കട്ടെ’’. അതു കേട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. എന്നിട്ട് എനിക്കൊരു ഷേക്ക് ഹാൻഡും തന്ന് ഇറങ്ങിപ്പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com