'മരിക്കുമ്പോൾ മായിക്കുട്ടിയെ കണ്ടു വേണം എനിക്ക് മരിക്കാൻ'; ആ പാവം മനുഷ്യന്റെ അവസാന ആഗ്രഹമായിരുന്നു അത്...

Mail This Article
എന്റെ ബാല്യകാലം കൂടുതലും അമ്പലപ്പുഴ കാക്കാഴത്തു ചെത്തിക്കാട് എന്ന വീട്ടിലായിരുന്നു. അവിടെ എന്റെ അമ്മയുടെ അമ്മയും അച്ഛനും അവരുടെ മകനും ഇളയ മകളും സർവോപരി ശങ്കരപിള്ളയും ഉണ്ടായിരുന്നു. എന്റെ അപ്പൂപ്പൻ കേരളത്തിൽ പ്രശസ്തമായ ഒരു അമ്പലത്തിലെ മാനേജർ ആയിരുന്നു. ഒരു ദിവസം അദ്ദേഹം അമ്പലത്തിൽ നിൽക്കുമ്പോൾ "തമ്പ്രാ, വല്ലതും തരണേ, എനിക്ക് വല്ലാതെ വിശക്കുന്നു" എന്നൊരു വിളികേട്ടു. ‘തമ്പ്രാ’ വിളികേട്ടു അപ്പൂപ്പൻ ഞെട്ടിപ്പോയി. എല്ലാവരും ‘സാർ’ ‘മാടം’ എന്ന വാക്കുകളെ ഉള്ളല്ലോ. അപ്പൂപ്പൻ നോക്കിയപ്പോൾ, കഷ്ടിച്ച് പതിന്നാലു വയസ്സുള്ള ഒരു ആൺകുട്ടിയാണ്. മാസങ്ങളായിട്ടു വെട്ടാത്ത തലമുടി വളർന്നു തോളറ്റം കിടപ്പുണ്ട്. വേഷമാണെങ്കിൽ ഒരു ചെറിയ തോർത്ത്, അവനെക്കാളും രണ്ടിരട്ടി വലിപ്പമുള്ള ആരുടെയോ പഴയ ഷർട്ട്.
"നിന്റെ പേര്?" "ശങ്കരൻ." "വീടെവിടെ?" അമ്പലത്തിന്റെ മൂലയ്ക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു. "അതാ, അവിടെ." "അച്ഛനും അമ്മയും?" "അറിഞ്ഞൂടാ." അപ്പൂപ്പൻ ഉടൻ തന്നെ അമ്പലത്തിൽ നിന്ന് ഒരു പൊതിച്ചോറും അൽപം പായസവും വാങ്ങിക്കൊടുത്തു. സ്വർഗം കിട്ടിയ വാശിയോടെ നിമിഷങ്ങൾക്കുള്ളിൽ തിന്നു തീർത്തു. കുട്ടിയെ വെളിയിൽ കൊണ്ടുപോയി മുടി വൃത്തിയായി വെട്ടി. കുട്ടിക്ക് ചേരുന്ന രണ്ടു ജോഡി വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു. തിരികെ കൊണ്ട് വന്നു അമ്പലക്കുളത്തിൽ കുളിപ്പിച്ചു. അവനെയും കൂട്ടി ബസ്സിൽ കയറി കാക്കാഴം സ്കൂളിന്റെ വാതിക്കൽ വന്നു. കിഴക്കോട്ടു കുറച്ചുനടന്നു. വടക്കോട്ടുള്ള വഴിയിൽ കൂടി അൽപം നടന്നപ്പോൾ പനിനീർ റോസിന്റെ നിറമുള്ള ചെത്തിപ്പൂക്കൾ തൂങ്ങിക്കിടക്കുന്ന വള്ളികൾ കൊണ്ട് വേലി കെട്ടിയ ഒരു വീടിന്റെ വാതിക്കൽ എത്തി. ഗേറ്റിനു പച്ച നിറമാണ്.
അവിടെ നിന്ന് ‘ജാനു’ എന്ന് വിളിച്ചു. ഒരു സ്ത്രീ ഓടി വന്നു. പൊന്നിന്റെ നിറവും മുട്ട് വരെ തലമുടിയുമുണ്ട്. ഓടിട്ട വീടാണ്. അറയുമുണ്ട്. തെക്കുവശത്തു കായ്കൾ, ധാരാളമുള്ള ഒരു വാളൻപുളി, അൽപം പടിഞ്ഞാറുമാറിയൊരു മാവും. ഓരോ മാങ്ങക്കും ഒരു കരിക്കിന്റെ വലിപ്പമുണ്ട്. ആ പുരയിടത്തിൽ രണ്ടു കുളങ്ങളുമുണ്ട്. വടക്കുവശത്തു പടിഞ്ഞാറോട്ടു പോകുന്ന തോടും. അതിൽ കൂടി വള്ളങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു. ഉടൻ തന്നെ അമ്മൂമ്മ ഒരു പാത്രം നിറയെ കഞ്ഞി കൊടുത്തു. ചെറുപയർ തോരനും രണ്ടു പപ്പടവും കിട്ടി. അടുക്കളയുടെ തെക്കുവശത്തായി ഒരു ചെറിയ മുറിയിൽ ചെറിയ കട്ടിലും മെത്തയും ഒരുക്കി. കുറച്ചു കഴിഞ്ഞപ്പോൾ നല്ല വെളുത്ത നിറമുള്ള ഒരു പെൺകുട്ടി ഓടി വന്നു. അപ്പൂപ്പൻ അതിനെ വാരിയെടുത്തു. "ഇതാണ് ഞങ്ങളുടെ മായിക്കുട്ടി."
പണ്ട് ആരോ വെള്ളക്കാർ കാശ്മീരിൽ ആയിരുന്നപ്പോൾ പറഞ്ഞു- ലോകത്ത് സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്. ശങ്കരന് ആ വീട് സ്വർഗ്ഗതുല്യമായിരുന്നു. ഇതിനിടയിൽ മായിക്കുട്ടിയെ രണ്ടു കിലോമീറ്റർ ദൂരെയുള്ള സ്കൂളിൽ കൊണ്ടാക്കാനും വൈകുന്നേരം വിളിച്ചുകൊണ്ടുവരാനും ധാരണയായി. ഉച്ചക്ക് ചോറ് കൊടുക്കണം. അപ്പോൾ ഒരു അണക്കു ഒരു പാൽപ്പായസവും വാങ്ങിക്കൊടുത്തിരുന്നു. ചില ദിവസങ്ങളിൽ വലിയ പാത്രം കൊണ്ടുവന്നു പായസം വീട്ടിൽ കൊണ്ടുപോകും. താമസിയാതെ അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു. മായിക്കുട്ടിയെ അതിന്റെ അച്ഛനും അമ്മയും കൊണ്ടുപോയി. ശങ്കരൻ അവിടെത്തന്നെ താമസിച്ചു. വരുന്നവരെല്ലാരും പൈസ കൊടുത്തിട്ടു പോകും. അതെല്ലാം ഒരു കൊച്ചു പെട്ടിയിൽ സൂക്ഷിച്ചു.
മായിക്കുട്ടിക്ക് ഏകദേശം പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഒരു ദിവസം ശങ്കരപിള്ളയും മായിക്കുട്ടിയുടെ അമ്മാവനുമായി വീട്ടിൽ വന്നു. ശങ്കരപിള്ളയെ കണ്ടിട്ട് വലിയ അവശനായിട്ടു തോന്നി. കയ്യിൽ ചെറിയ പെട്ടിയുമുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് കൂടും. മായിക്കുട്ടിയെ കണ്ടയുടനെ ആ കൂടു അവളുടെ കയ്യിൽക്കൊടുത്തു. അപ്പോൾ അമ്മാവൻ പറഞ്ഞു, ശങ്കരപിള്ളക്ക് എന്തോ വലിയ അസുഖമാണ്. അമ്പലപ്പുഴയിലെ ഡോക്ടർ പറഞ്ഞു, അധികനാൾ കാണുകയില്ല. ശങ്കരപ്പിള്ള പറഞ്ഞു. "എനിക്ക് മരിക്കുമ്പോൾ മായിക്കുട്ടിയെ കണ്ടു മരിക്കണം".
കൊച്ചുപെട്ടിയും, പഴയ കുറെ വസ്ത്രങ്ങളും, ഇരുപത്തിയെട്ടു രൂപയും. മായിക്കുട്ടിയുടെ അമ്മ എട്ടു രൂപ എടുത്തു. ബാക്കി ഇരുപതു രൂപയും തിരിച്ചു കൊടുത്തു. അച്ഛൻ ശങ്കരപിള്ളയെ വിദഗ്ധ ഡോക്ടറെ കാണിച്ചു. അദ്ദേഹം അമ്പലപ്പുഴ ഡോക്ടർ പറഞ്ഞത് തന്നെ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു. മായിക്കുട്ടി സ്കൂളിൽ നിന്ന് വന്നപ്പോൾ വലിയ ഏങ്ങലടിക്കുന്ന ശബ്ദം കേട്ടു. ശങ്കരപ്പിള്ളയുടെ മൃതദേഹം താഴെ ഒരു മെത്ത പായയിൽ കിടത്തിയിരിക്കുന്നു.
മായിക്കുട്ടി എന്ന ഞാൻ ഈയിടെ എൺപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു. ഇരുപത്തിയൊന്ന് വയസ്സിൽ വിവാഹിതയായി. പതിനഞ്ചു വർഷത്തെ വിദേശവാസം കഴിഞ്ഞു തിരിച്ചുവന്നു. മൂന്നു മക്കൾ. മകൻ എഞ്ചിനീയർ, രണ്ടു പെൺമക്കളും ഡോക്ടർമാർ. ഇളയമകളുടെ കൂടെ കഴിയുന്നു. കാക്കാഴത്തു ഇന്നും ജീവിച്ചിരിക്കുന്ന ചിലരെങ്കിലും ആ സാധു മനുഷ്യനെപ്പറ്റി ഓർക്കുന്നുണ്ടാകും. ആ പുണ്യ മനുഷ്യന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നിർത്തട്ടെ.